ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് ഭരണകാലത്ത് സോണിയ ഗാന്ധി ഭരണഘടനയ്ക്കു മുകളിലുള്ള അധികാര കേന്ദ്രമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. കഴി‍ഞ്ഞ ദിവസം കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിന്റെ ചർച്ചയിൽ ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു നിർമല. ധവളപത്രത്തിനെതിരെ എൻ.കെ.പ്രേമചന്ദ്രനും സൗഗത റോയിയും കൊണ്ടുവന്ന ബദൽ പ്രമേയങ്ങൾ സഭ അംഗീകരിച്ചില്ല. 

‘നേതൃത്വം മോശമായതു കൊണ്ടാണ് യുപിഎ സർക്കാരിന്റെ കാലത്തു ധനസ്ഥിതി ദുർബലമായത്. 710 ഫയലുകൾ സർക്കാരിന്റെ മറികടന്ന് മറ്റൊരു അധികാര കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. പ്രധാനമന്ത്രി വിദേശത്തായിരുന്ന സമയത്ത് സർക്കാരിന്റെ ഓർഡിനൻസ് കോൺഗ്രസ് നേതാവ് പരസ്യമായി വലിച്ചു കീറുന്ന അവസ്ഥവരെയുണ്ടായി’–ധനമന്ത്രി പറഞ്ഞു

പെരുപ്പിച്ച കണക്കുകളും പൊള്ളയായ അവകാശവാദങ്ങളുമാണ് ധവളപത്രമെന്ന് എതിർത്തു സംസാരിച്ച കോൺഗ്രസിലെ മനീഷ് തിവാരി പറഞ്ഞു. വാജ്പേയി ഭരണകാലത്ത് വിലക്കയറ്റം 5.11% ആയിരുന്നു. യുപിഎ കാലത്ത് അത് 4 ശതമാനത്തിൽ താഴെ വന്നു. വാജ്പേയിയുടെ കാലത്ത് 4% ആയിരുന്ന വളർച്ചാ നിരക്ക് യുപിഎ കാലത്ത് 8.9% ആയി. യുപിഎയുടെ 10 വർഷം ജിഡിപി വളർച്ച 6.8% ആയിരുന്നു. എൻഡിഎയുടെ 10 വർഷം 5.9% ആണ്. എന്നിട്ടാണോ യുപിഎ കാലത്ത് വളർച്ചയില്ലെന്ന് ധവളപത്രം പറയുന്നത്? 

നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും ചെറുകിട ഇടത്തരം വ്യവസായങ്ങളെ തകർത്തതിനെക്കുറിച്ചു ധനമന്ത്രി മിണ്ടുന്നില്ല. വിവരാവകാശ നിയമം, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ആധാർ കാർഡ് എന്നിവ നടപ്പാക്കിയത് യുപിഎ ആണ്. യുപിഎ കാലത്ത് പെട്രോൾ ഡീസൽ വില എത്രയായിരുന്നു? ഇപ്പോഴെത്രയാണ്? പാചകവാതക വില എത്രയാണ്? – തിവാരി ചോദിച്ചു

കഴിഞ്ഞ 10 വർഷമായി രാജ്യം കടുത്ത തൊഴിലില്ലായ്മയും പണപ്പെരുപ്പവും ദാരിദ്ര്യവും നേരിടുകയാണെന്ന് ബദൽ പ്രമേയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ കനത്ത അനീതിയുണ്ടായി. 10 കൊല്ലം ഭരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയാത്തതിനാൽ അതിന്റെ ഉത്തരവാദിത്തം 10 കൊല്ലം മുൻപത്തെ യുപിഎയിൽ ആരോപിക്കുന്നത് ജനങ്ങളെ പേടിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് സമ്മേളനം തീരും; ബിജെപി അംഗങ്ങൾക്ക് വിപ്പ്

∙ ഈ സർക്കാരിന്റെ കാലത്തെ പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കു നന്ദിപറയുന്ന പ്രമേയം അവതരിപ്പിച്ചേക്കും. ബിജെപി എംപിമാർക്ക് ഇന്നു നിർബന്ധമായി ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. സുപ്രധാന നിയമ നിർമാണമുണ്ടാകുമെന്നാണു വിപ്പിൽ പറയുന്നത്.

English Summary:

Debate in parliament over White Paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com