ADVERTISEMENT

പുതിയ ഇന്ത്യ’ 2022 ൽ സാധ്യമാകുമെന്നാണ് 2019 ലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ‘2047 ൽ വികസിത ഇന്ത്യ’ എന്ന പ്രഖ്യാപനത്തിലൂടെ ഇത്തവണ മറ്റൊരു ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. 2025 ൽ അഞ്ചു ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയെന്ന ഏതാനും വർഷം മുൻപത്തെ ലക്ഷ്യം ആവർത്തിക്കുന്നില്ല. നികുതിമാറ്റങ്ങളൊന്നും ബജറ്റിലില്ല. എന്നാൽ, ധനമന്ത്രി പറഞ്ഞ കണക്കനുസരിച്ച് ഏകദേശം ഒരു കോടി പേർക്ക് ചെറുതുകയുടെ ആനുകൂല്യമെങ്കിലും ഉറപ്പാക്കുന്നതാണ് 1962 മുതൽ 2015 വരെ കാലയളവിലെ നിശ്ചിത പരിധിയിലുള്ള ആദായനികുതി കുടിശിക എഴുതിത്തള്ളുമെന്ന പ്രഖ്യാപനം. ജീവിതവും ബിസിനസും സുഗമമാക്കാനുള്ള നടപടിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചതെങ്കിലും വിശദാംശങ്ങൾ പരിശോധിച്ചാൽ തിരഞ്ഞെടുപ്പുകാല ആനുകൂല്യമായി വിലയിരുത്താനാകും. ഇത് മധ്യവർഗത്തിനുള്ള വലിയ ആനുകൂല്യമാണെന്ന് പ്രധാനമന്ത്രി ഇന്നലെത്തന്നെ അവകാശപ്പെടുകയും ചെയ്തു

25,000 രൂപ, 10,000 രൂപ എന്നിങ്ങനെയുള്ള കുടിശികകളാണ് എഴുതിത്തള്ളുന്നത്. ഇത് ഏകദേശം 3500 കോടി രൂപ വരുമെന്നാണു കണക്ക്: 25,000 രൂപയുടെ ഗണത്തിൽ മൊത്തം ഏകദേശം 2100 കോടി, 10,000 രൂപയുടെ ഗണത്തിൽ ഏകദേശം 1400 കോടി. ഇങ്ങനെയൊരു നടപടിക്കു 2 പ്രശ്നങ്ങളുണ്ട്: കുടിശിക വരുത്തിയ ഗണത്തിന് ആനുകൂല്യം ലഭിക്കുന്നു, ചെറിയ തുക കുടിശിക വരുത്തിയാലും ഭാവിയിലെ സർക്കാർ അത് എഴുതിത്തള്ളുമെന്ന ചിന്ത നികുതിദായകരിൽ രൂപപ്പെടുന്നു. ഈ സമീപനത്തെ സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗത്തു നിർത്താനാവില്ല. 2016 മുതൽ 2022 വരെ കാലയളവിലെ ചെറിയ തുകയുടെ നികുതി കുടിശിക എഴുതിത്തള്ളാനും സർക്കാരിന് ആലോചനയുണ്ടായിരുന്നുവെന്നാണു സൂചന.

7 വർഷം മുൻപ് ഏകദേശം 6 % ആയിരുന്ന ധനക്കമ്മി തങ്ങൾക്ക് 3.4% ആയി കുറയ്ക്കാൻ സാധിച്ചെന്നാണ് 2019 ലെ ഇടക്കാല ബജറ്റിൽ ധനമന്ത്രി പീയൂഷ് ഗോയൽ‍ പറഞ്ഞത്; 2019–20 ൽ അത് 2.5% ആക്കുമെന്നും പറഞ്ഞിരുന്നു. യുപിഎ സർക്കാരുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം. ഈ വർഷത്തെ ധനക്കമ്മി 5.8% ആണെന്നും അടുത്ത വർഷം അത് 5.1% ആയിരിക്കുമെന്നും ഇന്നലെ നിർമല സീതാരാമൻ പറഞ്ഞു. മെച്ചപ്പെട്ട സ്ഥിതിയിൽനിന്നു കൈവിട്ടുപോയ ധനക്കമ്മിയെ വീണ്ടും നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നു സർക്കാരിന് അവകാശപ്പെടാം. കോവിഡ് പ്രതിസന്ധിയാണ് ഇടക്കാലത്ത് രണ്ടാം മോദി സർക്കാരിനു പ്രശ്നമായതെങ്കിൽ, ആഗോളമാന്ദ്യമെന്ന പ്രശ്നം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്നു.

വിലക്കയറ്റ നിയന്ത്രണം മെച്ചപ്പെട്ടതാണെന്നു ധനമന്ത്രി അവകാശപ്പെടുന്നു. രൂക്ഷമായ വിലക്കയറ്റമെന്ന സ്ഥിതിക്കു കണക്കുകൾപ്രകാരം മാറ്റമുണ്ട്. എന്നാൽ, വിലക്കയറ്റം പരിഗണിക്കുമ്പോൾ പലിശ നിരക്ക് കുറയ്ക്കാവുന്ന സമയമായിട്ടില്ലെന്നാണ് റിസർവ് ബാങ്ക് കഴിഞ്ഞമാസവും പറഞ്ഞത്. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾകൂടി ഉൾപ്പെടുന്നതാവുമോ ഇനി കൊണ്ടുവരുന്ന ധവളപത്രമെന്ന ചോദ്യവുമുണ്ട്.

English Summary:

Waiver of Income Tax dues as an election benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com