കോൺഗ്രസ് അക്കൗണ്ടുകൾ: 5 വർഷം മുൻപത്തെ വീഴ്ച; നടപടി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്
Mail This Article
ന്യൂഡൽഹി ∙ 2017– 19 ൽ നികുതി അടയ്ക്കുന്നതിൽ കോൺഗ്രസ് വീഴ്ച വരുത്തിയതിന്റെ പേരിലാണു പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. എന്നാൽ, 5 വർഷം മുൻപ് റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന്റെ പേരിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി രാഷ്ട്രീയപ്രേരിതമാണെന്നു കോൺഗ്രസ് ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി പൊതുജനങ്ങളിൽനിന്നു ക്രൗഡ്ഫണ്ടിങ് വഴി സ്വീകരിച്ച പണമടക്കം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണെന്ന് ഇൻകം ടാക്സ് അപ്‌ലറ്റ് ട്രൈബ്യൂണലിൽ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ഹാജരായ വിവേക് തൻഖ എംപി പറഞ്ഞു.
അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾക്കു പോലും പണമില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയുള്ള നടപടിയിലൂടെ ബാങ്ക് അക്കൗണ്ടുകളല്ല മറിച്ച്, രാജ്യത്തെ ജനാധിപത്യത്തെയാണു കേന്ദ്ര സർക്കാർ മരവിപ്പിച്ചതെന്നും കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചു. കഴിഞ്ഞ ദിവസം പലർക്കായി പാർട്ടി നൽകിയ ചെക്കുകൾ ബാങ്കുകൾ മടക്കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ച വിവരമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് വാദം ഇങ്ങനെ: 2018– 19 ൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ 45 ദിവസത്തെ കാലതാമസമുണ്ടായി. 2019 ൽ എംപിമാർ, എംഎൽഎമാർ എന്നിവരിൽനിന്ന് 14.40 ലക്ഷം രൂപ പണമായി പാർട്ടി സ്വീകരിച്ചു. ഇതിന്റെ പേരിലാണ് 210 കോടി രൂപ നികുതി അടയ്ക്കാൻ നോട്ടിസയച്ചിരിക്കുന്നത്.
ജനത്തിന്റെ കരുത്തിലാണ് കോൺഗ്രസ് നിലകൊള്ളുന്നത്
ഭയപ്പെടേണ്ട മോദിജി. പണത്തിന്റെ കരുത്തിലല്ല, ജനത്തിന്റെ കരുത്തിലാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ഏകാധിപത്യത്തിനു മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിച്ചിട്ടില്ല; ഇനി തലകുനിക്കുകയുമില്ല. -രാഹുൽ ഗാന്ധി
രാജ്യത്ത് തിരഞ്ഞെടുപ്പു പോലും ഉണ്ടാവില്ല
അധികാരത്തിന്റെ മത്തു പിടിച്ച മോദി സർക്കാർ മുഖ്യപ്രതിപക്ഷ കക്ഷിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ജനാധിപത്യത്തിനു മേലുള്ള കനത്ത ആഘാതമാണിത്. ഭാവിയിൽ രാജ്യത്ത് തിരഞ്ഞെടുപ്പു പോലും ഉണ്ടാവില്ലെന്ന് ഇതുകൊണ്ടാണ് ഞാൻ മുൻപ് പറഞ്ഞത്. -മല്ലികാർജുൻ ഖർഗെ (കോൺഗ്രസ് പ്രസിഡന്റ്).