ADVERTISEMENT

കവിയും നിരൂപകനുമായ എ.കെ.രാമാനുജൻ ഇന്ത്യയുടെ നാനാത്വത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത് ഒരു ഐറിഷുകാരന്റെ കഥയാണ്. ട്രൗസേഴ്സ് ഏകവചനമാണോ ബഹുവചനമാണോ എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി, ‘മുകളിൽ ഏകവചനം, താഴെ ബഹുവചനം’ എന്നായിരുന്നു. രാമാനുജന്റെ ഈ വാക്കുകൾ സുനിൽ ഖിൽനാനി ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. വൈവിധ്യങ്ങൾക്കിടയിലും ഏകാത്മകതയെ(Unity) മുറുകെപ്പിടിക്കുന്ന ഫെഡറൽ ഘടനയുള്ള ഇന്ത്യൻ റിപ്പബ്ലിക്കിനും ഈ  നിർവചനം ചേരും. വൈവിധ്യങ്ങളുടെ കരുത്തും ചലനാത്മകതയും നിലനിർത്തിക്കൊണ്ടു തന്നെ ഇന്ത്യയെ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ഭരണഘടനാ നിർമാണ സഭയ്ക്കു നാം നന്ദി പറയേണ്ടിയിരിക്കുന്നു.

റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ

    സംസ്ഥാനങ്ങൾക്ക് അധികാരങ്ങൾ നൽകിയപ്പോൾത്തന്നെ അവയെയെല്ലാം ഒരുമിപ്പിച്ചുനിർത്തി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അഖണ്ഡത ഉറപ്പാക്കാൻ കേന്ദ്രത്തിനു കരുത്തേകും വിധം വകുപ്പുകളുണ്ടാക്കി. 

വെല്ലുവിളികളെ അതിജീവിച്ച്

ഭരണഘടനാ നിർമാണ സഭ യോഗം ചേരുമ്പോൾ പുറത്തു ലോകം ഇളകിമറിയുകയായിരുന്നു. കശ്മീരിലെ ഏറ്റുമുട്ടലുകൾ, കോൺഗ്രസ്–ലീഗ് വൈരം, വിഭജനം, ഗാന്ധിവധം തുടങ്ങിയവ വലിയ അലയൊലികൾ ഉയർത്തി. അത്തരം കൊടുങ്കാറ്റുകളിൽ കുലുങ്ങാതെ നാം റിപ്പബ്ലിക്കായി മാറി. ഭരണഘടനാ നിർമാണ സഭയിൽ നടത്തിയ അവസാനപ്രസംഗത്തിൽ അംബേദ്കർ എടുത്തുപറഞ്ഞൊരു കാര്യമുണ്ട്: ‘1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്രരാജ്യമായി മാറും’. അതുവരെയുണ്ടായിരുന്ന സ്വാതന്ത്ര്യം അതിന്റെ പൂർണാർഥത്തിൽ വെറുമൊരു സങ്കൽപ്പം മാത്രമാണെന്നു പറയുകയായിരുന്നു അദ്ദേഹം. 

നല്ല ആശയങ്ങൾ കടമെടുത്ത്

ലോകത്തെ ഒട്ടേറെ ഭരണഘടനകളിലൂടെ അതിസൂക്ഷ്മമായി കടന്നുപോയി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഉതകുന്ന ആശയങ്ങൾ സ്വാംശീകരിക്കുകയായിരുന്നു. പാശ്ചാത്യഭരണഘടനകളിൽ നിന്ന് ഒട്ടേറെ ആശയങ്ങൾ നാം പകർത്തുകയുണ്ടായി. അതുകൊണ്ടാണ് ‘വീണയുടെയും സിതാറിന്റെയും സംഗീതമാണ് നമ്മൾ ആഗ്രഹിച്ചത്, പക്ഷേ ഇവിടെ നമുക്കുള്ളതോ ഇംഗ്ലിഷ് വാദ്യസംഗീതവും’ എന്ന മട്ടിൽ വിമർശനങ്ങൾ ഉയർന്നതും. ഫ്രഞ്ച് ഭരണഘടനയെ പിൻപറ്റിക്കൊണ്ടാണ് ‘റിപ്പബ്ലിക് ഓഫ് ഇന്ത്യ’ എന്നു നാം അടയാളപ്പെടുത്തിയത്.  ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലുള്ള സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് എടുത്തതാണ്. 

