സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും ഫോണിൽ തെളിയും; വൈകാതെ നടപ്പാക്കും

Mail This Article
ന്യൂഡൽഹി ∙ മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാർശ ചെയ്തു. തട്ടിപ്പ് കോളുകൾ തടയുകയാണ് ലക്ഷ്യം.
ഇത് നടപ്പാക്കിയാൽ ‘ട്രൂകോളർ’ ആപ്പില്ലാതെ തന്നെ, ഫോൺ വിളിക്കുന്നത് ആരെന്ന് നമുക്കറിയാം. ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രം സിഎൻഎപി സൗകര്യം പ്രവർത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാൾക്ക് പേര് മറച്ചുവയ്ക്കണമെങ്കിൽ അതിനും സംവിധാനമുണ്ടാകും.
സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുൻപ് ഒരു ടെലികോം സർക്കിളിൽ പരീക്ഷണം നടത്തും.
കമ്പനികളുടെ ബൾക്ക് കോർപറേറ്റ് കണക‍്ഷനുകളിൽ നിന്നുള്ള കോളുകളിൽ ട്രേഡ്മാർക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ് ശുപാർശ നൽകിയത്.