ADVERTISEMENT

ന്യൂഡൽഹി ∙ വേഗത്തിലുള്ള ജനസംഖ്യാ വർധനയുടെ വെല്ലുവിളികൾ സമഗ്രമായി പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ധനമന്ത്രി  വ്യക്തമാക്കിയത്. ജനസംഖ്യാ നിയന്ത്രണത്തിനു നടപടികളെടുക്കാൻ സർക്കാർ താൽപര്യപ്പെടുന്നതിന്റെ സൂചനയാണിത്. ജനസംഖ്യാ നിയന്ത്രണത്തിന് ആർഎസ്എസിനും താൽപര്യപ്പെടുന്നു. എല്ലാവർക്കും ബാധകമായ  നയം വേണമെന്നാണു 2022 ലെ വിജയദശമി ദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവശ്യപ്പെട്ടത്. ജനസംഖ്യാവിസ്ഫോടനം ആശങ്കയുണ്ടാക്കുന്നുവെന്നും അതു നേരിടാൻ നയം വേണമെന്നും 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

 ഈ വിഷയത്തിൽ ചില ജനവിഭാഗങ്ങളെ ഉന്നംവച്ചുള്ള വിമർശനങ്ങൾ സംഘ് പരിവാറിന്റെ ഭാഗത്തുനിന്നു പലപ്പോഴും ഉണ്ടായിട്ടുമുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകത ബിജെപി എംപിമാർ പലരും പാർലമെന്റിൽ പലതവണ ഉന്നയിച്ചതാണ്. എന്നാൽ, 2020 ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മോദി സർക്കാർ വ്യക്തമാക്കിയതു കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്ന നയം സാധ്യമല്ലെന്നാണ്. ജനസംഖ്യ നിയന്ത്രണാതീതമാകുന്നതാണു നയരൂപീകരണത്തിനു പ്രേരണയെങ്കിൽ, രാജ്യത്തെ ജനസംഖ്യ എത്രയെന്ന് അറിയാനുള്ളതും 2021 ൽ നടത്തേണ്ടിയിരുന്നതുമായ സെൻസസ് എപ്പോൾ നടത്തുമെന്നല്ലേ സർക്കാർ ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന ചോദ്യമുണ്ട്. സെൻസസിനുശേഷം മണ്ഡല പുനഃക്രമീകരണവും അതിനുശേഷം മാത്രം വനിതാ സംവരണനിയമം നടപ്പാക്കലുമെന്നാണു സർക്കാർ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്.

സാമൂഹികക്ഷേമത്തിനും മതനിരപേക്ഷതയ്ക്കും പുതിയ നിർവചനം

ന്യൂഡൽഹി ∙ സാമൂഹിക ക്ഷേമം സർക്കാരിനു വെറും രാഷ്ട്രീയ മുദ്രാവാക്യമല്ല, എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ഉറപ്പാക്കുന്ന ഭരണമോഡലാണെന്നു ബജറ്റിൽ പറഞ്ഞത് ‘ഇന്ത്യ’ മുന്നണിയെ ഉന്നമിട്ടാണെന്നു വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാന മുദ്രാവാക്യമാണു സാമൂഹികക്ഷേമം. ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലൂടെ ഒബിസി വോട്ട്ബാങ്കാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ജാതി കേന്ദ്രീകൃതമാകുന്നത് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ തങ്ങൾക്കു തിരിച്ചടിയായേക്കാമെന്നു വിലയിരുത്തിയാണ് സാമൂഹികക്ഷേമത്തെ ബിജെപിയും ഏറ്റുപിടിക്കുന്നത്. തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ട വിഷയങ്ങളിലൊന്നായി സാമൂഹികക്ഷേമം മാറുന്നതിന്റെ സൂചന കൂടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ ദരിദ്രർ, സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ എന്നീ 4 പ്രധാന ജാതികളാണു രാജ്യത്തുള്ളതെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതാണു യഥാർഥ മതനിരപേക്ഷതയെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നതും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുതന്നെ.

English Summary:

Committee to study the challenges of population growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com