സർക്കാർ തുലാസിൽ; ഹിമാചലിൽ തമ്മിലടിയും വാക്പോരും തുടരുന്നു
Mail This Article
ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ് ഇപ്പോഴും തുലാസിലാണെന്നു വ്യക്തമാക്കി നേതാക്കളുടെ പരസ്യമായ അഭിപ്രായ പ്രകടനം. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ തോൽപിക്കാൻ വോട്ടു ചെയ്ത 6 എംഎൽഎമാരെ ‘സ്വന്തം ആത്മാവിനെ വിറ്റവർ’ എന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു പരസ്യവിമർശനം നടത്തി. 80% എംഎൽഎമാരും ഒരേ മനസ്സോടെയാണ് നിൽക്കുന്നതെന്നും ഏകോപന സമിതി വരുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനുള്ള സുഖുവിന്റെ ശ്രമം ഇന്നലെയും പാളിയെന്നാണു സൂചന. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമായിരുന്നു എന്നു പറഞ്ഞ് സുഖുവിന്റെ നേതൃത്വത്തെ വിമർശിച്ച പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ്, ബിജെപി കോൺഗ്രസിനെക്കാൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് പ്രകീർത്തിക്കുകയും ചെയ്തു.
ഹിമാചലിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങ്ങിനോട് സുഖു സർക്കാർ അനാദരവു കാട്ടിയെന്നാണു ഭാര്യയായ പ്രതിഭയുടെയും മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിന്റെയും വിമർശനം. വിക്രമാദിത്യ സിങ് ഔദ്യോഗിക പദവിയെക്കുറിച്ചുള്ള വിശേഷണങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒഴിവാക്കി പകരം ഹിമാചലിന്റെ സേവകനെന്നാക്കിയതു ചർച്ചയായി.
ഇതിനിടെ, സുഖുവിനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനവുമായി വിമത എംഎൽഎമാരിലെ പ്രധാനി രജീന്ദർ റാണ രംഗത്തെത്തി. കുറഞ്ഞത് 9 എംഎൽഎമാരെങ്കിലും തങ്ങൾക്കൊപ്പമുണ്ടെന്ന അവകാശവാദവും അദ്ദേഹം നടത്തി. അയോഗ്യരാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സ്പീക്കറുടെ തീരുമാനം സമ്മർദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രവർത്തകർക്കെതിരെ സുഖു പൊലീസിനെ ഉപയോഗിച്ചു നടപടി സ്വീകരിക്കുന്നതായും പറഞ്ഞു. ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഹിമാചൽ പ്രദേശിൽ നിന്നുള്ള പാർട്ടി നേതാക്കളെ പരിഗണിക്കാതെ ഡൽഹിയിൽ നിന്ന് അഭിഷേക് മനു സിങ്‍വിയെ മത്സരിപ്പിക്കാനുള്ള പാർട്ടി ഹൈക്കമാൻഡിന്റെ നിലപാടിനോടു കടുത്ത എതിർപ്പാണ് വിമത എംഎൽഎമാർ അറിയിച്ചത്.