ADVERTISEMENT

ന്യൂഡൽഹി ∙ സോണിയ ഗാന്ധി തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിക്കുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ മത്സരിച്ചേക്കില്ല. പകരം, രാജസ്ഥാനിൽനിന്ന് അവരെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത് പരിഗണനയിലാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

അനാരോഗ്യം മൂലം പ്രചാരണത്തിനിറങ്ങാൻ സാധിക്കാത്തതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനം. സോണിയ മാറുമ്പോൾ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കുന്നുണ്ട്. 1999 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ കളത്തിലിറങ്ങിയത്. 

കർണാടകയിലെ ബെള്ളാരി, യുപിയിലെ അമേഠി സീറ്റുകളിൽ അന്ന് ജയിച്ച സോണിയ അമേഠി നിലനിർത്തി. 2004 ൽ അമേഠി രാഹുലിനു കൈമാറിയാണ് അവർ റായ്ബറേലിയിലെത്തിയത്. ഈ മാസം 27നാണു രാജസ്ഥാൻ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ്.

മുതിർന്ന നേതാവ് കമൽനാഥ് പാർട്ടി വിടാനുള്ള സാധ്യത കുറവാണെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യകാര്യങ്ങൾ ചർച്ച ചെയ്തു. മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സഖ്യ ചർച്ചകൾ ഉടൻ പൂർ‌ത്തിയാക്കും. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 38 എണ്ണത്തിൽ ഏകദേശ ധാരണയായി. സംസ്ഥാനത്ത് കോൺഗ്രസ് 18 സീറ്റിൽ മത്സരിച്ചേക്കും. 

ഇടഞ്ഞുനിൽക്കുന്ന മമത ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി) എന്നിവരുമായി സഖ്യം യാഥാർഥ്യമാക്കാൻ കോൺഗ്രസ് പരമാവധി പരിശ്രമിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

English Summary:

Sonia gandhi no more to Lok Sabha contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com