ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്കൂൾ പൂട്ടൽ ഭീഷണിയിൽ; 4000 വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
Mail This Article
ശ്രീനഗർ ∙ ജമ്മു – കശ്മീരിലെ ആദ്യത്തെ മിഷനറി സ്കൂൾ പാട്ടക്കരാർ പുതുക്കാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജമ്മു – ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905 ൽ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ആശുപത്രിയുമാണ് പാട്ടക്കരാർ പുതുക്കാൻ സർക്കാർ വിസമ്മതിക്കുന്നതിനാൽ പ്രതിസന്ധിയിലായത്. ഇവ പ്രവർത്തിക്കുന്നത് സർക്കാർ പാട്ടത്തിനു നൽകിയ 21.25 ഏക്കർ സ്ഥലത്താണ്. ഇതിൽ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാർ 2018 ൽ അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ നൽകുകയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തെങ്കിലും പാട്ടക്കരാർ പുതുക്കി നൽകാൻ സർക്കാർ തയാറായിട്ടില്ല.
പാട്ടക്കരാർ പുതുക്കാത്തതിനാൽ 2018 നു ശേഷം ബോർഡ് പരീക്ഷ എഴുതുന്നതിന് ഇവിടത്തെ കുട്ടികളെ അടുത്തുള്ള സർക്കാർ സ്കൂളുകളിൽ റജിസ്റ്റർ ചെയ്യുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അതിനും അനുമതി നിഷേധിച്ചതോടെ സ്കൂളിൽ പ്രവേശനം നിർത്തിവച്ചിരിക്കയാണ്. 4000 വിദ്യാർഥികളും ആശുപത്രിയിലുൾപ്പെടെ 390 ജീവനക്കാരും ഉണ്ട്. 2022 ൽ വിദ്യാഭ്യാസ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടക്കരാർ പുതുക്കാതെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളും പൂട്ടണമെന്നു വ്യവസ്ഥയുണ്ട്. വിഷയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ പറഞ്ഞു.