ADVERTISEMENT

ന്യൂഡൽഹി ∙ നിതിൻ ഗഡ്കരി അടക്കം 11 കേന്ദ്രമന്ത്രിമാർക്കു സീറ്റ് നൽകി ബിജെപി രണ്ടാം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. ഗഡ്കരി നാഗ്പുരിൽ വീണ്ടും മത്സരിക്കും. 72 സ്ഥാനാർഥികളുടെ പട്ടികയിൽ 3 മുൻമുഖ്യമന്ത്രിമാരും ഒട്ടേറെ സിറ്റിങ് എംപിമാരും ഉണ്ട്.

∙ രാജ്യസഭാംഗമായ മന്ത്രി പീയൂഷ് ഗോയൽ മുംബൈ സൗത്തിൽ ജനവിധി തേടും. ഹരിയാന മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർണാലിലും കർണാടക മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലും ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഹരിദ്വാറിലും സ്ഥാനാർഥികളായി.

∙ ഡൽഹിയിലെ ബാക്കിയുള്ള 2 മണ്ഡലങ്ങളിലും പുതുമുഖങ്ങൾ. ഈസ്റ്റ് ഡൽഹിയിൽ ഗൗതം ഗംഭീറിനു പകരം ഈസ്റ്റ് ഡൽഹി മുൻ മേയർ ഹർഷ് മൽഹോത്ര, നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഹൻസ് രാജിനു പകരം കൗൺസിലർ യോഗേന്ദ്ര ചന്ദോലിയ എന്നിവരാണു സ്ഥാനാർഥികൾ.

∙ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ മുൻ കോൺഗ്രസ് നേതാവ് അശോക് തൻവർ സ്ഥാനാർഥിയായി.

∙ ബിജെപിയുമായി ഈയിടെ സഖ്യത്തിലായ തിപ്ര മോത്തയുടെ നേതാവ് പ്രദ്യുത് ദേബ് ബർമന്റെ സഹോദരി കൃതി സിങ്ങാണ് ത്രിപുര ഈസ്റ്റിൽ സ്ഥാനാർഥി.

∙ ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര (ശിവമൊഗ്ഗ), ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ (ബീഡ്) എന്നിവർക്കു രണ്ടാമൂഴം.

∙ ശിവസേന അംഗമായിരുന്ന കലാബെൻ ദേൽക്കർ ദാദ്ര നഗർ ഹവേലിയിൽ മത്സരിക്കും.

∙ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി (ധാർവാഡ്), അനുരാഗ് ഠാക്കൂർ (ഹാമിർപുർ), ഭഗവന്ത് ഖുബ (ബീദർ), റാവു ഇന്ദർജിത് സിങ് (ഗുരുഗ്രാം), കൃഷൻപാൽ ഗുർജർ (ഫരീദാബാദ്), ശോഭ കരന്തലാജെ (ബെംഗളൂരു നോർത്ത്), റാവുസാഹബ് ധൻവെ (ജൽന), ഭാരതി പവാർ (ഡിണ്ടോരി), കപിൽ പാട്ടീൽ (ഭിവണ്ടി) എന്നിവരും മത്സരിക്കും.

∙ പാർലമെന്റ് പുകയാക്രമണക്കേസ് പ്രതികൾക്കു പാസ് നൽകി വിവാദത്തിലായ മൈസൂരു എംപി പ്രതാപ് സിംഹയ്ക്കു സീറ്റില്ല. പകരം രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത വോഡയാർ സ്ഥാനാർഥി. യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ (ബെംഗളൂരു സൗത്ത്) വീണ്ടും.

∙ ബിജെപി വക്താവും രാജ്യസഭാംഗവുമായ അനിൽ ബലൂനി ഉത്തരാഖണ്ഡിലെ ഗഡ്‌വാളിൽ മത്സരിക്കും.

∙ ദാദ്രാ നഗർ ഹവേലി (1), ഡൽഹി (2), ഗുജറാത്ത് (7), ഹരിയാന (6), ഹിമാചൽപ്രദേശ് (2), കർണാടക (20), മധ്യപ്രദേശ് (5), മഹാരാഷ്ട്ര (20), തെലങ്കാന (6), ത്രിപുര (1), ഉത്തരാഖണ്ഡ് (2) എന്നിവിടങ്ങളിലെ സ്ഥാനാർഥികളാണ് രണ്ടാംപട്ടികയിൽ.

∙ അരുണാചൽപ്രദേശ് നിയമസഭയിലേക്കു മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 60 സ്ഥാനാർഥികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു.

English Summary:

BJP announced the second list of candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com