ADVERTISEMENT

ന്യൂഡൽഹി ∙ യുപിയിലെ വാരാണസിയിൽ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി ജില്ലാ കോടതി ഹിന്ദു വിഭാഗത്തിന് അനുമതി നൽകി. 7 ദിവസത്തിനകം നടപടിയെടുക്കാനും പൂജയ്ക്ക് അനുമതിയുള്ള ഭാഗം ഇരുമ്പുവേലി കെട്ടി തിരിക്കാനും കലക്ടർക്കുള്ള ഉത്തരവിൽ നിർദേശിച്ചു. കാശി വിശ്വനാഥ ട്രസ്റ്റ് ശുപാർശ ചെയ്യുന്ന പൂജാരിക്കു പൂജാകർമങ്ങൾ നിർവഹിക്കാമെന്നു ജില്ലാ ജഡ്ജി എ.െക.വിശ്വേശ വ്യക്തമാക്കി.

പള്ളി നിലനിൽക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് കോടതിയുടെ നിർണായക ഉത്തരവ്. കോടതി നിയോഗിച്ച റിസീവറായ കലക്ടറുടെ അധികാരത്തിലാണ് നിലവിൽ സ്ഥലമുള്ളത്. ഉത്തരവു വലിയ വിജയമാണെന്ന് ഹിന്ദു വിഭാഗവും നിയമപരമായി മുന്നോട്ടുപോകുമെന്നു മസ്ജിദ് കമ്മിറ്റിയും പ്രതികരിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദുവിഭാഗത്തിന് ഇവിടെ പ്രാർഥനയ്ക്ക് അനുമതി ലഭിക്കുന്നത്.

കേസ് ഇങ്ങനെ: മസ്ജിദ് സമുച്ചയത്തിന്റെ അടിഭാഗത്ത് 4 അറകളുണ്ട് (തെഹ്ഖാനകൾ). പരമ്പരാഗതമായിത്തന്നെ തെക്കേ അറയിലെ താമസക്കാരായിരുന്നു ഹിന്ദുവിഭാഗത്തിലെ വ്യാസ് കുടുംബം. ഇവിടെ പൂജയും പ്രാർഥനയും നടത്താൻ നൂറ്റാണ്ടുകളായി തങ്ങൾക്കുണ്ടായിരുന്ന അനുമതി 1993 നവംബറിൽ അന്നത്തെ മുലായംസിങ് സർക്കാർ തടഞ്ഞെന്നും ആരാധനയ്ക്കുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നുമാണ് ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് ഹർജിയിൽ ആവശ്യപ്പെട്ടത്. അറ ഇപ്പോഴും വ്യാസ് കുടുംബത്തിന്റെ കൈവശാവകാശത്തിലാണെങ്കിലും വേർതിരിച്ചു നിർത്തിയിരിക്കുകയാണ്. ഹർജിയെത്തുടർന്ന് ഇവിടം റിസീവർ മേൽനോട്ടത്തിലാക്കാൻ കഴിഞ്ഞമാസം 17നു വാരാണസി കോടതി ഉത്തരവിട്ടു; 24നു കലക്ടർ ചുമതലയേറ്റെടുത്തു.

വുളുഖാനയിലും പരിശോധന: ഹർജിയിൽ നോട്ടിസ് അയച്ചു

ഗ്യാൻവാപി മസ്ജിദിലെ വുളുഖാനയിലും (അംഗശുദ്ധി വരുത്തുന്ന സ്ഥലം) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) പരിശോധന വേണമെന്ന ഹിന്ദുവിഭാഗത്തിന്റെ ആവശ്യത്തിൽ നിലപാട് ആരാഞ്ഞ് മസ്ജിദ് കമ്മിറ്റിക്ക് അലഹാബാദ് ഹൈക്കോടതി നോട്ടിസ് അയച്ചു. ഈ ഭാഗം ഒഴിവാക്കിയാണു നേരത്തേ എഎസ്ഐ പരിശോധന നടത്തിയത്. മുൻപ് അഭിഭാഷകരുടെ പരിശോധനയിൽ ഇവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. അതേസമയം, ഇതു ജലധാരയുടെ ഭാഗമാണെന്നു മുസ്‌ലിം വിഭാഗം വാദിക്കുന്നു.

English Summary:

Varanasi court permits hindu worship inside sealed basement of Gyanvapi mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com