യുജിസി വിഹിതം 60% കുറച്ചു; പിഎം ശ്രീക്ക് കുത്തനെ കൂട്ടി
Mail This Article
ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
∙ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ നവീകരിക്കാനുള്ള പിഎം ശ്രീ പദ്ധതിക്കുള്ള വിഹിതത്തിൽ വൻവർധനയുണ്ട്. കഴിഞ്ഞ ബജറ്റിൽ 4000 കോടി അനുവദിച്ചിരുന്നത് പിന്നീട് 2800 രൂപയായി ചുരുക്കിയിരുന്നു. ഇക്കുറി 6050 കോടി അനുവദിച്ചു; വർധന 3250 കോടി.
∙ ഐഐടികൾക്കുള്ള സഹായം 9361.5 കോടിയിൽനിന്ന് 10,324 കോടി രൂപയായി വർധിപ്പിച്ചു.
∙ ഐഐഎമ്മുകൾക്കുള്ള കേന്ദ്രസഹായം കഴിഞ്ഞ വർഷം 300 കോടി രൂപയായിരുന്നത് ഇക്കുറി 212.12 കോടിയായി കുറഞ്ഞു.
∙ കേന്ദ്ര സർവകലാശാലകൾക്കുള്ള വിഹിതം 11,528 കോടി രൂപയിൽനിന്നു 15,928 കോടി രൂപയായി കൂട്ടി.
∙ വിദ്യാർഥികൾക്കു സാമ്പത്തിക സഹായത്തിനായി കഴിഞ്ഞ വർഷം 1954 കോടി നീക്കിവച്ചിരുന്നെങ്കിൽ ഇക്കുറി 1908 കോടി മാത്രം.