ADVERTISEMENT

ന്യൂഡൽഹി ∙ പ്രത്യുപകാരം പ്രതീക്ഷിച്ചാകാം കമ്പനികൾ പാർട്ടികൾക്കു വൻതോതിൽ പണം നൽകുന്നതെന്ന സുപ്രീംകോടതി വിധിന്യായത്തിലെ കണ്ടെത്തലിനെ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഇലക്ടറൽ ബോണ്ട് വിവരങ്ങൾ. വൻതോതിൽ സംഭാവന നൽകിയ പല സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്നു. പല വമ്പൻ ഇടപാടുകളും നടന്നത് ഈ അന്വേഷണത്തിനു തൊട്ടടുത്ത ദിവസങ്ങളിലുമാണ്. മറ്റു ചില കമ്പനികൾക്ക് സംഭാവനകൾക്കു പിന്നാലെ സർക്കാരിന്റെ വൻ കരാറുകൾ ലഭിച്ചു.

Read also: പ്രധാനമന്ത്രി പറഞ്ഞ ‘കുചേലൻ’ എവിടെ?

2019 ഏപ്രിലിനു ശേഷം ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയ ചില കമ്പനികളുടെ പശ്ചാത്തലമിങ്ങനെ:

∙ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് (1368 കോടി രൂപ): ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിട്ടു. 2023 സെപ്റ്റംബറിൽ കമ്പനിയുടെ 411 കോടി രൂപ ഇ.ഡി കണ്ടുകെട്ടി.

∙മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ (1,186 കോടി രൂപ): രണ്ടും അനുബന്ധ കമ്പനികൾ. മേഘ എൻജിനീയറിങ് 2023 ഏപ്രിലിൽ 140 കോടി രൂപ സംഭാവന നൽകി. ഒരു മാസത്തിനു ശേഷം മഹാരാഷ്ട്രയിലെ താനെ– ബോറിവ്‌ലി ഇരട്ട തുരങ്കപാത നിർമാണത്തിനുള്ള 14,400 കോടിയുടെ കരാർ നേടി. കമ്പനിക്കെതിരെ ആദായനികുതി വകുപ്പും ഇ.ഡിയും അന്വേഷണം നടത്തിയിട്ടുണ്ട്.

∙ കെവെന്റർ ഫുഡ്പാർക്ക് ഇൻഫ്ര, എംകെജെ എന്റർപ്രൈസസ്, മദൻലാൽ ലിമിറ്റഡ് (572.4 കോടി): എല്ലാം ഒരേ ഗ്രൂപ്പിൽപെട്ട കമ്പനികള്‍. മദൻലാല് ലിമിറ്റഡിന്റെ പ്രവർത്തനലാഭം 1.84 കോടി രൂപയുള്ളപ്പോൾ സംഭാവന നൽകിയത് 185.5 കോടി രൂപ. കെവന്ററിനു കീഴിലുള്ള ക്ഷീരസ്ഥാപനത്തിലെ 47% ഓഹരി കെവന്റർ ഗ്രൂപ്പിനു ബംഗാൾ സർക്കാർ നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി 2018ൽ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേവർഷം കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. പിറ്റേവർഷം പാർട്ടികളിലേക്കു കൂടുതൽ സംഭാവനയെത്തി.

∙ ഹാൽദിയ എനർജി, ധരിവാൾ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (492 കോടി രൂപ): സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഹാൽദിയ എനർജി ലിമിറ്റഡ് 377 കോടിയും ധരിവാൾ ഇൻഫ്രാ ലിമിറ്റഡ് 115 കോടി രൂപയുമാണു ബോണ്ടിൽ നിക്ഷേപിച്ചത്. ബോണ്ടിലൂടെ  തൃണമൂൽ കോൺഗ്രസിനു ഗോയങ്ക പണം നൽകുന്നുവെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. ഗോയങ്കയുടെ കീഴിലുള്ള സിഇഎസ്‌സി, ആർപിജി എന്റർപ്രൈസസ് എന്നിവയ്ക്കെതിരെ 2012 മുതൽ അഴിമതി, തട്ടിപ്പ്, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം. കൽക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു സിഎജി റിപ്പോർട്ടിലും ഹാൽദിയയെക്കുറിച്ചു പരാമർശം.

∙ ക്വിക് സപ്ലൈ ചെയിൻ (410 കോടി): മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പുമായി ബന്ധം. 21.72 കോടി രൂപ ലാഭമുണ്ടാക്കിയ 2021–22ൽ സംഭാവനയായി നൽകിയത് 360 കോടി.

∙ വേദാന്ത (400.65 കോടി രൂപ): കമ്പനിയുടെ പദ്ധതിക്കായി ചൈനീസ് പൗരൻമാരെ വീസ ചട്ടങ്ങൾ ലംഘിച്ച് ഇന്ത്യയിലെത്തിച്ചതിന് ഇ.ഡി അന്വേഷണം നേരിട്ടു. കള്ളപ്പണം വെളുപ്പിക്കലിന് 2022ൽ കമ്പനിക്കെതിരെ ഇ.ഡി കേസെടുത്തു.