ജനാധിപത്യത്തിന്റെ കവചം

ജാതിയുടെയും സമ്പത്തിന്റെയുമെല്ലാം അടിസ്ഥാനത്തിൽ മാത്രം വോട്ടവകാശം നൽകിയിരുന്ന തിരഞ്ഞെടുപ്പുകൾ ബ്രിട്ടിഷ് ഭരണത്തിൽ പതിവായിരുന്നു. അതു തിരുത്താൻ ഭരണഘടനാ നിർമാണ സഭ പ്രതിജ്ഞാബദ്ധമായിരുന്നു. ഭരണക്രമം തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പലതരത്തിലുള്ള ആശയങ്ങളുയർന്നു. ഗ്രാമസ്വയംഭരണത്തിലൂന്നുന്ന ഗാന്ധിയൻ ഭരണഘടനയായിരുന്നു ചിലരുടെ സ്വപ്നം. യുഎസിലേതു പോലെ പ്രസിഡൻഷ്യൽ സമ്പ്രദായം വേണമെന്നും പാർലമെന്ററി ജനാധിപത്യം മതിയെന്നുമെല്ലാം ചർച്ചകളുണ്ടായി. നിരക്ഷരരായ ആളുകൾക്കു വോട്ടവകാശം നൽകുന്നതു രാജ്യതാൽപര്യത്തെ ഹനിക്കില്ലേ എന്നു സംശയം ഉന്നയിച്ചവരുമുണ്ട്.

      കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ അധികാരം വീതിക്കാമെന്നും എന്നാൽ രാജ്യത്തിന്റെ ഐക്യം നിലനിർത്തേണ്ട ചുമതലയുള്ളതിനാൽ കേന്ദ്രത്തിനു സവിശേഷാധികാരം അനുവദിക്കാമെന്നുമുള്ള ധാരണയിലേക്ക് ഒടുവിൽ എത്തുകയായിരുന്നു. സംസ്ഥാനങ്ങൾക്കോ കേന്ദ്രത്തിനോ ഭരണഘടനയുടെ ചട്ടക്കൂടിനു പുറത്തുകടക്കാൻ കഴിയാത്ത വിധം പഴുതടച്ചുള്ള നിയമനിർമാണമാണു നടത്തിയത്. രാജ്യത്തിന് അതു ജനാധിപത്യത്തിന്റെ സുരക്ഷാകവചമേകി.

ഉലയാതെ, പതറാതെ മുന്നോട്ട്

സ്വാതന്ത്ര്യം ലഭിച്ച് 894 ദിവസങ്ങൾക്കു ശേഷം 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഇന്ത്യ റിപ്പബ്ലിക്കായി മാറിയത് അന്നാണ്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ആ ദിനം തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കൾ ആഹ്വാനം ചെയ്തതനുസരിച്ച് 1930ൽ ഇതേ ദിവസം പൂർണസ്വരാജ് ആഘോഷിച്ചിരുന്നു. ആ ഓർമ നിലനിർത്താൻ കൂടിയാണ് ജനുവരി 26 തിരഞ്ഞെടുത്തത്. പൗര‍ൻമാരുടെ അവകാശങ്ങളും കർത്തവ്യങ്ങളും നിർവചിക്കുന്നതിനൊപ്പം ജനാധിപത്യത്തിന്റെ നെടുന്തൂണുകളായ എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ തുടങ്ങിയവ പിന്തുടരേണ്ട നിയമങ്ങളും ചട്ടങ്ങളും ഭരണഘടന മുന്നോട്ടുവച്ചു.  1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നിവ റദ്ദാക്കിക്കൊണ്ടാണ് ഇന്ത്യൻ ഭരണഘടന അതിന്റെ നങ്കൂരമുറപ്പിച്ചത്. 

