ADVERTISEMENT

ബെംഗളൂരു ∙ 10 പേർക്കു പരുക്കേറ്റ ഹോട്ടൽ സ്ഫോടനക്കേസിൽ ബെംഗളൂരു, ധാർവാഡ‍്, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിന്ന് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യൽ തുടരുന്നു. ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫെയിൽ വെള്ളി ഉച്ചയ്ക്ക് ഐഇ‍ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു സ്ഫോടനം. യുഎപിഎ പ്രകാരമുള്ള കേസിൽ പ്രതിയെക്കുറിച്ചു വ്യക്തമായ തെളിവ് ലഭിച്ചെന്നും ഉടൻ പിടികൂടുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ഭീകരാക്രണമാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. 2022ൽ മംഗളൂരുവിൽ ഓട്ടോയിൽ കുക്കർ ബോംബ് പൊട്ടിത്തെറിച്ച സംഭവവുമായി ഇതിനു ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി. 

സിറ്റി ബസിൽ എത്തിയ ഒരാൾ, ഭക്ഷണം കഴിച്ച ശേഷം ശുചിമുറിക്കു സമീപം സഞ്ചി ഉപേക്ഷിച്ചുപോയത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെന്നാണു ഹോട്ടൽ മാനേജരുടെ മൊഴി. എന്നാൽ മാസ്കും തൊപ്പിയും ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാനായിട്ടില്ല. ബസുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.

ബെംഗളൂരു പൊലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അന്വേഷിക്കുന്ന കേസിൽ ദേശീയ കുറ്റാന്വേഷണ ഏജൻസിക്കു (എൻഐഎ) പുറമേ നാഷനൽ സെക്യൂരിറ്റി ഗാർഡും (എൻഎസ്ജി) തെളിവെടുപ്പ് നടത്തി. ബെംഗളൂരുവിനു പിന്നാലെ ഡൽഹിയും അതീവ ജാഗ്രതയിലാണ്. എല്ലായിടത്തും സുരക്ഷ ശക്തമാക്കി. പരുക്കേറ്റവരെ സിദ്ധരാമയ്യ ആശുപത്രിയിൽ സന്ദർശിച്ചു.

English Summary:

Four people in police custody in Bengaluru hotel blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com