കോൺഗ്രസിന്റെ പണം ബിജെപി മോഷ്ടിച്ചു: വേണുഗോപാൽ
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യ പ്രതിപക്ഷകക്ഷിയുടെ പണം ബിജെപിയും കേന്ദ്ര സർക്കാരും കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. ഇത്തരത്തിൽ തരംതാണ രാഷ്ട്രീയ ആക്രമണം രാജ്യചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു നികുതിയിനത്തിൽ 65.25 കോടി രൂപ ആദായനികുതി വകുപ്പ് ഈടാക്കിയതു ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
‘ബിജെപി ഇതുവരെ നികുതി അടച്ചിട്ടുണ്ടോ? വൻകിട കോർപറേറ്റുകളുടെ പണമാണു ബിജെപിയുടെ പക്കലുള്ളത്. സാധാരണക്കാരിൽനിന്നാണു കോൺഗ്രസ് സംഭാവന വാങ്ങിയത്. ആ പണമാണ് ബിജെപിയും കേന്ദ്രവും മോഷ്ടിച്ചത്. പ്രതിപക്ഷത്തെയാകെ നിശ്ശബ്ദമാക്കാനാണു ബിജെപിയുടെ ശ്രമം. അതിനെതിരെ കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങും’– വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രീയകക്ഷികളെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസ് സ്വരൂപിച്ച പണം കേന്ദ്ര സർക്കാർ തട്ടിയെടുക്കുകയാണെന്നു ട്രഷറർ അജയ് മാക്കൻ കുറ്റപ്പെടുത്തി. പ്രവർത്തകർ അടച്ച അംഗത്വ ഫീസാണ് യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽനിന്നു തട്ടിയെടുത്തതെന്ന് പ്രസിഡന്റ് ബി.വി.ശ്രീനിവാസ് പറഞ്ഞു.