ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള ശുപാർശ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി രാഷ്ട്രപതിക്കു നൽകി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു നിർദേശം. 2029 മുതൽ ഒറ്റത്തിരഞ്ഞെടുപ്പ് നടത്തണമെന്നു റിപ്പോർട്ടിലെവിടെയും പറഞ്ഞിട്ടില്ല. അതേസമയം, 2029 ൽ ഇതു നടപ്പാക്കുകയാണെങ്കിൽ 2026 ൽ അധികാരത്തിലെത്തുന്ന കേരള സർക്കാരിന്റെ കാലാവധി 3 വർഷമായി ചുരുങ്ങും.

Read Also: സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്...

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ. എന്നാൽ, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അടുത്ത പൊതുതിരഞ്ഞെടുപ്പു വരെ മാത്രമാകും കാലാവധി. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്നു വ്യക്തമാക്കി ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ സമിതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്നും 18,626 പേജുള്ള റിപ്പോർട്ടിലുണ്ട്.

മറ്റു ശുപാർശകൾ:

∙ ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർ‍ഡും വേണം.

∙ നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം.

∙ കണക്കെടുപ്പു നടത്തി വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും ലഭ്യത, സുരക്ഷാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

10 സംസ്ഥാനങ്ങളിൽ ’28ലും ’29ലും തിരഞ്ഞെടുപ്പ് ?

സമിതി നിർദേശിക്കുന്നതുപോലെ 2029 ൽ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കിയാൽ കേരളത്തിലുൾപ്പെടെ 24 നിയമസഭകളുടെ കാലാവധി ചുരുക്കേണ്ടിവരും. 10 സംസ്ഥാനങ്ങളിൽ അടുത്തടുത്ത വർഷങ്ങളിൽ തിരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യവുമുണ്ടാകും.

കാലാവധി ചുരുങ്ങുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇവ:

∙ 4 വർഷം: ജാർഖണ്ഡ്, ഡൽഹി, ബിഹാർ

∙ 3 വർഷം: കേരളം ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി

∙ 2 വർഷം: മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്

∙ ഒരു വർഷം: ഹിമാചൽപ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ

32 പാർട്ടികൾ ‘യെസ്’, 15 പാർട്ടികൾ ‘നോ’

ഒറ്റത്തിരഞ്ഞെടുപ്പിനെക്കുറിച്ച് 62 പാർട്ടികളോട് അഭിപ്രായം തേടി. ബിജെപി അടക്കം 32 പാർട്ടികൾ യോജിച്ചു. കോൺഗ്രസ് അടക്കം 15 പാർട്ടികൾ വിയോജിച്ചു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമല്ലാത്ത ബിഎസ്പി, എഐഎംഐഎം തുടങ്ങിയ പാർട്ടികളും വിയോജിച്ചു. അതേസമയം, മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ്(എം), ആർഎസ്പി, എൻസിപി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയവ മറുപടി നൽകിയില്ല.

English Summary:

Ram Nath Kovind panel submits report on One Nation One Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com