ഡിവിഷൻ ബെഞ്ചിനെ സിംഗിൾ ബെഞ്ച് തള്ളി; കേസിൽ സുപ്രീം കോടതി സ്റ്റേ
Mail This Article
ന്യൂഡൽഹി ∙ കൽക്കട്ട ഹൈക്കോടതി ജഡ്ജിമാരുടെ ഉൾപ്പോരിലൂടെ ശ്രദ്ധനേടിയ വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിലെ എല്ലാ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ സിബിഐ അന്വേഷണ ഉത്തരവുൾപ്പെടെയാണ് അവധി ദിവസമായ ഇന്നലെ പ്രത്യേക സിറ്റിങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തത്.
വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരും എംബിബിഎസ് പ്രവേശനം നേടിയെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് ജസ്റ്റിസ് ഗംഗോപാധ്യായ 24ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മിനിറ്റുകൾക്കകം സംസ്ഥാന അഡ്വക്കറ്റ് ജനറലിന്റെ ഇടപെടലിനെത്തുടർന്ന് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. അന്നുതന്നെ വിഷയം വീണ്ടും പരിഗണിച്ച ജസ്റ്റിസ് ഗംഗോപാധ്യായ എല്ലാ രേഖകളും സിബിഐക്കു കൈമാറാൻ നിർദേശിച്ചു. പിറ്റേന്നു ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് വീണ്ടും റദ്ദാക്കി.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഗൗനിക്കേണ്ടെന്നും സിബിഐ എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നും ജസ്റ്റിസ് ഗംഗോപാധ്യായ അന്നുതന്നെ വീണ്ടും ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് സൗമെൻ സെന്നിനു കേസിൽ പ്രത്യേക താൽപര്യമുണ്ടെന്ന ആരോപണവും ഉന്നയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ ശല്യപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞിരുന്നുവെന്നും ആരോപിച്ചു.
പിന്നാലെ സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് അപ്പീൽ ഇല്ലാതെ ഡിവിഷൻ ബെഞ്ചിനു സ്റ്റേ ചെയ്യാനാവില്ലെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു ബംഗാൾ സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. തുടർന്നായിരുന്നു സുപ്രീം കോടതിയുടെ സ്റ്റേ. സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ തന്റെ പേരും പരാമർശിച്ചതിനെതിരെ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
മുൻപും വിവാദങ്ങൾ
ഡിവിഷൻ ബെഞ്ച് ഉത്തരവുകളെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മുൻപും മറികടന്നിട്ടുണ്ട്. അധ്യാപക നിയമന ക്രമക്കേടു കേസിൽ അദ്ദേഹത്തിന്റെ ഉത്തരവു പ്രകാരമുള്ള സിബിഐ അന്വേഷണത്തിലാണ് തൃണമൂൽ മന്ത്രി പാർഥ ചാറ്റർജി അറസ്റ്റിലായത്.
2023 ഏപ്രിലിൽ ചാനൽ അഭിമുഖത്തിൽ അഭിഷേക് ബാനർജിയെ അദ്ദേഹം വിമർശിച്ചതു വിവാദമായി. ഇതോടെ, കോടതിയിലുള്ള വിഷയങ്ങളിൽ സിറ്റിങ് ജഡ്ജിമാർ ചാനൽ അഭിമുഖം നൽകരുതെന്ന് സുപ്രീം കോടതി വിലക്കി. കോടതി മുറിയിൽനിന്ന് ഒരു അഭിഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് ഗംഗോപാധ്യായ നിർദേശിച്ചതും വിവാദമായി.