ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളെ തീരുമാനിക്കാനുള്ള നിർണായക യോഗം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടക്കും. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സമിതിയാണ് ആളെ തിരഞ്ഞെടുത്ത് രാഷ്ട്രപതിക്കു ശുപാർശ ചെയ്യുന്നത്. കമ്മിഷൻ അംഗമായിരുന്ന അരുൺ ഗോയൽ രാജിവച്ചതോടെയാണ് പുതിയ നിയമന നടപടി തുടങ്ങിയത്.

ഇതിനിടെ, സമിതിക്കു മുന്നിൽ അവതരിപ്പിക്കുന്നവരുടെ പൂർണവിവരങ്ങൾ അടങ്ങിയ ഫയൽ മുൻകൂറായി നൽകണമെന്ന് സമിതി അംഗം അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് സ്വന്തം താൽപര്യാർഥം പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ആരോപിച്ചുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.

ഭരിക്കുമ്പോൾ നൽകാത്ത സൗജന്യങ്ങൾവാഗ്ദാനമാക്കുന്നത് എന്തിന്: സിഇസി

ന്യൂഡൽഹി ∙ 5 വർഷം ഭരിക്കുമ്പോൾ കൊടുക്കാത്ത സൗജന്യങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വാഗ്ദാനങ്ങളായി നൽകുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് മുഖ്യതിര‍ഞ്ഞെടുപ്പു കമ്മിഷണർ (സിഇസി) രാജീവ്കുമാർ പറഞ്ഞു. ഇതു സംബന്ധിച്ചു കൂടുതൽ ചർച്ചകളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 കശ്മീർ തിരഞ്ഞെടുപ്പ് ഉചിത സമയത്ത്: ജമ്മു കശ്മീരിൽ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നത് രാഷ്ട്രീയപാർട്ടികളുമായി കൂടിയാലോചന നടത്തി തീരുമാനിക്കുമെന്ന് രാജീവ്കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഏറെ വൈകില്ലെന്നും പറഞ്ഞു. മണ്ഡലവിഭജനവും മറ്റും പൂർത്തിയായിട്ടും തിരഞ്ഞെടുപ്പു നടത്താത്തതിനു കാരണമെന്തെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ പ്രശ്നങ്ങൾ, കാലാവസ്ഥ, മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Appointment of Election Commissioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com