ADVERTISEMENT

ന്യൂഡൽഹി ∙ ഗ്യാൻവാപി മസ്ജിദ് തർക്കവിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരും ഹിന്ദു വിഭാഗക്കാരും ഒറ്റക്കെട്ടാണോയെന്നു മുസ്‌ലിം വിഭാഗം ഹൈക്കോടതിയിൽ ചോദ്യമുയർത്തി. മസ്ജിദിന്റെ ഭൂഗർഭ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി കോടതി അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി പരിഗണിക്കുമ്പോഴാണു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്‌.എഫ്.എ.നഖ്‌വി ചോദ്യം ഉന്നയിച്ചത്.

കോടതിമുറിയിൽ സംസ്ഥാന അഡ്വക്കറ്റ് ജനറൽ എത്തിയതായിരുന്നു ചോദ്യത്തിനിടയാക്കിയത്. സംസ്ഥാന സർക്കാർ ഇതുവരെ കക്ഷി ചേർന്നിട്ടില്ലെന്നിരിക്കെ അഡ്വക്കറ്റ് ജനറൽ എത്തേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം സഹായിക്കാൻ എത്തിയതാണെന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ മറുപടി നൽകി. ‘സംസ്ഥാനത്തിനുള്ള നിർദേശങ്ങൾ പാസാക്കിയാൽ അത് അറിയിക്കാം. എന്തിനാണ് അദ്ദേഹം ഇവിടെ?’ നഖ്‌വി ചോദിച്ചു. താങ്കൾ കോടതിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു നഖ്‌വി മറുപടി നൽകി. ഉദ്ദേശിച്ചതു സിവിൽ കോടതിയെ ആണെന്നും ഹൈക്കോടതിയെ അല്ലെന്നു ജഡ്ജിയും വിശദീകരിച്ചു.

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്നു നേരത്തെ ഹൈക്കോടതി തിരക്കിയിരുന്നു. നിലപാടു വ്യക്തമാക്കാൻ അഡ്വക്കറ്റ് ജനറൽ സമയം തേടുകയും ചെയ്തു. ഭൂഗർഭ അറ തങ്ങളുടെ കൈവശമായിരുന്നുവെന്ന് ഇരുവിഭാഗവും തെളിയിക്കണമെന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.

English Summary:

Muslim sect raises question in High Court whether Uttar Pradesh government and Hindu sects are united on Gyanvapi Masjid dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com