‘ദയകാട്ടും പോലെയല്ല നഷ്ടപരിഹാരം നൽകേണ്ടത്; സർക്കാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമല്ല’
Mail This Article
ന്യൂഡൽഹി ∙ സ്വകാര്യ സ്ഥലമേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകുന്നതു സർക്കാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം അല്ലെന്ന് സുപ്രീം കോടതി. വർഷങ്ങളോളം ഭൂമി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും പിന്നീടു മഹാമനസ്കത കാട്ടുംപോലെ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുന്ന സർക്കാർ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൗലികാവകാശമല്ലെങ്കിലും ഭരണഘടനയുടെ 300എ വകുപ്പുപ്രകാരം സ്വത്തവകാശം ഭരണഘടനാവകാശമാണ്.
20 വർഷത്തേക്ക് ഭൂമി ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ഇല്ലാതാക്കിയിട്ടു ദയ കാട്ടുന്നതു പോലെ നഷ്ടപരിഹാരം നൽകുന്നത് അംഗീകരിക്കാനാകില്ല– കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധി ഗാസിയാബാദ് ഡെവലപ്മെന്റ് അതോറിട്ടി (ജിഡിഎ) നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജികളിലാണ് നിരീക്ഷണം. വിഷയം കോടതിയിലെത്തിയതിനു പിന്നാലെ ജിഡിഎ 407 കോടി രൂപ നഷ്ടപരിഹാര തുക അനുവദിച്ചു. നഷ്ടപരിഹാരം അനുവദിക്കേണ്ടതു കൃഷിഭൂമിക്കാണെന്നും വാസസ്ഥലത്തിനല്ലെന്നും ഹർജിക്കാർ വാദിച്ചെങ്കിലും കോടതി ഹർജി തള്ളി.