ADVERTISEMENT

മുംബൈ∙ മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായ്ബാബ നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നു മോചിതനായി. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന അദ്ദേഹം 2014ലാണ് അറസ്റ്റിലായത്. ജീവപര്യന്തം തടവ് അനുഭവിക്കവെ, ചൊവ്വാഴ്ചയായിരുന്നു അനുകൂലവിധിയെങ്കിലും ഇന്നലെയാണു നടപടികൾ പൂർത്തിയായത്. മാവോയിസ്റ്റ് ആശയങ്ങൾ ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യു‌ന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്ന് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിയിൽ വ്യക്തമാക്കി. കമ്യൂണിസ്റ്റ്, മാവോയിസ്റ്റ് ചിന്തകൾ 

വായിച്ചെന്ന് ആരോപിച്ച് കുറ്റം ചുമത്തുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വിധിന്യായത്തിൽ പറയുന്നു. ഭീകരപ്രവർത്തനം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്നിവയടക്കം യുഎപിഎ പ്രകാരമുള്ള ഗുരുതര കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്. എന്നാൽ, ഇവയിലുള്ള പങ്ക് തെളിയിക്കാനായില്ല. 

ആരോഗ്യം വളരെ മോശമാണ്. സംസാരിക്കാവുന്ന അവസ്ഥയിലല്ല, ചികിത്സ തേടണം: ജയിൽ വിട്ട ശേഷം സായ്ബാബ മാധ്യമങ്ങളോടു പറഞ്ഞത് ഇത്രമാത്രം. 2022 ഒക്ടോബറിൽ ഹൈക്കോടതി വിട്ടയച്ചെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി വിധി റദ്ദാക്കി. തുടർന്ന് വീണ്ടും വാദം കേട്ടാണ് സായ്ബാബ അടക്കം ആറു പേരെ ഹൈക്കോടതി വീണ്ടും കുറ്റവിമുക്തരാക്കിയത്. ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ അധ്യാപകനായിരുന്ന സായ്ബാബയെ ഡൽഹിയിലെ വസതിയിൽ നിന്നാണ് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജോലിയിൽ നിന്നു പുറത്താക്കി. 

English Summary:

Professor Saibaba relesed from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com