ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങളെല്ലാം 2 മോദി സർക്കാരുകളുടെ അക്കൗണ്ടിൽപ്പെടുത്തിയും പൊതുതിരഞ്ഞെടുപ്പിലേക്കു കരുതലോടെയും ആത്മവിശ്വാസത്തോടെയും ചുവടുവച്ചും ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. 

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ ചെസ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണത്തിലുണ്ടായ വർധന വരെ ധനമന്ത്രി നേട്ടമായി അവതരിപ്പിച്ചു: ‘2010 ൽ ഇന്ത്യയ്ക്ക് 20 ചെസ് ഗ്രാൻഡ്മാസ്റ്റർമാർ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് എൺപതിലേറെപ്പേരുണ്ട്. ചെസ്സിൽ നമ്മുടെ ഒന്നാം റാങ്കുകാരൻ പ്രഗ്നാനന്ദ നിലവിലെ ലോക ചാംപ്യൻ മാഗ്നസ് കാൾസനെതിരെ ശക്തമായ പോരാട്ടം നടത്തി.’  

ഇത് ഇടക്കാല ബജറ്റാണെന്നും പൂർണ ബജറ്റ് തങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കുമെന്നും നിർമല അവകാശപ്പെട്ടു. ബജറ്റ് പ്രസംഗത്തിൽ ഭരണകക്ഷി ബെഞ്ചുകളെ ഏറ്റവും പ്രകമ്പനം കൊള്ളിച്ച വാചകം ഇതായിരുന്നു. നിശ്ശബ്ദരായിരുന്നു പ്രസംഗം കേട്ട പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് അൽപം ഒച്ചപ്പാടുണ്ടായതും ഇതു പറഞ്ഞപ്പോൾ മാത്രമായിരുന്നു.

കഴിഞ്ഞ 10 വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങളുടെ പ്രോഗ്രസ് കാർഡായിരുന്നു ബജറ്റ് അവതരണത്തിന്റെ തുടക്കം, തുടർന്ന് വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പെന്ന പ്രഖ്യാപനത്തോടെയുള്ള പദ്ധതികളുടെ അവതരണവും.

കവിതയ്ക്കു പകരം മോദിവചനങ്ങൾ

സാധാരണ തമിഴ് കവികളുടെ കവിതാശകലങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്താറുള്ള നിർമല ഇത്തവണ പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പല അവസരങ്ങളിലായി നടത്തിയ പ്രസംഗങ്ങളിലെ വാചകങ്ങളാണ് ഉദ്ധരിച്ചത്. 9 തവണ അവർ മോദിയെ പരാമർശിച്ചു.

‘പൂർണ ബജറ്റ് ഞങ്ങളുടെ സർക്കാർ ജൂലൈയിൽ അവതരിപ്പിക്കും’

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

∙ പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. നിലവിലെ ആദായ നികുതി സ്ലാബുകൾ തുടരും

∙ പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ പാർപ്പിട പദ്ധതിയിൽ 5 വർഷംകൊണ്ട് 2 കോടി വീടുകൾകൂടി

∙ ഇടത്തരക്കാർക്കു വീടു വാങ്ങാൻ പുതിയ സഹായ പദ്ധതി

∙ പുരപ്പുറ സൗരോർജ പദ്ധതിയുടെ മെച്ചം ഒരു കോടി വീടുകൾക്ക്

∙ ആയുഷ്മാൻ ആരോഗ്യ പദ്ധതിയുടെ ആനുകൂല്യം ആഷ, അങ്കണവാടി ജീവനക്കാർക്കും ഹെൽ‍പ്പർമാർ‍ക്കും

∙ കാർഷികോൽപന്നങ്ങളുടെ സംഭരണ, വിതരണ ശൃംഖലകൾ, സംസ്കരണം, മാർക്കറ്റിങ്, ബ്രാൻഡിങ് എന്നിവ മെച്ചപ്പെടുത്താൻ പൊതു–സ്വകാര്യ മുതൽമുടക്ക് ഊർജിതമാക്കും

∙ സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാൻ സ്വാശ്രയ സംഘങ്ങളിലൂടെ നടപ്പാക്കുന്ന ‘ലാഖ്പതി ദീദി’ പരിശീലന പദ്ധതിയിൽ ഒരു കോടി പേരെക്കൂടി ഉൾപ്പെടുത്തും

∙ ഗർഭാശയ കാൻസർ പ്രതിരോധം സാർവത്രിക കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമാക്കും.

∙ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവുകൾ 2025 മാർ‍ച്ച് 31വരെ നീട്ടി

∙ ഗവേഷണ–വികസന സംരംഭങ്ങൾക്ക് കുറഞ്ഞ നിരക്കിലോ പലിശരഹിതമായോ ദീർഘകാല വായ്പ നൽകുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ സഞ്ചിത നിധി

∙ ചരക്ക് നീക്കം, തുറമുഖങ്ങളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തൽ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയ്ക്കായി 3 റെയിൽവേ ഇടനാഴികൾ

∙ 40,000 സാധാരണ റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

∙ വൻ നഗരങ്ങൾക്കായി കൂടുതൽ‍ മെട്രോ റെയിൽ, നമോ ഭാരത് ട്രെയിൻ പദ്ധതികൾ

∙ ഇലക്ട്രിക് വാഹന ഉൽപാദനത്തിനും ചാർജിങ് സൗകര്യങ്ങൾക്കും ഇ–ബസ് പദ്ധതികൾക്കും സാമ്പത്തിക സഹായം

∙ ബിസിനസ്, കോൺഫറൻസ്, തീർഥാടന ടൂറിസം പദ്ധതികൾ വികസിപ്പിക്കാൻ സംസ്ഥാനം മുടക്കുന്നതിന് തുല്യമായ തുക പലിശയില്ലാത്ത ദീർഘകാല വായ്പയായി കേന്ദ്രം നൽകും.

∙ ലക്ഷദ്വീപിൽ ഉൾപ്പെടെ ടൂറിസം സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

∙ സംസ്ഥാനങ്ങളിലെ വികസന പദ്ധതികൾക്കായി മൊത്തം 75,000 കോടി രൂപ 50 വർഷത്തേക്ക് പലിശ രഹിത വായ്പ. നിലവിലെ പദ്ധതിയുടെ തുടർച്ചയാണിത്.

∙ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വകയിരുത്തൽ 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാക്കി.

English Summary:

Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com