ADVERTISEMENT

ന്യൂഡൽഹി ∙ ചൊവ്വാഴ്ച കോൺഗ്രസ് വിട്ടെത്തിയ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന് മഹാരാഷ്ട്രയിൽ ബിജെപി രാജ്യസഭാ സീറ്റു നൽകി.കോൺഗ്രസ് മുൻ പ്രവർത്തകസമിതി അംഗവും പിസിസി മുൻ അധ്യക്ഷനുമാണ് ചവാൻ. കാലാവധി പൂർത്തിയാക്കുന്ന കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കു പകരം അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. 

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ. മുരുകൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരും വീണ്ടും രാജ്യസഭയിലെത്തുമെന്ന് പാർട്ടി ഇന്നലെ പുറത്തുവിട്ട സ്ഥാനാർഥി പട്ടിക വ്യക്തമാക്കുന്നു. ഒഡീഷയിൽ നിന്നു വീണ്ടും ബിജെഡി പിന്തുണയോടെയാണു അശ്വിനി വൈഷ്ണവ് രാജ്യസഭയിലേക്കെത്തുന്നത്. തമിഴ്നാട് സ്വദേശി എൽ. മുരുകനെ മധ്യപ്രദേശിൽ നിന്നാണു വീണ്ടും നാമനിർദേശം ചെയ്തിരിക്കുന്നത്. 

ഹിമാചൽ പ്രദേശിൽ നിന്നു കഴിഞ്ഞ തവണ രാജ്യസഭയിലെത്തിയ ജെ.പി.നഡ്ഡ ഇത്തവണ ഗുജറാത്തിലാണു സ്ഥാനാർഥിയാകുക. വജ്രവ്യാപാരിയും ശ്രീകൃഷ്ണ എക്സ്പോർട്സ് ഉടമയുമായ ഗോവിന്ദ്ഭായ് ധൊലാക്യ, ജസ്വന്ത്‌സിങ് പർമർ, മയങ്ക് നായക് എന്നിവർക്കും ഗുജറാത്തിൽ നിന്നു ബിജെപിയുടെ നാമനിർദേശമുണ്ട്. 

മേധാ കുൽക്കർണി, ഡോ. അജിത് ഗോപ്ചാഡെ (മഹാരാഷ്ട്ര), ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബൻസിലാൽ ഗുജ്ജർ (മധ്യപ്രദേശ്) എന്നിവരും പട്ടികയിലുണ്ട്. കർണാടകയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പകരം ഹിന്ദുത്വ നേതാവ് നാരായണ കൃഷ്ണസ ബണ്ഡഗെയെയാണ് ബിജെപി സ്ഥാനാർഥി. മിലിന്ദ് ദേവ്റയെ ശിവസേനാ ഷിൻഡെ വിഭാഗം മഹാരാഷ്ട്രയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 

കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ എന്നീ ബിജെപി എംപിമാരും മഹാരാഷ്ട്രയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 6 സീറ്റുകളിൽ അഞ്ചിലും എൻഡിഎയ്ക്ക് വിജയം ഉറപ്പാണ്. ആറാമത്തെ സീറ്റിൽ കോൺഗ്രസിന് ജയസാധ്യത നിലനിൽക്കുന്നുവെങ്കിലും അട്ടിമറിക്കാണ് ബിജെപി നീക്കം. 

English Summary:

Ashok Chavan BJP candidate in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com