ADVERTISEMENT

ന്യൂഡൽഹി ∙ 3 സേനാവിഭാഗങ്ങൾക്കും വൻ ആയുധങ്ങൾ വാങ്ങാൻ മാത്രമായി 1,72,000 കോടി രൂപ വകയിരുത്തി. ഇതിനായി കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച 1,62,600 കോടിയിൽ 1,57,228.2 കോടിയേ വിനിയോഗിക്കാൻ കഴിഞ്ഞുള്ളൂ.

ടാങ്കുകളും മറ്റു കവചിതവാഹനങ്ങളും വാങ്ങുന്നതിനു കഴിഞ്ഞ ബജറ്റിൽ 3000 കോടി നൽകിയെങ്കിലും 2500 കോടിയാണു വിനിയോഗിച്ചത്. പടക്കപ്പലുകൾ വാങ്ങുന്നതിനു നാവികസേനയ്ക്കു 24,200 കോടി നൽകിയത് ഇത്തവണ 24,445 കോടിയായി ഉയർന്നു. വിമാനങ്ങൾ വാങ്ങുന്നതിനു വ്യോമസേനയ്ക്ക് 15,721.65 കോടി കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത് ഇത്തവണ 16,113.20 കോടിയാക്കി.

സേനകളുടെ ദൈനംദിന നടത്തിപ്പുചെലവ് കുറച്ച് ആധുനികവൽക്കരണത്തിന് ഊന്നൽ നൽകാനാണു ശ്രമം. എന്നാൽ, ചൈനീസ് അതിർത്തിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അതു സാധിക്കാതെ വന്നതാണ് മൊത്തം ചെലവ് വർധിക്കാനുള്ള കാരണം.

വാക്സീൻ വിതരണത്തിന് ഒറ്റ ജാലകം, യു–വിൻ

രാജ്യത്തെ വാക്സീൻ കുത്തിവയ്പ് ഏകോപിപ്പിക്കുന്നതിനും വിവരങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനും ‘യു–വിൻ’ പോർട്ടൽ ഉടൻ സജ്ജമാക്കും. ഗർഭിണികൾക്കും കുട്ടികൾക്കും വാക്സീൻ ഉറപ്പാക്കാനുള്ള മിഷൻ ഇന്ദ്രധനുഷ് കൂടുതൽ സജീവമാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ഇക്കാര്യം ധനമന്ത്രി പ്രഖ്യാപിച്ചത്. ഗർഭിണികൾ, നവജാതശിശുക്കൾ, മറ്റു കുട്ടികൾ എന്നിവരുടെ വാക്സിനേഷൻ വിവരങ്ങൾ യു–വിന്നിൽ രേഖപ്പെടുത്തും. പ്രത്യേക റജിസ്ട്രേഷൻ വഴിയായിരിക്കും ഇത്. വാക്സീൻ എടുക്കേണ്ട കൃത്യമായ ഇടവേളകളിൽ അറിയിപ്പും ലഭിക്കും.

ഇനി നാനോ വളത്തിന്റെ കാലം; വില തുച്ഛം, ഗുണം മെച്ചം

ന്യൂഡൽഹി ∙ നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.

നാനോ സാങ്കേതികവിദ്യയിലൂടെ ലഭ്യതയുടെ പ്രശ്നം മറികടക്കാനാവും. 1350 രൂപ വിലയുള്ള ഒരു ചാക്ക് ഡൈ അമോണിയം ഫോസ്ഫേറ്റിനു തുല്യമാണ് 500 മില്ലി ബോട്ടിലിലുള്ള ഡിഎപി നാനോ പതിപ്പ്. ഇത് 600 രൂപയ്ക്കു ലഭ്യമാക്കും. ഇതോടെ കർഷകർക്കു വളം വാങ്ങാനുള്ള ചെലവു കുറയും. 1,350 രൂപയുടെ ചാക്കിന്റെ യഥാർഥ വില 4,000 രൂപയോളമാണ്. ബാക്കി തുക നിലവിൽ സർക്കാർ സബ്സിഡി നൽകുന്നു. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ച നാനോ യൂറിയ 2021ലാണ് പുറത്തിറക്കിയത്.

കേരളത്തിനും നേട്ടം

കൊച്ചി ∙ നാനോ വളപ്രയോഗം മൂലം കൂടുതൽ വിളവും കർഷകർക്കു കൂടുതൽ വരുമാനവും ലഭിക്കുമെന്നാണു വിലയിരുത്തൽ. പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷം നാനോ രാസവള പ്രയോഗത്തിനു തുടക്കമിട്ടിരുന്നു. ഇതു കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ബജറ്റ് നിർദേശം നാനോ ഡിഎപി, നാനോ യൂറിയ തുടങ്ങിയ നാനോ രാസവളങ്ങളുടെ പ്രയോഗം മറ്റു ജില്ലകളിലേക്കു വ്യാപിക്കാൻ സഹായിക്കും. കാർഷിക വിളകൾക്ക് ആവശ്യമായ നൈട്രജന്റെയും ഫോസ്ഫറസിന്റെയും ലഭ്യത ഉറപ്പാക്കാൻ അവയുടെ മികച്ച സോത്രസ്സായ നാനോ ഡിഎപി സഹായിക്കും. 100 നാനോമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള അതിസൂക്ഷ്മ കണികകളായതിനാൽ കുറഞ്ഞ അളവു കൊണ്ടു കൂടുതൽ സ്ഥലത്തു വളപ്രയോഗം നടത്താൻ കഴിയും. അതിനാൽ അമിതമായ രാസവള പ്രയോഗത്തിന്റെ ആവശ്യമുണ്ടാകില്ല. ചെലവും കുറയും. ദ്രവ രൂപത്തിലായതിനാൽ സ്പ്രേയർ ഉപയോഗിച്ചാണു തളിക്കുന്നത്. ഡ്രോൺ ഉപയോഗിച്ചും സ്പ്രേ ചെയ്യാം.

യുജിസി വിഹിതം 60% കുറച്ചു; പിഎം ശ്രീക്ക് കുത്തനെ കൂട്ടി

ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

∙ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ നവീകരിക്കാനുള്ള പിഎം ശ്രീ പദ്ധതിക്കുള്ള വിഹിതത്തിൽ വൻവർധനയുണ്ട്. കഴിഞ്ഞ ബജറ്റിൽ 4000 കോടി അനുവദിച്ചിരുന്നത് പിന്നീട് 2800 രൂപയായി ചുരുക്കിയിരുന്നു. ഇക്കുറി 6050 കോടി അനുവദിച്ചു; വർധന 3250 കോടി.

∙ ഐഐടികൾക്കുള്ള സഹായം 9361.5 കോടിയിൽനിന്ന് 10,324 കോടി രൂപയായി വർധിപ്പിച്ചു.

∙ ഐഐഎമ്മുകൾക്കുള്ള കേന്ദ്രസഹായം കഴിഞ്ഞ വർഷം 300 കോടി രൂപയായിരുന്നത് ഇക്കുറി 212.12 കോടിയായി കുറഞ്ഞു.

∙ കേന്ദ്ര സർവകലാശാലകൾക്കുള്ള വിഹിതം 11,528 കോടി രൂപയിൽനിന്നു 15,928 കോടി രൂപയായി കൂട്ടി.

∙ വിദ്യാർഥികൾക്കു സാമ്പത്തിക സഹായത്തിനായി കഴിഞ്ഞ വർഷം 1954 കോടി നീക്കിവച്ചിരുന്നെങ്കിൽ ഇക്കുറി 1908 കോടി മാത്രം. 

English Summary:

Union Budget 2024 provision to buy weapons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com