ADVERTISEMENT

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയോട് കേന്ദ്ര സർക്കാർ നിർദേശിച്ചത് ലോക്സഭ, നിയമസഭകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ഒരേ സമയം തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ശുപാർശകൾ നൽകാനാണ്. ഒരേ സമയം തിരഞ്ഞെടുപ്പ് നിർദേശത്തെപ്പറ്റി സ്വതന്ത്ര റിപ്പോർട്ട് നൽകാൻ ആയിരുന്നില്ല. അതുകൊണ്ടുതന്നെ, ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ചുള്ള റിപ്പോർട്ട് അപ്രതീക്ഷിതമല്ല. എന്നാൽ, ശുപാർശകളുടെ സ്വഭാവത്തിൽനിന്ന് വ്യക്തമാകുന്നത് ഇതാണ്: ഒരേ സമയം തിരഞ്ഞെടുപ്പ് എന്നതിലല്ല, ലോക്സഭയുടെ 5 വർഷ കാലാവധി എന്നതിലാണ് ഊന്നൽ.

ലോക്സഭയുടെ കാലാവധിയുമായി ബന്ധപ്പെടുത്തുമ്പോൾ സംഭവിക്കുന്നത് കേന്ദ്രീകരണമാണ്, അധികാര വികേന്ദ്രീകരണമല്ല. ഭരണസംവിധാനം സാധ്യമാക്കാൻ  മാത്രമുള്ളതാണ് തിരഞ്ഞെടുപ്പ് എന്ന മട്ടിലാണ് സമിതിയുടെ സമീപനം. തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ വിവിധ വിഭാഗങ്ങൾക്കു ലഭിക്കാവുന്ന രാഷ്ട്രീയ ശാക്തീകരണം പരിഗണിക്കുന്നില്ലെന്നു വിലയിരുത്താം. പ്രാദേശിക പാർട്ടികൾ അപ്രസക്തമാകുന്ന സ്ഥിതിയുണ്ടാവുമെന്ന വാദത്തെ സമിതി പൂർണമായി അവഗണിച്ചു.

സംസ്ഥാന സർക്കാരുകളുടെയും മുനിസിപ്പൽ, പഞ്ചായത്ത് ഭരണ സമിതികളുടെയും ആയുസ്സിന് ലോക്സഭയുടെ 5 വർഷവുമായി അഭേദ്യ ബന്ധം സൃഷ്ടിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരോ, പഞ്ചായത്ത് ഭരണസമിതിയോ അവിശ്വാസ വോട്ടിലൂടെ പുറത്തായാലും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാലും വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. അങ്ങനെയുണ്ടാവുന്ന പുതിയ ഭരണം അപ്പോൾ നിലവിലുള്ള ലോക്സഭയുടെ അവശേഷിക്കുന്ന കാലാവധിയിലേക്കാണ്. 

സമിതിയുടെ ശുപാർശകൾ നടപ്പാക്കിയാൽ 5 വർഷത്തിലൊരിക്കൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടക്കുമെന്ന് ഉറപ്പാണ്. എന്നാൽ, ആ 5 വർഷത്തിനിടെ എത്ര തിരഞ്ഞെടുപ്പിനും തടസ്സമില്ല. ഇടക്കാല തിരഞ്ഞെടുപ്പുകളിലൂടെ അധികാരം ലഭിക്കുന്നവർക്കു ഭരിക്കാനാവുന്നത് ലോക്സഭയുടെ അവശേഷിക്കുന്ന കാലാവധിയിലേക്കു മാത്രമാണ് എന്നതിനാൽ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള താൽപര്യം കുറയുമെന്നാണ് സമിതി വാദിക്കുന്നത്. 

പല സമയം തിരഞ്ഞെടുപ്പു നടക്കുമ്പോഴുള്ള പണച്ചെലവിനെ പ്രധാന പ്രശ്നമായി എടുത്തു പറയുമ്പോഴും ഒരേ സമയം തിരഞ്ഞെടുപ്പു നടത്തിയാൽ‍ ചെലവ് എത്ര കുറയുമെന്നു സമിതി വിലയിരുത്തിയതായി റിപ്പോർട്ടിൽ കാണുന്നില്ല. 

എത്ര ചെലവു വരുമെന്ന് കണക്കാക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കമ്മിഷനുകളോട് നിർദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും ഒരേ സമയത്തു നടത്തുന്നത് തൽക്കാലം മാറ്റിവയ്ക്കാമെന്ന് സമിതിയംഗം സുഭാഷ് കശ്യപ് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായം സമിതി അംഗീകരിച്ചില്ല. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പു നടന്ന് 100 ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പെന്നാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള 2 ഘട്ടങ്ങളും ചേർക്കുമ്പോൾ ഏതാണ്ട് 6 മാസം തുടർച്ചയായി തിരഞ്ഞെടുപ്പുകാലം എന്നതാവും സ്ഥിതി. 

യോഗം ചേർന്നത് 14 തവണ

കോവിന്ദ് സമിതിയിൽ 9 അംഗങ്ങളാണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവരും ഉൾപ്പെടുന്നു. രാഷ്ട്രീയപാർട്ടികളുമായും മറ്റുമുള്ള കൂടിക്കാഴ്ചകൾക്കല്ലാതെ, സമിതി മാത്രമായി കഴിഞ്ഞ സെപ്റ്റംബർ 23 മുതൽ ഈ മാസം 10 വരെ മൊത്തം 14 തവണയാണ് യോഗം ചേർന്നത്. ആദ്യ യോഗത്തിൽ മാത്രമാണ് 9 പേരും ഉണ്ടായിരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രിയും നിയമമന്ത്രിയും ആകെ 4 തവണയാണ് പങ്കെടുത്തത്.

പാർട്ടികൾ, നിയമ കമ്മിഷൻ, സുപ്രീം കോടതിയിലെ 4 മുൻ ചീഫ് ജസ്റ്റിസുമാർ, ജഡ്ജിമാർ, ഉദ്യോഗസ്ഥർ തുടങ്ങി പൊതുജനങ്ങളിൽനിന്നു വരെ അഭിപ്രായം തേടിയാണ് 191 ദിവസം കൊണ്ട് സമിതി റിപ്പോർട്ട് തയാറാക്കിയത്. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധീർ രഞ്ജൻ ചൗധരിക്കു സമിതിയിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും നിരസിച്ചു.

∙ ‘രാജ്യത്തു വികസനത്തിന് ആക്കം കൂട്ടാനും സാമൂഹിക ഐക്യത്തിനും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പു സഹായിക്കും.’ – കോവിന്ദ് സമിതി

∙ ‘രാജ്യത്തെ കൂടുതൽ മഹത്തരമാക്കാൻ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് അനിവാര്യമാണ്.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary:

Emphasis on Lok Sabha tenure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com