ADVERTISEMENT

ന്യൂഡൽഹി∙ അലങ്കരിക്കാത്ത പൊലീസ് വാഹനത്തിൽ വരൻ തിഹാറിൽ നിന്നു വരും. ജയിലിൽ നിന്നു വിവാഹ മണ്ഡപത്തിലേക്കുള്ള 7 കിലോമീറ്റർ വഴി നീളെ പൊലീസ് കാവൽ നിൽക്കും. കുപ്രസിദ്ധ ഗുണ്ടാ തലവൻ കാലാ ജതേഡിയുടേയും (സന്ദീപ്) ലേഡി ഡോൺ എന്നറിയപ്പെടുന്ന മാഡം മിൻസിന്റേയും (അനുരാധ ചൗധരി) വിവാഹം ഇന്നു നടക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതേ എന്ന പ്രാർഥനയിലാണ് 

ഡൽഹി പൊലീസ്. രാവിലെ 10 മുതൽ 4 വരെയാണു സന്ദീപിനു കോടതി അനുവദിച്ച പരോൾ. അതിനിടെ ശുഭമുഹൂർത്തത്തിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. എതിർചേരിയിൽ പെട്ട ഗുണ്ടാ സംഘങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. 

ദ്വാരക സെക്ടർ 3 സന്തോഷ് ഗാർഡനിലെ വിവാഹ പന്തലിന്റെ പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുണ്ട്. പരിസരം നിരീക്ഷിക്കാൻ 10 സിസി ടിവി ക്യാമറയും ആകാശനിരീക്ഷണത്തിന് 6 ഡ്രോണുകളുമുണ്ട്. നൂറിലേറെ മഫ്തി പൊലീസുകാർ തോക്കേന്തി പലയിടങ്ങളിലായി നിലയുറപ്പിക്കും. ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസിനാണു സുരക്ഷാച്ചുമതല.

ദേശീയ സുരക്ഷാ ഏജൻസി എൻഐഎയുടെ നിരീക്ഷണവുമുണ്ടാകും.വിവാഹം കഴിഞ്ഞു തിഹാർ ജയിലിലേക്കു മടങ്ങുന്ന വരനെ നാളെ ഹരിയാനയിലെ സോനിപ്പത്തിലെ ഗൃഹപ്രവേശ ചടങ്ങിനു കൊണ്ടു പോയി തിരിച്ചെത്തിക്കേണ്ട ചുമതലയും പൊലീസിനു തന്നെയാണ്. പ്രണയത്തിലായിരുന്ന സന്ദീപും അനുരാധയും 2020ൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. മുൻപ് രണ്ടു തവണ പൊലീസ് കസ്റ്റഡിയിൽ നിന്നു മുങ്ങിയ സന്ദീപിന്റെ രക്ഷപ്പെടാനുള്ള തന്ത്രമാണ് കല്യാണമെന്ന സംശയവും പൊലീസിനുണ്ട്.

English Summary:

Wedding of gangster leader Kala Jathedi and lady don Madam Minz In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com