എൻഡിഎ മുന്നണിയിലേക്ക് 2 കക്ഷികൾ കൂടി
Mail This Article
ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രി ജി.കെ.വാസന്റെ തമിഴ് മാനില കോൺഗ്രസ് (ടിഎംസി), ടി.ആർ.പാരിവേന്ദർ എംപിയുടെ ഇന്ത്യൻ ജനനായക കക്ഷി (ഐജെകെ) എന്നീ പാർട്ടികൾ എൻഡിഎ സഖ്യത്തിൽ ചേർന്നു. 1996 ൽ ജി.കെ.മൂപ്പനാർ സ്ഥാപിച്ച ടിഎംസി 2002 ൽ കോൺഗ്രസിൽ ലയിച്ചെങ്കിലും ഭിന്നതകളെ തുടർന്ന് 2014 ൽ വീണ്ടും പ്രത്യേക പാർട്ടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിലാണു മത്സരിച്ചത്. ഐജെകെ നേതാവാണെങ്കിലും ഡിഎംകെ ചിഹ്നത്തിൽ മത്സരിച്ചാണ് പാരിവേന്ദർ എംപിയായത്.
നിർദേശം തേടി ബിജെപി വണ്ടി
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലേക്കു ജനങ്ങളിൽനിന്നു നിർദേശങ്ങൾ തേടി ബിജെപിയുടെ വിഡിയോ വാൻ പര്യടനം. ‘വികസിത് ഭാരത് മോദി കി ഗാരന്റി’ എന്ന പേരിലുള്ള പ്രചാരണം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തുടനീളം പ്രചാരം നടത്തുന്ന വാഹനങ്ങൾ പ്രകടന പത്രികയിലേക്കു നിർദേശങ്ങൾ ക്ഷണിക്കും. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലൂടെയും നടക്കുന്ന പര്യടനം മാർച്ച് 15നു പൂർത്തിയാകും.
ജാർഖണ്ഡിൽ കോൺഗ്രസ് എംപി ബിജെപിയിൽ
ന്യൂഡൽഹി ∙ ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി: ഗീത കോഡ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്. ജാർഖണ്ഡ് മുക്തി മോർച്ചയുമായുള്ള (ജെഎംഎം) കോൺഗ്രസ് സഖ്യത്തിൽ ഇവർ അതൃപ്തയായിരുന്നു. സിങ്ഭൂമിൽ നിന്നുള്ള എംപിയാണ് ഗീത. വൈകാതെ മധു കോഡയും ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറാണ്ഡി പറഞ്ഞു.