ADVERTISEMENT

ഇംഫാൽ ∙ മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദനിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി മുൻ ഉത്തരവു പരിഷ്കരിച്ചു. മെയ്തെയ് വിഭാഗത്തെ പട്ടികവർഗമാക്കാൻ സംസ്ഥാനസർക്കാരിനു കേന്ദ്രത്തോടു ശുപാർശ ചെയ്യാവുന്നതാണെന്ന 2023 മാർച്ച് 27ലെ ഉത്തരവിലെ ഭാഗം ഒഴിവാക്കിയാണു ജസ്റ്റിസ് ജി. ഗയ്ഫുൽഷില്ലുവിന്റെ ബെഞ്ച് ഉത്തരവു പരിഷ്കരിച്ചത്. പുനഃപരിശോധനാ ഹർജി പരിഗണിച്ചാണു നടപടി. മണിപ്പുർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ എം.വി.മുരളീധരൻ പുറപ്പെടുവിച്ചതാണ് മാർച്ച് 27ലെ ഉത്തരവ്.

ഇതാണ് പിന്നീടു കലാപത്തിനു പ്രേരകമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരവിലെ 17(3) ഭാഗം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നിരീക്ഷണത്തിന് എതിരാണെന്നും അതനുസരിച്ച് ആ ഭാഗം ഒഴിവാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ജി. ഗയ്ഫുൽഷില്ലു വ്യക്തമാക്കി. ഒരു സമുദായത്തെ പട്ടികവർഗത്തിൽ ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഭരണഘടനയുടെ 342–ാം വകുപ്പു പ്രകാരം കേന്ദ്ര സർക്കാരിന്റെ നടപടിക്രമമുണ്ട്. ഇതും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും കണക്കിലെടുത്താണു പുനഃപരിശോധന ആവശ്യമാണെന്നതിലേക്ക് എത്തിയത്. പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ കോടതിക്ക് ഉത്തരവിടാനാവില്ലെന്നും അതു രാഷ്ട്രപതിയുടെ പ്രത്യേകാവകാശമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

മാർച്ച് 27ലെ ഉത്തരവിലേക്കു നയിച്ച കേസിലെ ഹർജിക്കാർ തന്നെയാണ് പുനഃപരിശോധന ഹർജിയും നൽകിയത്. ജസ്റ്റിസ് മുരളീധരൻ പുറപ്പെടുവിച്ച ഉത്തരവു വസ്തുതാപരമായും ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച തത്വങ്ങൾക്ക് എതിരാണെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചതാണ്. അപ്പീൽ മണിപ്പുർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിധിയിലാണെന്നതു കണക്കിലെടുത്ത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയാറായിരുന്നില്ല. മെയ്തെയ് വിഭാഗക്കാരായ 8 പേർ നൽകിയ റിട്ട് ഹർജിയിലായിരുന്നു ജസ്റ്റിസ് മുരളീധരൻ ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ (എടിഎസ്‌യുഎം) നടത്തിയ പ്രതിഷേധ സമരം മണിപ്പുരിലെങ്ങും മെയ്തെയ്–കുക്കി കലാപമായി വ്യാപിച്ചു.

English Summary:

High Court removed the controversial order that led to the Manipur riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com