∙ ടൊറന്റ് പവർ, ഫാർമ (184 കോടി രൂപ): 2019 മുതൽ 2024 ജനുവരി വരെ സംഭാവന നൽകി. 2024 മാർച്ചിൽ പ്രധാനമന്ത്രി കുസും പദ്ധതിയിലൂടെ മഹാരാഷ്ട്രയിൽ 1540 കോടി രൂപയുടെ സൗരോർജ പദ്ധതിയുടെ കരാർ സ്വന്തമാക്കി.

∙ ബി.ജി.ഷിർകെ കൺസ്ട്രക്‌ഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (118.5 കോടി രൂപ): കമ്പനിയുടെ കീഴിൽ നവി മുംബൈയിൽ പുരോഗമിക്കുകയായിരുന്ന കെട്ടിടനിർമാണത്തിനിടെ അപകടത്തിൽ 4 പേർ മരിച്ചിരുന്നു. 2022 ജൂണിൽ കേസ് റജിസ്റ്റർ ചെയ്തു. അതിനു മുൻപു 2019ൽ 1.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനി, 2023 ജനുവരി 25നു ശേഷമാണു ബാക്കി വാങ്ങിയത്.

∙ ചെന്നൈ ഗ്രീൻ വുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (105 കോടി): ആന്ധ്രയിലെ രാംകി ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനം. 2021 ജൂലൈയിൽ രാംകിയുടെ ഓഫിസിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കണക്കിൽപെടാത്ത 300 കോടിയിലേറെ രൂപ പിടികൂടി. 2022 ജനുവരിയിൽ ആദ്യമായി ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനി ആ വർഷം ഏപ്രിലിലും കഴിഞ്ഞ വർഷവും ബോണ്ടുകൾ വാങ്ങി. ആകെ 105 കോടിയുടെ ബോണ്ടുകൾ.

∙നവയുഗ എൻജിനീയറിങ് കമ്പനി (55 കോടി): ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ കഴിഞ്ഞവർഷം തകർന്നുവീണ സിൽക്യാര തുരങ്കത്തിന്റെ നിർമാണക്കമ്പനി.

നികുതിവെട്ടിപ്പിന് റെയ്ഡ്: ബോണ്ട് വാങ്ങിക്കൂട്ടി മരുന്നുകമ്പനികൾ

ന്യൂ‍ഡൽഹി ∙ നികുതിവെട്ടിപ്പിന് പല മരുന്നുകമ്പനികൾക്കെതിരെയും അന്വേഷണം നടന്ന 2022ൽ മാത്രം പ്രമുഖ മരുന്നുകമ്പനികൾ കൂട്ടത്തോടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. രാജ്യം കോവിഡ് മൂലം ബുദ്ധിമുട്ടുമ്പോഴും മരുന്നുകമ്പനികൾ സാമ്പത്തികനേട്ടമുണ്ടാക്കിയ കാലമായിരുന്നു ഇത്.

2019 ഏപ്രിലിനു ശേഷമുള്ള കണക്കുപ്രകാരം കുറഞ്ഞത് 30 കമ്പനികളെങ്കിലും അഞ്ചോ അതിലധികമോ കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ വാങ്ങി. ഇവയുടെ ആകെ മൂല്യം 900 കോടിയോളം വരും. 

∙ 2022 ജനുവരിയിൽ മാത്രം അർബിന്ദോ ഫാർമ (18 കോടി, 2 തവണയായി), ടൊറന്റ് ഫാർമ (10 കോടി), എംഎസ്എൻ ഫാർമ (20 കോടി) എന്നിങ്ങനെ ബോണ്ടുകൾ വാങ്ങി.

∙ അതേവർഷം മാർച്ചിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻവെസ്റ്റിഗേഷൻ പ്രമുഖ കമ്പനികളിലടക്കം റെയ്ഡ് നടത്തി.

∙ ജൂലൈയിൽ നാറ്റ്കോ ഫാർമയും (12 കോടി) അർബിന്ദോ ഫാർമയും (വീണ്ടും 1.5 കോടി) ബോണ്ട് വാങ്ങി. ഒക്ടോബറിൽ അജന്ത ഫാർമ (3 കോടി), ഇൻറ്റാസ് ഫാർമ (20 കോടി), ടൊറന്റ് ഫാർമ (15 കോടി), നാറ്റ്കോ ഫാർമ (വീണ്ടും 3 കോടി) എന്നിവയും.

∙ നവംബറിൽ ഗ്ലെൻമാർക്ക് ഫാർമ (9.75 കോടി), മാൻകൈൻഡ് ഫാർമ (24 കോടി), സിപ്ല (24.2 കോടി), ഡോ. റെഡ്ഡീസ് (15 കോടി, ഇതേ വർഷം നേരത്തേ 2 തവണയായി 31 കോടി), ഇപ്ക (10 കോടി), അലെംപിക് ഫാർമസ്യൂട്ടിക്കൽസ് (6.2 കോടി), അൽകെം ലബോറട്ടറീസ് (15 കോടി), പിരമൽ (3 കോടി)

English Summary:

Electoral bond: Many institutions give large amounts of funds when they faced investigations by central agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com