പുതിയ ക്രിമിനൽ നിയമങ്ങൾ: ആൾക്കൂട്ട ആക്രമണത്തിന് വധശിക്ഷ വരെ

Mail This Article
ന്യൂഡൽഹി ∙ ജൂലൈ ഒന്നു മുതൽ രാജ്യത്തു പ്രാബല്യത്തിലാകുന്ന പുതിയ ക്രിമിനൽ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകളിൽ ചിലത്:
∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ.
∙ വർഗം, ജാതി, സമുദായം എന്നിവ അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം.
∙ കുറ്റകൃത്യത്തിൽ ഇരയ്ക്കു പ്രാമുഖ്യം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി; ഇരയാകുന്നവർക്ക് അഭിപ്രായം വ്യക്തമാക്കുന്നതിനും വിവരം ലഭിക്കുന്നതിനും നഷ്ടപരിഹാരത്തിനുമുള്ള അർഹത അവകാശമാക്കി. എവിടെനിന്നും പരാതി നൽകി എഫ്ഐആർ റജിസ്റ്റർ ചെയ്യാം. പണം നൽകാതെ തന്നെ എഫ്ഐആർ പകർപ്പ് പരാതിക്കാർക്കു നൽകണം, അന്വേഷണ പുരോഗതി 90 ദിവസത്തിനകം അറിയിക്കണം.
∙ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും തത്തുല്യമായ വ്യവസ്ഥയുണ്ട്. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ പരാമാധികാരത്തെയും അഖണ്ഡതയെയും ഐക്യത്തെയും വെല്ലുവിളിക്കുന്നതും 152–ാം വകുപ്പുപ്രകാരം കുറ്റകരം.
∙ ലൈംഗികാതിക്രമം കൈകാര്യം ചെയ്യാൻ ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ’ എന്ന പുതിയ അധ്യായം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ കൂട്ടബലാത്സംഗക്കേസിൽ ബന്ധപ്പെട്ട വകുപ്പുകളും ‘പോക്സോ’ നിയമവും ഒന്നിച്ചു കണക്കിലെടുക്കും. ഇതു ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റം. കൂട്ടബലാത്സംഗക്കേസുകളിൽ കുറഞ്ഞത് 20 വർഷമോ ജീവപര്യന്തമോ ശിക്ഷയ്ക്കുള്ള വ്യവസ്ഥ. വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗിക മുതലെടുപ്പിനും ശിക്ഷയ്ക്കു വ്യവസ്ഥ.
∙ തീവ്രവാദക്കുറ്റത്തിനു പുതിയ നിർവചനം. വധശിക്ഷയോ പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റം. പൊതുസ്ഥാപനങ്ങളോ സ്വകാര്യ സ്വത്തോ തകർക്കുന്നതും വകുപ്പിന്റെ പരിധിയിൽ വരും. സംഘടിതമായുള്ള നിയമവിരുദ്ധ പ്രവർത്തനം സംഘടിത കുറ്റകൃത്യമായി നിർവചിച്ചു. സായുധ വിമത പ്രവർത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യൽ തുടങ്ങിയവ വകുപ്പിന്റെ പരിധിയിലുണ്ട്.
∙ ചെറിയ കുറ്റകൃത്യങ്ങൾ 7 വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാക്കി. ആൾനാശമുണ്ടായാൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷിക്കും. 10 ലക്ഷം രൂപയിൽ കുറയാതെ പിഴയുമുണ്ട്. ഇവരെ സഹായിക്കുന്നവർക്കും ശിക്ഷ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും നിർവചനം നൽകി.
∙ ഒരാൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയോ ഇതിന്റെ വക്കോളമെത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ കടുത്ത ശിക്ഷയ്ക്കും വ്യവസ്ഥ.
∙ ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട 106–ാം വകുപ്പു പ്രകാരം തിടുക്കപ്പെട്ടുള്ളതോ അശ്രദ്ധയോടെയുള്ളതോ ആയ പ്രവൃത്തി ഒരാളുടെ മരണത്തിലേക്ക് നയിച്ചാൽ 5 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. എന്നാൽ, ചികിത്സ നൽകുന്നതിനിടെ റജിസ്റ്റേഡ് ഡോക്ടർമാരുടെ പിഴവു മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ പരമാവധി 2 വർഷം വരെ തടവും പിഴയുമാണ്.