ADVERTISEMENT

മൂന്നു പടികൾ കടന്നാകും നരേന്ദ്ര മോദി സർക്കാർ തിരിഞ്ഞെടുപ്പു വേദിയിലെത്തുക. ആദ്യത്തേതു കടന്നു – ഇടക്കാല ബജറ്റ്. കഴിഞ്ഞ 10 കൊല്ലത്തെ സാമ്പത്തിക–ഭരണ നടത്തിപ്പു സംബന്ധിച്ച ധവളപത്രമായിരിക്കും അടുത്തത്. അതു സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഈ സഭയുടെ അവസാനസമ്മേളനമായതിനാൽ അടുത്ത ഏതാനും ദിവസങ്ങളിൽ തന്നെ അതുണ്ടാകുമെന്നു കരുതാം. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷമാകും മൂന്നാമത്തെ പടി – ഭരണകക്ഷിയുടെ, അല്ലെങ്കിൽ സഖ്യത്തിന്റെ, പ്രകടനപത്രിക. 

അന്നത്തെ സ്ഥിതിയല്ല ഇന്ന്

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിച്ച ബജറ്റിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഇത്തവണ. കർഷകർക്ക് വർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ യോജന, അസംഘടിത തൊഴിലാളികൾക്കു പെൻഷൻ പദ്ധതി, തൊഴിലുറപ്പു പദ്ധതിക്ക് 60,000 കോടി രൂപ, 5 ലക്ഷം രൂപ വരെ വരുമാനത്തിനു നികുതിയിളവ് തുടങ്ങി ഒട്ടേറെ ക്ഷേമനടപടികൾ അന്നത്തെ ബജറ്റിലുണ്ടായിരുന്നു. 

അന്നു രാഷ്ട്രീയാന്തരീക്ഷവും വ്യത്യസ്തമായിരുന്നു. റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ, മതനിരപേക്ഷതയുടെ തകർച്ചയും സാമുദായികസ്പർധകളും, തൊഴിലവസരങ്ങളിലെ ഇടിവ്, കറൻസി സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയവ സർക്കാരിനു വെല്ലുവിളിയായിരുന്നു. ബാലാക്കോട്ട് ആക്രമണത്തിലൂടെയാണ് ആരോപണങ്ങൾക്കു മറുപടി നൽകിയതെന്നുപോലും പറയാം.

ഇന്ന് അതല്ല അന്തരീക്ഷം. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നും ആർക്കും മറുപടി നൽകേണ്ടതില്ലെന്നുമുള്ള പൂർണ ആത്മവിശ്വാസമാണ് ഇന്നലത്തെ ബജറ്റ് പ്രസംഗത്തിൽ പ്രതിഫലിച്ചത്. സർക്കാരല്ല, പ്രതിപക്ഷമാണ് ആരോപണങ്ങൾ നേരിടുന്നതും മറുപടി പറയേണ്ടതുമെന്ന മനോഭാവം പ്രകടമായിരുന്നു. അതീവ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതെന്നു വിളിച്ചോതുന്ന ബജറ്റ് പ്രസംഗം. 

ധവളപത്ര രാഷ്ട്രീയം

തങ്ങൾ അധികാരത്തിൽ വന്നപ്പോൾ സമ്പദ്ഘടന കുത്തഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും 10 കൊല്ലം കൊണ്ട് എല്ലാം ശരിയാക്കി രാജ്യത്തെ വികസനപാതയിലേക്കു കൊണ്ടുവന്നെന്നും 2047 ആകുന്നതോടെ വികസിതഭാരതം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവകാശപ്പെടുകയായിരുന്നു ധനമന്ത്രി. 

