ADVERTISEMENT

പട്ന ∙ പ്രതീക്ഷിച്ചതു പോലെ, ബിഹാറിൽ നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലേക്കു ചുവടുമാറി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികൾ എന്നിവയെ കൂട്ടുപിടിച്ച് 2022 ഓഗസ്റ്റ് മുതൽ താൻ നേതൃത്വം നൽകിയ മഹാസഖ്യ സർക്കാർ പിരിച്ചുവിട്ട ശേഷമാണ് അദ്ദേഹം മറുപാളയത്തിലെത്തിയത്. ജെഡിയു, ബിജെപി, എച്ച്എഎം എന്നിവയിലെ എംഎൽഎമാരും ഒരു സ്വതന്ത്രനുമടക്കം 128 പേരുടെ പിന്തുണ എൻഡിഎ ഉറപ്പാക്കി.

നിതീഷ് അടക്കം 9 പേരടങ്ങുന്ന മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ ബിജെപി നേതാക്കളായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. വിജയ് കുമാർ ചൗധരി, ശ്രാവൺ കുമാർ, വിജേന്ദ്രയാദവ് (ജെഡിയു), പ്രേം കുമാർ (ബിജെപി), സന്തോഷ് കുമാർ സുമൻ (എച്ച്എഎം), സുമിത് കുമാർ സിങ് (സ്വതന്ത്രൻ) എന്നിവർക്കു മന്ത്രിസ്ഥാനം ലഭിച്ചു. എച്ച്എഎം നേതാവ് ജിതൻ റാം മാഞ്ചിയുടെ മകനാണു സന്തോഷ്.

ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

മഹാസഖ്യ സർക്കാരിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പാർട്ടി നേതാക്കളുമായി സംസാരിച്ച ശേഷമാണു സർക്കാർ പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും രാവിലെ ഗവർണറെ കണ്ടു രാജിക്കത്തു കൈമാറിയ ശേഷം നിതീഷ് പറഞ്ഞു. പ്രതിപക്ഷ ഇന്ത്യ മുന്നണിയെ മുന്നോട്ടു നയിക്കാൻ താൻ പരമാവധി ശ്രമിച്ചെങ്കിലും പിന്തുണ ലഭിച്ചില്ലെന്നും കൂട്ടിച്ചേർത്തു. പിന്നാലെ നിതീഷിന്റെ വസതിയിലെത്തിയ ബിജെപി, എച്ച്എഎം എംഎൽഎമാർ എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് അവർക്കൊപ്പം വീണ്ടും ഗവർണറെ കണ്ട നിതീഷ് എൻഡിഎ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.
ചാടിച്ചാടി ഒൻപതാം വട്ടം
മുഖ്യമന്ത്രി പദമുറപ്പിക്കാൻ മുന്നണിമാറ്റം ശീലമാക്കിയ നിതീഷ് ഒൻപതാം തവണയാണ് ഇന്നലെ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ 11 വർഷത്തിനിടെ മുന്നണികൾ മാറി മാറി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത് 6 വട്ടം.

English Summary:

Nitish Kumar joining hands with BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com