ADVERTISEMENT

കൊൽക്കത്ത ∙ സന്ദേശ്ഖലി അക്രമങ്ങളിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. ജനുവരി 5ന് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാണ് അറസ്റ്റ്. 55 ദിവസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം അർധരാത്രി അറസ്റ്റിലായ ഷെയ്ഖിനെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും ബംഗാളിൽ സന്ദർശനം നടത്തുന്നുണ്ട്.

റേഷൻ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു തൊട്ടുപിറകെയാണ് ഷെയ്ഖ് ഒളിവിൽ പോയത്. ഇയാളുടെ അനുയായികൾ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ചെമ്മീൻ കെട്ടുകൾ നിറഞ്ഞ സന്ദേശ്ഖലി ദ്വീപിൽ ചെമ്മീൻ കൃഷിക്കായി ആദിവാസികളുടെ ഭൂമി തൃണമൂൽ നേതാക്കൾ തട്ടിയെടുത്തെന്നാണ് കേസ്. സന്ദേശ്ഖലിയിലെ കിരീടം വയ്ക്കാത്ത രാജാവായ ഷെയ്ഖ് ഒളിവിൽ പോയതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇയാൾക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഷെയ്ഖും സംഘവും സ്ത്രീകളെ ബലാൽസംഗം ചെയ്തതായും പരാതിയുണ്ട്. ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചൂലും മുളവടികളുമായി സ്ത്രീകളുടെ സമരം തുടരുകയായിരുന്നു. 

ദേശീയ മനുഷ്യവകാശ കമ്മിഷൻ, പട്ടിക വർഗ കമ്മിഷൻ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങിയവ തെളിവെടുപ്പിനായി സന്ദേശ്ഖലിയിൽ എത്തിയിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഈ മാസം 6ന് സന്ദേശ്ഖലി സ്ഥിതിചെയ്യുന്ന സൗത്ത് 24 പർഗാനാസിൽ എത്തുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാക്കളായ ശിവപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു.

English Summary:

Trinamool Congress leader Shajahan Sheikh arrested in Sandeshkali violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com