ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ അധികാരമേറ്റു. ഭരണമുന്നണിയെ പിളർത്താൻ ബിജെപി അണിയറനീക്കം നടത്തിയേക്കുമെന്ന വിലയിരുത്തലിൽ ജെഎംഎം, കോൺഗ്രസ് എന്നിവയിലെ 38 എംഎൽഎമാരെ ഇന്നലെ വൈകിട്ട് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ റിസോർട്ടിലേക്കു മാറ്റി. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുത്തു.

ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും അറസ്റ്റിലാവുകയും ചെയ്ത് 26 മണിക്കൂറിനു ശേഷം, വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഗവർണർ സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ആലംഗീർ ആലം (കോൺഗ്രസ്), സത്യാനന്ദ് ഭോക്ത (ആർജെഡി) എന്നിവർ മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15നായിരുന്നു സത്യപ്രതിജ്ഞ.

10 ദിവസത്തിനകം നിയമസഭയിൽ വിശ്വാസവോട്ട് നേടാനാണ് ഗവർണർ നിർദേശിച്ചതെങ്കിലും തിങ്കളാഴ്ച തന്നെ അതിനു തയാറാണെന്ന് ഭരണപക്ഷം അറിയിച്ചു. ഹൈദരാബാദിലുള്ള എംഎൽഎമാർ നാളെ വൈകിട്ടോ തിങ്കളാഴ്ച രാവിലെയോ റാഞ്ചിയിൽ മടങ്ങിയെത്തും. അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങൾ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാവാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എംഎൽഎമാർക്കു ജെഎംഎം, കോൺഗ്രസ് നേതൃത്വങ്ങൾ നിർദേശം നൽകി. 

ജാർഖണ്ഡിൽ സത്യപ്രതിജ്ഞ വൈകിച്ച ഗവർണറുടെ നടപടിക്കെതിരെ പാർലമെന്റിൽ ഇന്നലെ ബഹളമുണ്ടായി. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും 24 മണിക്കൂറിലധികം ചംപയ് സോറന്റെ സത്യപ്രതിജ്ഞ വൈകിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇരു സഭകളിൽനിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. 

സീത സോറൻ എവിടെ? 

∙ 81 അംഗ നിയമസഭയിൽ 48 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഭരണ മുന്നണിയുടെ അവകാശവാദമെങ്കിലും ചംപയ് സോറൻ അടക്കം 43 പേരാണു കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയത്. ഹേമന്ത് സോറന്റെ സഹോദര ഭാര്യയും എംഎൽഎയുമായ സീത സോറനുൾപ്പെടെ 4 പേർ സംസ്ഥാനത്തിനു പുറത്താണെന്നാണു ജെഎംഎമ്മിന്റെ വാദം. തന്നെ മുഖ്യമന്ത്രിയാക്കാത്തതിൽ നീരസമുള്ള സീതയുമായി ബിജെപി സമ്പർക്കത്തിലാണെന്നു സൂചനയുണ്ട്. സീതയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നു ജെഎംഎം വൃത്തങ്ങൾ പറഞ്ഞു.

English Summary:

JMM leader Champai Soren took charge as Chief Minister of Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com