ADVERTISEMENT

ന്യൂഡൽഹി∙ അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), അരവിന്ദ് കേജ്‌രിവാൾ (‍ആം ആദ്മി പാർട്ടി) അടക്കമുള്ളവർ കോൺഗ്രസുമായി കൈകോർത്തതോടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 – 450 സീറ്റിൽ പൊതുസ്ഥാനാർഥിയെ നിർത്താനുള്ള നീക്കവുമായി ‘ഇന്ത്യ’ മുന്നണി മുന്നോട്ട്.

എന്നാൽ, ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും തൃണമൂൽ നേതാവ് അഭിഷേക് ബാനർജി വ്യക്തമാക്കിയതു തിരിച്ചടിയായി. തൃണമൂലിനെ അനുനയിപ്പിക്കാൻ ശരദ് പവാർ അടക്കം പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ ഇടപെട്ടേക്കും.

നിലവിലെ സാഹചര്യത്തിൽ കേരളം, പഞ്ചാബ്, ബംഗാൾ, ജമ്മു കശ്മീർ എന്നിവയൊഴികെയുള്ള സംസ്ഥാനങ്ങളിൽ പൊതുസ്ഥാനാർഥിയെ നിർത്താൻ ധാരണയായിട്ടുണ്ട്. ബംഗാളിലും ജമ്മു കശ്മീരിലും ചർച്ചകൾ തുടരുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ബംഗാളിനു പുറമേ മേഘാലയയിലും തൃണമൂലുമായി ധാരണയുണ്ടാക്കുന്നതു കോൺഗ്രസ് പരിഗണിക്കുന്നു.

∙ എൻഡിഎയും ഇന്ത്യ മുന്നണിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനങ്ങൾ: ഹരിയാന, ഗുജറാത്ത്, അസം, കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ, ജാർഖണ്ഡ്, ഗോവ. ആകെ 263 സീറ്റ്.

ഇതിൽ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച പൂർത്തിയായിട്ടില്ല.

∙ ഇന്ത്യ മുന്നണി, എൻഡിഎ, പ്രാദേശിക കക്ഷി എന്നിവ അണിനിരക്കുന്ന ത്രികോണ പോരാട്ട സംസ്ഥാനങ്ങൾ – യുപി, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ഒഡീഷ. 183 സീറ്റ്.

ബംഗാളിൽ വോട്ട് ഭിന്നിപ്പിക്കില്ല

ബംഗാളിൽ തൃണമൂലുമായി സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ല. പാർട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ മാത്രം മത്സരിച്ചാൽ മതിയെന്നും എല്ലായിടത്തും സ്ഥാനാർഥികളെ നിർത്തി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടവരുത്തരുതെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്.

ഹൈക്കമാൻഡിന്റെ നിലപാട് നടപ്പായാൽ ആകെയുള്ള 42ൽ മത്സരിക്കുന്നത് 10 – 15 സീറ്റിൽ മാത്രമായിരിക്കും. എന്നാൽ, ഇടതുപക്ഷവുമായി ചേർന്നു സംസ്ഥാനത്തുടനീളം മത്സരിക്കണമെന്നാണു സംസ്ഥാന ഘടകത്തിന്റെ വാദം.

സഖ്യമുണ്ടെങ്കിലും‘ഇന്ത്യ’ പിന്നിൽ

ഡൽഹി, യുപി എന്നിവിടങ്ങളിൽ സഖ്യത്തിനു രൂപമായെങ്കിലും ബിജെപിയെ വീഴ്ത്തുക ഇന്ത്യ മുന്നണിക്കു ദുഷ്കര ദൗത്യമാകും. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം ഇരു സംസ്ഥാനങ്ങളിലും ഇന്ത്യ കക്ഷികളെക്കാൾ ബഹുദൂരം മുന്നിലാണ് ബിജെപി. ഡൽഹിയിൽ ബിജെപി 56.9% വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. കോൺഗ്രസ് 22.6 %, ആം ആദ്മി 18.2 %. ഡൽഹിയിലെ 7 സീറ്റിലും ബിജെപി 50 ശതമാനത്തിനു മുകളിൽ വോട്ട് നേടിയിരുന്നു. 

യുപിയിൽ 49.98 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. എസ്പി (18.11), കോൺഗ്രസ് (6.36) എന്നിവ ചേർന്നാലും ബിജെപി ഏറെ മുന്നിലാണ്.

ന്യായ് യാത്രയിൽ അഖിലേഷ്

ഭാരത് ജോ‍ഡോ ന്യായ് യാത്രയിൽ രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം അണിനിരന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്നും ആഗ്രയിലെ റാലിയിൽ അദ്ദേഹം പറഞ്ഞു. യാത്രയിൽ പങ്കാളിയായ അഖിലേഷിനും സമാജ്‌വാദി പ്രവർത്തകർക്കും നന്ദി പറഞ്ഞ രാഹുൽ, പ്രതിപക്ഷ നിര ഒന്നിച്ചു നിൽക്കുമെന്നു വ്യക്തമാക്കി. ബിഹാറിലെ ആർജെഡി നേതാവ് തേജസ്വി യാദവിനു ശേഷം യാത്രയുടെ ഭാഗമാകുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് അഖിലേഷ്.

English Summary:

Loksabha Election 2024 : India Bloc with the move to field common candidates in 400-450 seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com