ADVERTISEMENT

ന്യൂഡൽഹി ∙ ഖത്തറിൽ രാജ്യദ്രോഹക്കുറ്റത്തിനു തടവിലായിരുന്ന 8 ഇന്ത്യക്കാർക്കും മോചനം. ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തിരുന്നു.  തിരുവനന്തപുരം ബാലരാമപുരം താന്നിവിള ഇളമാനൂർക്കോണം ആതിരയിൽ രാഗേഷ് ഗോപകുമാർ ഉൾപ്പെടെ 7 പേർ ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. രാത്രി നാട്ടിലെത്തിയ രാഗേഷിനെ അമ്മ രമാദേവിയും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. 

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരമാണു മോചനം. ഇന്ത്യയുടെ  നയതന്ത്ര നീക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലും സഹായകരമായെന്നാണു സൂചന. 18 മാസമായി ആശങ്കയിലായിരുന്നുവെന്നും കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും ഏറെ കടപ്പാടുണ്ടെന്നും തിരിച്ചെത്തിയവർ പറഞ്ഞു.

ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നായിരുന്നു കേസ്. 

കഴിഞ്ഞവർഷം ഒക്ടോബറിൽ വിചാരണക്കോടതി 8 പേർക്കും വധശിക്ഷ വിധിച്ചു. ഡിസംബറിൽ ഖത്തർ അമീറുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. പിന്നാലെ അപ്പീൽ കോടതി വധശിക്ഷ ഇളവു ചെയ്ത് തടവുശിക്ഷയാക്കി.

കമാൻഡർ പൂർണേന്ദു തിവാരിയാണ് ഇനി മടങ്ങിവരാനുള്ളത്. ഏറ്റവും കൂടിയ തടവുശിക്ഷ തിവാരിക്കായിരുന്നു– 25 വർഷം. ഇദ്ദേഹത്തെക്കൂടി തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണെന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. 

ക്യാപ്റ്റൻമാരായ നവ്തേജ് ഗിൽ, സൗരഭ് വസിഷ്ഠ്, കമാൻഡർമാരായ അമിത് നാഗ്പാൽ, എസ്.കെ.ഗുപ്ത, ബി.കെ.വർമ, സുഗുണാങ്കർ പട്ടേൽ എന്നിവരാണു സെയിലർ രാഗേഷിനു പുറമേ മടങ്ങിയെത്തിയത്. രാഗേഷിനു 3 വർഷം തടവാണു വിധിച്ചിരുന്നത്. 4 പേർക്ക് 15 വർഷം വീതവും 2 പേർക്ക് 10 വർഷം വീതവുമായിരുന്നു തടവുശിക്ഷ.

പ്രധാനമന്ത്രി നാളെ ദോഹയിൽ

ഇന്നും നാളെയുമായുള്ള യുഎഇ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ദോഹയിലെത്തി ഖത്തർ അമീറുമായി ചർച്ച നടത്തും. അവസാന നിമിഷമാണ് യാത്രാപരിപാടി ഇങ്ങനെ പുതുക്കിയത്.

English Summary:

8 Indians released from Qatar prison; 7 people including Malayali Ragesh reaches india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com