സാധാരണ ബജറ്റ് പ്രസംഗങ്ങളിൽ കഴിഞ്ഞ ഒരു കൊല്ലത്തെ നേട്ടങ്ങൾ എണ്ണിപ്പറയുന്ന രീതിയാണെങ്കിൽ, ഇക്കുറി കഴിഞ്ഞ 10 കൊല്ലത്തെ മോദിഭരണം കൊണ്ടുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറയുകയായിരുന്നു മന്ത്രി. ധനക്കമ്മി കുറച്ച് സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നു, മറ്റു രാജ്യങ്ങൾ രാഷ്ട്രീയ–സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുമ്പോൾ ഇന്ത്യ വികസനത്തിലേക്കു കുതിച്ചു, സർക്കാർ കടബാധ്യത കുറച്ചുകൊണ്ടുവന്നു– ഇതെല്ലാം 10 കൊല്ലത്തെ ഭരണനേട്ടങ്ങളായി അവതരിപ്പിക്കുകയായിരുന്നു. 10 കൊല്ലം മുൻപുള്ള ചിത്രവും തുടർന്നുള്ള മാറ്റങ്ങളും വ്യക്തമാക്കുന്ന ധവളപത്രം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ധവളപത്രം എന്നു കൊണ്ടുവരുമെന്നു പറഞ്ഞില്ലെങ്കിലും ഈ സമ്മേളനത്തിൽ തന്നെയുണ്ടാകുമെന്നു കരുതാം. എല്ലാ വികസനവും തങ്ങൾ കൊണ്ടുവന്നതാണെന്ന മോദി സർക്കാരിന്റെ പല്ലവി അതിൽ ആവർത്തിക്കുമെന്നും പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. ശക്തമായ വാക്പോരിനൊടുവിലാകും പാർലമെന്റ് പിരിഞ്ഞ് രാജ്യം തിരഞ്ഞെടുപ്പിലേക്കു പോകുകയെന്നു വ്യക്തം.

മധ്യവർഗ ഊന്നൽ

ബിജെപിയുടെ മുഖ്യ വോട്ടർമാരായ മധ്യവർഗത്തെ ലക്ഷ്യമിട്ടായിരുന്നു ബജറ്റ് പ്രസംഗം. സൗജന്യ ഭക്ഷ്യധാന്യവിതരണം ഉൾപ്പെടെ രണ്ടോ മൂന്നോ പദ്ധതികളൊഴിച്ചാൽ, ദാരിദ്ര്യനിർമാർജന നടപടികളെക്കുറിച്ചു കാര്യമായ പരാമർശമുണ്ടായില്ല. മധ്യവർഗക്കാർക്കുള്ള ഭവനപദ്ധതി, പുരപ്പുറ സൗര‌പദ്ധതി, വനിതാ സ്വയംസഹായ സംഘങ്ങൾ, സ്റ്റാർട്ടപ്പുകൾക്കുള്ള മൂലധനലഭ്യത, മെട്രോ–റെയിൽ–വ്യോമയാത്രാ സൗകര്യങ്ങൾ തുടങ്ങി തൊഴിൽ, സംരംഭം, ഗതാഗതം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിലാണ് ധനമന്ത്രി ഊന്നൽ നൽകിയിരിക്കുന്നത്. 

ജയ് ശാസ്ത്രി

രാജ്യവികസനത്തിൽ മുൻസർക്കാരുകളുടെ എടുത്തുപറയാവുന്ന സംഭാവനകളായി ധനമന്ത്രി കണ്ടെത്തിയത് 1964–65 കാലത്തെ ലാൽബഹാദൂർ ശാസ്ത്രി സർക്കാരിന്റെ ‘ജയ് ജവാൻ–ജയ് കിസാൻ’ മുദ്രാവാക്യവും എ.ബി.വാജ്പേയിയുടെ ‘ജയ് ജവാൻ–ജയ് കിസാൻ–ജയ് വിജ്ഞാനും’ മാത്രമാണ്. അവയുടെ തുടർച്ചയായി മോദിയുടെ ‘ജയ് അനുസന്ധാൻ’ (ഗവേഷണം ജയിക്കട്ടെ) എന്ന മുദ്രാവാക്യവും. സർദാർ പട്ടേൽ, മദൻ മോഹൻ മാളവ്യ, അംബേദ്കർ എന്നിവർക്കുശേഷം ശാസ്ത്രിയെയും രാഷ്ട്രീയമായി സ്വന്തമാക്കാനുള്ള ബിജെപി ശ്രമവും ഇതിൽ കാണാം.

English Summary:

Budget that dreams to the third Narendra Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com