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രയാണത്തിന് ഉപകരിക്കുന്ന ജിപിഎസ് പോലെയാണ് നമ്മുടെ ഭരണഘടനയെന്നു പറയാം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം മുറുകെപ്പിടിക്കേണ്ട തത്വങ്ങൾ എന്താണെന്ന് അതു പ്രതിപാദിക്കുന്നു. 

റിപ്പബ്ലിക്കിന്റെ അതിജീവനത്തെ സംബന്ധിച്ചിടത്തോളം  പ്രധാനമാണ് അത്. അതുകൊണ്ടാണല്ലോ ‘സമാധാനകാലത്തും യുദ്ധകാലത്തും ഒരുപോലെ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താൻ തക്ക കരുത്തുറ്റതും വഴക്കമുള്ളതും പ്രായോഗികവുമാണ് ഭരണഘടന’യെന്നു ബി.ആർ.അംബേദ്കർ പറഞ്ഞത്. 

‘സാമൂഹികവിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾത്തന്നെ ദേശീയ ഏകത്വവും സ്ഥിരതയും ഉറപ്പാക്കാൻ പരിശ്രമിക്കുകയുമായിരുന്നു ഭരണഘടന’യെന്നാണ് ചരിത്രകാരൻ ഗ്രാൻവിൽ ഓസ്റ്റിൻ പറഞ്ഞത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവനത്തിന്റെ  വർഷങ്ങൾ 
സാക്ഷ്യപ്പെടുത്തുന്നതും അതുതന്നെ.

4 ദിവസം ആഘോഷം

∙ 4 ദിവസത്തെ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്നത്. ജനുവരി 26ന് തുടങ്ങി 29ന് അവസാനിക്കും. 26ന് നടക്കുന്ന  പരേഡാണ് ഇതിൽ മുഖ്യം.   ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന റെയ്സിന കുന്നിൽ നിന്ന് തുടങ്ങി കർത്തവ്യപഥിലൂടെ ഇന്ത്യാ ഗേറ്റ് വരെ പരേഡ് നീളും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമായ കർത്തവ്യപഥ് നേരത്തെ രാജ്പഥ് എന്നാണ് അറിയപ്പെട്ടിരുന്നത്.

∙ ബീറ്റിങ്  റിട്രീറ്റ്

ആഘോഷങ്ങൾക്കു സമാപനം കുറിക്കുന്ന ചടങ്ങാണ് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ്. ചരിത്രപ്രാധാന്യമുള്ള കുതിരവണ്ടിയിൽ രാഷ്ട്രപതി  വിജയ് ചൗക്കിലേക്കു വരുന്നതോടെയാണ് ആഘോഷങ്ങൾക്കു തുടക്കമാകുന്നത്. കര, വ്യോമ, നാവിക സേനകളുടെ ബാൻഡുകൾ അണിയിച്ചൊരുക്കുന്ന  സംഗീത സായാഹ്നമാണ് പ്രത്യേകത. ദേശീയപതാക താഴ്ത്തുന്നതിനൊപ്പം ദേ‌ശീയ ഗാനാലാപനം. യുദ്ധം അവസാനിക്കുമ്പോൾ ജേതാക്കളായ സേന സൂര്യാസ്തമന സമയത്ത് നടത്തുന്ന  വിജയാഘോഷത്തെ ഓർമപ്പെടുത്തുന്ന ചടങ്ങാണ് ബീറ്റിങ് റിട്രീറ്റ്. 17–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജയിംസ് രണ്ടാമൻ രാജാവ് ആണ് watch setting എന്നും അറിയപ്പെടുന്ന ഈ പരിപാടി തുടങ്ങിവച്ചത്.

