കോഴക്കേസിൽ ജനപ്രതിനിധിക്ക് പ്രത്യേക പരിരക്ഷയില്ല; 1998 ലെ വിധി സുപ്രീം കോടതി റദ്ദാക്കി

Mail This Article
ന്യൂഡൽഹി ∙ പ്രത്യേക പരിരക്ഷയുടെ പേരിൽ എംപിമാർക്കും എംഎൽഎമാർക്കും കോഴക്കേസിൽനിന്നു രക്ഷപ്പെടാനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. നിയമനിർമാണ സഭയ്ക്കുള്ളിൽ നടത്തുന്ന പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങിയാലും ക്രിമിനൽ വിചാരണ നടപടികളിൽനിന്നു ഭരണഘടനാ സംരക്ഷണമുണ്ടെന്ന 1998 ലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധിയിലെ ഭാഗം (പി.വി.നരസിംഹറാവു കേസ്) റദ്ദാക്കിക്കൊണ്ടാണ് ഏഴംഗ ബെഞ്ചിന്റെ സുപ്രധാനവിധി.
ഭരണഘടനയുടെ 105(2), 194(2) വകുപ്പുകൾ പ്രകാരം എംപിമാർക്കും എംഎൽഎമാർക്കും പ്രത്യേക പരിരക്ഷയുണ്ടെന്നായിരുന്നു 1998 ലെ ഭൂരിപക്ഷ വിധി (3–2). നിയമനിർമാണ സഭയിൽ നിർഭയ അന്തരീക്ഷവും സ്വതന്ത്ര അഭിപ്രായപ്രകടനവും ഉറപ്പാക്കാനുള്ളതാണ് 105, 194 വകുപ്പുകളെന്നും കോഴക്കേസിൽ പരിരക്ഷയ്ക്ക് ഇതുപയോഗിച്ചാൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഐകകണ്ഠ്യേന അതു റദ്ദാക്കിയത്.
പൊതുജീവിതത്തിലെ സത്യസന്ധതയിലും പാർലമെന്ററി ജനാധിപത്യത്തിലും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് 1998 ലെ വിധി. ആവശ്യമെങ്കിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശാലമായ ബെഞ്ചിനു മുൻകാല വിധികൾ പുനഃപരിശോധിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രത്യേകാവകാശം ഒരു നിശ്ചിത കേസിൽ ബാധകമാകുമോയെന്ന കാര്യവും കോടതിക്കു പരിശോധിക്കാം. അഴിമതിനിരോധനനിയമ പ്രകാരം കോഴ കൈപ്പറ്റുന്നതോടെ തന്നെ കുറ്റം നടന്നുകഴിഞ്ഞെന്നും അതനുസരിച്ച് വോട്ട് ചെയ്തിട്ടുണ്ടോ സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലും അപ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേശ്, പി.എസ്.നരസിംഹ, ജെ.ബി.പർദിവാല, സഞ്ജയ് കുമാർ, മനോജ് മിശ്ര എന്നിവരും ഉൾപ്പെടുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
നരസിംഹറാവു സർക്കാരിനെതിരെ 1993 ൽ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ എതിർത്ത് വോട്ട് ചെയ്യാൻ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) 5 എംപിമാർ കോഴ വാങ്ങിയെന്ന സിബിഐ കേസിലാണ് സുപ്രീം കോടതി 1998 ൽ വിധി പറഞ്ഞത്. 2012 ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ജെഎംഎം എംഎൽഎയും മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളുമായ സീത സോറനെതിരെ കേസ് വന്നു. 1998 ലെ വിധിപ്രകാരം ഇതു തള്ളണമെന്ന സീത സോറന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.