ADVERTISEMENT

ന്യൂഡൽഹി ∙ 2 ലോക്സഭാ സീറ്റുകളായിരുന്നു ഹരിയാനയി‍ൽ ബിജെപി ഭരണസഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ (ജെജെപി) ലക്ഷ്യം. ഹിസാറും ഭിവാനി–മഹേന്ദ്രഗഡും. ഇതു രണ്ടും കൊടുക്കില്ലെന്നു മാത്രമല്ല, എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നു ബിജെപി പറയുകയും ചെയ്തതോടെ ജെജെപി സലാം പറഞ്ഞു. ഇതു മുൻകൂട്ടി കണ്ട ബിജെപി രായ്ക്കുരാമാനം സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം നിലനിർത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കഷ്ടിച്ച് ഒരു വർഷം മാത്രം ബാക്കിയിരിക്കേ ഹരിയാനയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെ രത്നച്ചുരുക്കം ഇതാണ്. ചുളുവിൽ ബിജെപിക്ക് നേതൃമാറ്റവും ഒപ്പിച്ചെടുക്കാനായെങ്കിലും ലോക്സഭാ സീറ്റുകൾ പത്തും നിലനിർത്താൻ ഇനി ഭഗീരഥ പ്രയത്നം വേണ്ടിവരും.

കർഷകസമരം ഗ്രാമങ്ങളിലുണ്ടാക്കിയ അതൃപ്തി ജെജെപിയുടെ ജാട്ട് സ്വാധീനത്തിലൂടെ മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാൽ ഇനി അതു സാധ്യമല്ല. ജെജെപിക്കും ജനരോഷം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ തവണ ഹിസാർ മണ്ഡലത്തിൽ, പിന്നീട് ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് സിങ് ചൗട്ടാലയെ ആണ് ബിജെപിയുടെ ബ്രിജേന്ദ്രസിങ് തോൽപ്പിച്ചത്. ഇത്തവണ സീറ്റു നിഷേധിക്കപ്പെട്ടപ്പോൾ ബ്രിജേന്ദ്ര കോൺഗ്രസിൽ ചേർന്നു. മിക്കവാറും കോൺഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്രസിങ് ആയിരിക്കും. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ളയാളാണു സിങ്.

കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ നിലനിർത്താനുള്ള പ്രയാസം കണക്കിലെടുത്താണു രണ്ടാം സ്ഥാനത്തെത്തിയതോ ഇതുവരെ ജയിക്കാത്തതോ ആയ 160 സീറ്റുകൾ ലക്ഷ്യമിട്ടു ബിജെപി ഒരു വർഷം മുൻപേ പ്രവർത്തനം തുടങ്ങിയത്. നഗരമേഖലകളിൽ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ചർച്ചാവിഷയം. ഗ്രാമീണമേഖലകളിൽ കർഷകസമരത്തിന്റെ പ്രത്യാഘാതം കൂടിയായാൽ സ്ഥിതി ദുഷ്കരമാകും. ഈ സാഹചര്യം ദേശീയ നേതൃത്വത്തെ അടിയന്തര നടപടികളിലേക്കു നയിക്കുമെന്നറിയുന്നു. നേരത്തേ സഖ്യം വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാൻ നെട്ടോട്ടമോടുന്നതിനിടയിൽ ജെജെപിയെ കൂടി അകറ്റാൻ അവർക്കു താൽപര്യമില്ല. പുതിയ സർക്കാർ രൂപീകരിക്കുന്നതിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ജെജെപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിടുകയും ചണ്ഡീഗഡിലെത്തിയ ദേശീയനേതാക്കളുടെ ദൗത്യമാണ്.

ഒബിസി പ്രാതിനിധ്യം ഉറപ്പിച്ച തന്ത്രം

ന്യൂഡൽഹി ∙ ലോക്സഭാംഗവും സംസ്ഥാന ബിജെപി അധ്യക്ഷനുമായ നായിബ് സൈനിയെ മുഖ്യമന്ത്രിയാക്കുക വഴി ഒബിസി വിഭാഗത്തിൽ നിന്നുള്ള 12–ാമത്തെ മുഖ്യമന്ത്രിയെയാണ് ബിജെപി നിയോഗിക്കുന്നത്. സഖ്യം വിടാനുള്ള തീരുമാനത്തിൽ ജെജെപി ഉറച്ചു നിൽക്കുകയാണെങ്കിൽ ജാട്ട് ഇതര വിഭാഗത്തെ കൂടെ നിർത്തുക കൂടിയാണു ലക്ഷ്യം. ജാതിസെൻസസ് എന്ന മുദ്രാവാക്യത്തോടെ ഒബിസി വിഭാഗത്തെ ആകർഷിക്കാൻ കോൺഗ്രസ് നടത്തുന്ന നീക്കങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമുണ്ട്. യുവനേതൃത്വവും ഇതിലൂടെ ഉറപ്പാക്കി.

English Summary:

Conciliation attempt with Jannayak Janta Party who left

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com