സ്ഥാനാർഥിപ്പട്ടികയിൽ പരീക്ഷണം; മോദി മുഖമെന്ന് പ്രഖ്യാപനം, പിന്നാക്കക്കാർക്ക് മുൻഗണന

Mail This Article
ന്യൂഡൽഹി∙ ഭരണ വിരുദ്ധ വികാരത്തിന്റെ വിദൂര സാധ്യതകൾ പോലും തടയുക എന്ന ബിജെപി ലക്ഷ്യം സൂചിപ്പിക്കുന്നതാണ് ആദ്യ സ്ഥാനാർഥിപ്പട്ടിക ലക്ഷ്യമിടുന്നത്. പ്രതിപക്ഷത്തിന് ഒരു പഴുതും നൽകരുതെന്നും വൻ വിജയങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണ കൈവിട്ടു പോയ ഏതാനും മണ്ഡലങ്ങൾ കൂടി ഉറപ്പിച്ച് വിജയം പൂർണതയിലെത്തിക്കണമെന്നും ബിജെപി ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാർഥിത്വം ആദ്യമേ പ്രഖ്യാപിക്കുക വഴി മോദിയാണു മുഖമെന്ന് പാർട്ടി പ്രഖ്യാപിക്കുന്നു. ‘ഉറച്ച ഭരണം, വികസിത ഇന്ത്യ’ എന്ന മോദിയുടെ ഗാരന്റിയാണ് ബിജെപിയുടെ ഇത്തവണത്തെ മുദ്രാവാക്യം. അതോടൊപ്പം പാർട്ടി ഇത്തവണ ലക്ഷ്യമിടുന്ന യുവാക്കൾ, വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവരെയും ആദ്യപട്ടികയിൽ പരിഗണിച്ചു. 195 ൽ 102 പേർ പിന്നാക്ക വിഭാഗങ്ങളിൽ നിന്നാണ്.
57 ഒബിസി, 18 പട്ടിക വർഗക്കാർ, 27 പട്ടിക ജാതിക്കാർ എന്നിവരും 28 വനിതകളും പട്ടികയിലുണ്ട്. 50 ൽ താഴെ പ്രായമുള്ള 47 സ്ഥാനാർഥികളുണ്ട്. ഹേമമാലിനിയാണ് (75) ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി. ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വലിയ പരീക്ഷണവും പാർട്ടി നടത്തുന്നുണ്ട്. ഡൽഹിയിൽ പ്രഖ്യാപിച്ച 5 സീറ്റുകളിൽ നാലിലും നിലവിലുള്ള എംപിമാരെ മാറ്റി പുതുമുഖങ്ങളെ ഇറക്കി. ഈസ്റ്റ് ഡൽഹി എംപിയായ ഗൗതം ഗംഭീർ അടക്കമുള്ളവർ സജീവ രാഷ്ട്രീയം വിടുകയാണെന്നു ട്വീറ്റു ചെയ്തു.
മണ്ഡലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ, സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടുകൾ എന്നിവ നോക്കി, ജയസാധ്യത മാത്രം പരിഗണിച്ചാണു സ്ഥാനാർഥി നിർണയമെന്നു ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു. യുപിയിൽ പ്രഖ്യാപിച്ച 51 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ജയിച്ചവരെയെല്ലാം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 437 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. 303 എണ്ണത്തിൽ ജയിച്ചു. ഇത്തവണ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കാനും സീറ്റെണ്ണം കൂട്ടാനുമാണു ശ്രമം .