ചണ്ഡിഗഡിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്ന് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ ബിജെപി ജയിച്ച ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മാസി ബാലറ്റ് പേപ്പറുകളിൽ ക്രമക്കേടു കാട്ടുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇയാളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
ആംആദ്മി പാർട്ടിയും കോൺഗ്രസും ‘ഇന്ത്യ മുന്നണി’ സഖ്യമായി മത്സരിച്ച ആദ്യ പരീക്ഷണമായിരുന്നു മേയർ തിരഞ്ഞെടുപ്പ്. ചണ്ഡിഗഡിൽ ജനാധിപത്യം വിജയിച്ചെന്ന് അവകാശപ്പെട്ട ബിജെപിക്ക് കോടതിയുടെ ഇടപെടൽ കനത്ത തിരിച്ചടിയായി.
ബാലറ്റ് പേപ്പറുകളും വിഡിയോ റെക്കോർഡിങ്ങും ഉൾപ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടനെ ശേഖരിക്കാൻ പഞ്ചാബ് – ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു. ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷന്റെ നാളെ നടക്കാനിരുന്ന സമ്മേളനം കോടതി തടഞ്ഞു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കുമെന്നും അന്നു വരണാധികാരി നേരിട്ടു ഹാജരാകണമെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുമുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
വോട്ടെടുപ്പിന്റെ വിവരങ്ങൾ രേഖകളിൽ ഉൾപ്പെടുത്തും മുൻപ് വരാണാധികാരി ഏതാനും ബാലറ്റ് പേപ്പറുകളിൽ ക്രമക്കേടു കാട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരമാർശമുണ്ടായതെന്നാണ് സൂചന. ആം ആദ്മിയുടെ മേയർ സ്ഥാനാർഥി കുൽദീപ് കുമാർ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വരണാധികാരിക്ക് നോട്ടിസ് അയയ്ക്കുകയും മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കാമെന്നു പറയുകയും മാത്രമാണ് കോടതി ചെയ്തത്. തുടർന്നാണ് കുൽദീപ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സംശുദ്ധിയും പവിത്രയും സംരക്ഷിക്കാൻ തക്ക ഇടക്കാല ഉത്തരവു നൽകാതിരുന്നത് ഹൈക്കോടതിയുടെ വീഴ്ചയാണെന്നാണ് ആദ്യ നോട്ടത്തിൽ തങ്ങളുടെ അഭിപ്രായമെന്ന് ഇന്നലത്തെ ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.
സംഭവിച്ച കാര്യങ്ങൾ അമ്പരിപ്പിക്കുന്നതായി ചണ്ഡിഗഡ് ഭരണകൂടത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യം പരിഹാസ്യമായി. വരണാധികാരി ക്യാമറയിലേക്കു നോക്കിക്കൊണ്ട് ബാലറ്റ് പേപ്പറുകളിൽ ക്രമക്കേടു കാട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് ഞങ്ങളെ അമ്പരപ്പിക്കുന്നു. ഇങ്ങനെയാണോ തിരഞ്ഞെടുപ്പു നടത്തേണ്ടത്? – ചീഫ് ജസ്റ്റിസ് ചോദിച്ചു.
∙ സംഭവിച്ചത് ഇങ്ങനെ
വോട്ട് അസാധുവായ ‘മാജിക്!’
കഴിഞ്ഞ മാസം 30നാണ് ചണ്ഡിഗഡ് മേയർ, സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പു നടന്നത്. മേയർ സ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയുടെ കുൽദീപ് കുമാറിന് 20 വോട്ടും ബിജെപിയുടെ മനോജ് സൊൻകറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കുൽദീപിനു ലഭിച്ചതിൽ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനിൽ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു (16–12). ആം ആദ്മിയുടെ 8 വോട്ടുകൾ വരാണാധികാരിതന്നെ വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്ന് ആരോപണമുയർന്നു. തുടർന്ന്, സീനിയർ ഡപ്യൂട്ടി മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ ഇന്ത്യ മുന്നണി ബഹിഷ്കരിച്ചു; രണ്ടിലും ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു.
മേയർ പദവി ആം ആദ്മിക്കും മറ്റു 2 സ്ഥാനങ്ങൾ കോൺഗ്രസിനും എന്നതായിരുന്നു ഇന്ത്യ മുന്നണി ധാരണ. വോട്ടുകൾ അസാധുവായില്ലെങ്കിൽ മൂന്നിലും ജയം ഉറപ്പുമായിരുന്നു. അനിൽ മാസി ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷനിലെ 9 നോമിനേറ്റഡ് അംഗങ്ങളിൽ (ഇവർക്ക് വോട്ടവകാശമില്ല) ഒരാളാണ്.