ഹൈക്കോടതി സ്റ്റേ 6 മാസം പിന്നിട്ടാൽ ഇല്ലാതാകുമെന്ന ഉത്തരവ് റദ്ദാക്കി

Mail This Article
ന്യൂഡൽഹി ∙ ഹൈക്കോടതി അനുവദിക്കുന്ന സ്റ്റേ 6 മാസം പിന്നിടുമ്പോൾ സ്വാഭാവികമായി ഇല്ലാതാകുമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പ്രത്യേക ഉത്തരവിലൂടെ നീട്ടിയില്ലെങ്കിൽ സ്റ്റേ അസാധുവാകുമെന്ന 2018ലെ സുപ്രീം കോടതിയുടെതന്നെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയത്. ഹൈക്കോടതികളുടെ സ്റ്റേ സ്വാഭാവികമായി ഇല്ലാതാകുമെന്നു വ്യക്തമാക്കാൻ സുപ്രീം കോടതിക്കു സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിക്കാനാകില്ലെന്നും വ്യക്തമാക്കി.
6 മാസം പിന്നിട്ടാൽ സ്റ്റേ ഇല്ലാതാകുമെന്ന് ഏഷ്യൻ റീസർഫേസിങ്ങും സിബിഐയും തമ്മിലുള്ള കേസിലാണ് (2018) സുപ്രീം കോടതി വിധിച്ചത്. സിവിൽ, ക്രിമിനൽ കേസുകളിലും പ്രത്യേക ഉത്തരവുണ്ടായില്ലെങ്കിൽ 6 മാസത്തിനു ശേഷം സ്റ്റേ ഇല്ലാതാകുന്ന അവസ്ഥ ഇതു സൃഷ്ടിച്ചു. സ്റ്റേയെത്തുടർന്നു നിർത്തിവച്ച കേസുകളിൽ വിചാരണ തുടരാൻ വഴിയൊരുക്കുകയും ചെയ്തു. ഇതു പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
മറ്റു കോടതികളിൽ തീർപ്പാകാനുള്ള കേസുകൾക്കു ഭരണഘടനാ കോടതികൾ സമയക്രമം നിശ്ചയിക്കരുതെന്നും ഉത്തരവിലുണ്ട്. ഹൈക്കോടതിയടക്കം ഓരോ കോടതിയിലും തീർപ്പാകാതെയുള്ള കേസുകളുടെ രീതിയും സ്വഭാവവും വ്യത്യസ്തമായിരിക്കും. ഏതെങ്കിലും കേസുകൾക്കു മുൻഗണന നൽകുന്ന കാര്യം അതതു ജഡ്ജിമാർക്കു വിടുന്നതാണു നല്ലതെന്നും അവർക്കാണ് പശ്ചാത്തലം ബോധ്യമുണ്ടാകുകയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിശ്ചിത കാലത്തേക്കെന്നു വ്യക്തമാക്കാതെയും കാര്യകാരണം സഹിതവും നൽകുന്ന സ്റ്റേ, കേസിലെ അന്തിമതീർപ്പുവരെ തുടരുമെന്ന് വിധിയോടു യോജിച്ചു പ്രത്യേക വിധിന്യായം എഴുതിയ ജസ്റ്റിസ് മനോജ് മിശ്ര വ്യക്തമാക്കി.