എന്താണ് റിപ്പബ്ലിക്

‘പൊതുവായ കാര്യം’ 
എന്നർഥം വരുന്ന ‘റെസ് പബ്ലിക്ക’ 
എന്ന ലാറ്റിൻ പ്രയോഗത്തിൽ നിന്നാണ് 
റിപ്പബ്ലിക് എന്ന പദം ഉണ്ടായത്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരം ജനങ്ങളിൽത്തന്നെ  നിക്ഷിപ്തമാകുന്ന ഭരണവ്യവസ്ഥയാണ് 
റിപ്പബ്ലിക്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഭരണം നടത്തുന്നത്; അല്ലാതെ അധികാരം ജൻമദത്തമല്ല. 
റിപ്പബ്ലിക്കുകൾ തന്നെ പലതരത്തിലുണ്ട്. പേരിൽ റിപ്പബ്ലിക് എന്നുണ്ടെങ്കിലും 
അതിന്റെ അടിസ്ഥാന ആശയങ്ങളിൽ 
നിന്നു വ്യതിചലിക്കുന്ന 
ഭരണക്രമമുള്ള 
രാജ്യങ്ങളുമുണ്ട്.

പ്രതിശീർഷ ചെലവ് 5.25 രൂപ

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും നമ്മെ വരിഞ്ഞുമുറുക്കിയിരുന്ന വിധേയത്വത്തിന്റെ ചങ്ങലക്കെട്ടുകൾ‌ പൂർണമായും പൊട്ടിച്ചെറിയാൻ കഴിഞ്ഞിരുന്നില്ല. കൊളോണിയൽ നിയമങ്ങളുടെ തടവിലായിരുന്നു നാം. ദേശീയപ്രസ്ഥാനം സ്വപ്നം കണ്ട ‘പൂർണസ്വരാജ്’ അപ്പോഴും അകലെയായിരുന്നു. സ്വതന്ത്രമെങ്കിലും പരമാധികാരമില്ലാത്ത അവസ്ഥയായിരുന്നു ‘ഡൊമിനിയൻ’ പദവിയിലൂടെ ഇന്ത്യയ്ക്കു ലഭിച്ചത്. ബ്രിട്ടിഷ് രാജാവു തന്നെയായിരുന്നു സർവാധികാരി. ഫെഡറൽ കോടതിയിൽ തീർപ്പായ കേസുകളിൽ ലണ്ടനിലെ പ്രിവി കൗൺസിലിന് അപ്പീൽ നൽകാമായിരുന്നു. ഒരു സ്വതന്ത്രരാജ്യം കോളനിഭരണത്തിന്റെ ശേഷിപ്പു പേറുന്നതു സങ്കടകരമായിരുന്നു. 

ഇന്ത്യയ്ക്കായൊരു ഭരണഘടനാ നിർമാണ സഭയെന്നത് സ്വാതന്ത്ര്യസമരത്തിൽ മുഴങ്ങിക്കേട്ട ആവശ്യങ്ങളിലൊന്നായിരുന്നു. ബ്രിട്ടിഷ് ക്യാബിനറ്റ് മിഷൻ പ്ലാനനുസരിച്ച് 1946ലാണ് അതു രൂപീകരിക്കപ്പെട്ടത്. അന്നുതൊട്ട് 1949 വരെ നിരന്തരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഇന്ത്യൻ ഭരണഘടനയ്ക്കു രൂപം നൽകിയത്.  ഭരണഘടനാ നിർമാണ സഭയിൽ നടന്ന ശക്തമായ സംവാദങ്ങൾക്കു സാക്ഷിയാകാൻ വൻ ജനാവലി തന്നെയെത്തി. 55,000 പേർ കാഴ്ചക്കാരായി എത്തിയ ദിവസം വരെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഒരുക്കാൻ വേണ്ടിവന്ന ചെലവ് 63.96 ലക്ഷം രൂപയായിരുന്നു. അന്നത്തെ ജനസംഖ്യ വച്ചുനോക്കുമ്പോൾ ഭരണഘടന തയാറാക്കാൻ വേണ്ടിവന്ന പ്രതിശീർഷ ചെലവ് 5.25 രൂപയായിരുന്നു. 

English Summary:

Writeup about Singular with plurals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com