ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാരിൽ ചിലരും ഡൽഹിയിലെത്തി. താൻ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളിൽ അധികം ആവേശം കാണിക്കരുതെന്നു കമൽനാഥ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമൽനാഥ് പാർട്ടി വിടില്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് ഭോപാലിൽ പറഞ്ഞു.

കമൽനാഥും മകൻ നകുൽനാഥ് എംപിയും ശനിയാഴ്ച ഡൽഹിയിലെത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, താൻ ഒരു ബിജെപി നേതാവുമായും ചർച്ച നടത്തിയിട്ടില്ലെന്നും പാർട്ടി വിടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മാധ്യമങ്ങളെ ആദ്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളിൽ അതൃപ്തിയുണ്ടെന്നു കമൽനാഥ് വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശിലെ 66 കോൺഗ്രസ് എംഎൽഎമാരിൽ 3 പേരാണു ഡൽഹിയിലെത്തിയിരിക്കുന്നത്. ഇനിയും കൂടുതൽ പേർ എത്തുമെന്ന് അവർ പറഞ്ഞു. 23 എംഎൽഎമാരെങ്കിലും പാർട്ടി മാറിയാൽ കൂറുമാറ്റ നിരോധന നിയമത്തിൽനിന്നു രക്ഷപ്പെടാനാകും.

എന്നാൽ, കമൽനാഥ് എത്തുന്നതിനോട് ബിജെപിയിൽ വലിയ ആവേശമില്ല. കമൽനാഥിനോടു കലഹിച്ചു 2020ൽ 22 എംഎൽഎമാരുമായി കോൺഗ്രസ് വിട്ട സിന്ധ്യ വിഭാഗത്തിനും താൽപര്യമില്ല.

കമൽനാഥിനെ ‘ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ മകനാ’യാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കോൺഗ്രസിനോടൊപ്പമാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ദിഗ്‌വിജയിന്റെ അടുത്തയാളായ അശോക് സിങ്ങിനെയാണ് കോൺഗ്രസ് മധ്യപ്രദേശിൽ രാജ്യസഭാ സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്.

കോൺഗ്രസ് വിടില്ലെന്ന് മനീഷ് തിവാരി

പഞ്ചാബിലെ കോൺഗ്രസ് എംപി മനീഷ് തിവാരി പാർട്ടി വിടുന്നുവെന്ന വാർത്ത അദ്ദേഹത്തിന്റെ ഓഫിസ് നിഷേധിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള കുപ്രചാരണമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ, ജയിൽമോചിതനായ ശേഷം സജീവരാഷ്ട്രീയത്തിലില്ലാത്ത മുൻ പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു മടങ്ങുമെന്നും പ്രചാരണമുണ്ട്. സിദ്ദു പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ കൂടുതൽ എംഎൽഎമാർ കോൺഗ്രസ് വിട്ടേക്കും

മുംബൈ ∙ അശോക് ചവാനു പിന്നാലെ കൂടുതൽ എംഎൽഎമാർ പാർട്ടി വിട്ടേക്കുമെന്ന ആശങ്കയിൽ കോൺഗ്രസ്. പാർട്ടി സംഘടിപ്പിച്ച ശിബിരത്തിൽനിന്ന് 10 പേർ വിട്ടുനിന്നതോടെയാണ് അഭ്യൂഹം പ്രചരിച്ചത്. ചവാന്റെ പ്രവർത്തനമേഖലയായ നാന്ദേഡിൽനിന്നുള്ള 3 എംഎൽഎമാർ വിട്ടുനിന്നവരിൽ ഉൾപ്പെടുന്നു.

ഈയിടെ എൻസിപിയിൽ ചേർന്ന മുംബൈയിൽനിന്നുള്ള കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖിയും മുംബൈയിലെ ഡോംഗ്രി മേഖലയെ പ്രതിനിധീകരിക്കുന്ന അമീൻ പട്ടേലും പാർട്ടി വിട്ടേക്കും. ഷീസാൻ എൻസിപിയിൽ ചേരുമെന്നാണു സൂചന.

പാർട്ടി ശിബിരത്തിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകുമെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പഠോളെ അറിയിച്ചു. നടപടിക്കു മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തലയും നിർദേശം നൽകി.

English Summary:

Three MLAs supporting Kamal Nath reaches Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com