ADVERTISEMENT

ന്യൂഡൽഹി ∙ യൂണിഫോം അണിഞ്ഞാൽ വീരനായ പടയാളി, യൂണിഫോം അഴിച്ചാൽ സമാധാനത്തിന്റെ അപ്പസ്തോലൻ– അതായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ നാവികസേനാ മേധാവി അഡ്മിറൽ എൽ.രാംദാസ്. 

1971 ലെ യുദ്ധത്തിൽ കിഴക്കൻ പാക്കിസ്ഥാനുമേൽ ഉപരോധം ഏർപ്പെടുത്തിയ ഇന്ത്യൻ നാവികവ്യൂഹത്തിൽ ഐഎൻഎസ് ബിയസ് എന്ന പടക്കപ്പലിന്റെ ക്യാപ്റ്റനായിരുന്നു രാംദാസ്. രണ്ടായിരുന്നു ഉപരോധത്തിന്റെ ഉദ്ദേശ്യം– ശത്രു സൈന്യത്തിനു സാമഗ്രികൾ എത്തുന്നതു തടയുക, അമേരിക്കൻ കപ്പൽപ്പടയെത്തി അവരെ ചിറ്റഗോങ് വഴി രക്ഷപ്പെടുത്തുന്നതു തടയുക.  

കോക്സ് ബസാറിലുടെ ശത്രുവിന് സാമഗ്രികൾ എത്തുന്നുണ്ടെന്നറിഞ്ഞ റാംദാസ് കപ്പലുമായി അവിടേക്കു കുതിച്ചു. മൈനുകൾ വിതറിയിരുന്ന തീരക്കടലിലേക്ക് സൂക്ഷിച്ച് പ്രവേശിച്ച് കോക്സ് ബസാറിലെ ജെട്ടികൾ നശിപ്പിച്ചുവെന്ന് മാത്രമല്ല, അതിനിടയിൽ ഒരു ശത്രു അന്തർവാഹിനി കണ്ടുപിടിച്ചു തകർക്കുകയും ചെയ്തു. അപകടകരമായ സാഹചര്യത്തിൽ ഈ ഓപ്പറേഷനു നേതൃത്വം നൽകിയതിന് റാംദാസിന് വീരചക്രം ലഭിച്ചു.

വർഷങ്ങൾക്കുശേഷം നാവികസേനാ മേധാവിയായപ്പോഴും കിഴക്കൻ കടലിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. പടിഞ്ഞാറ് പാക്കിസ്ഥാനിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചല്ലേ കൂടുതൽ ആശങ്ക വേണ്ടതെന്ന് രാജ്യരക്ഷാമന്ത്രി ശരദ് പവാർ ചോദിച്ചപ്പോൾ അദ്ദേഹത്തെ കിഴക്കൻ തീരക്കടലിൽ ഒരു സൈനികാഭ്യാസം കാണാൻ രാംദാസ് ക്ഷണിച്ചു. ശത്രു അന്തർവാഹിനികൾക്ക് എത്ര എളുപ്പം കടന്നുവരാൻ സാധിക്കുമെന്ന് അവിടെവച്ച് അദ്ദേഹം ബോധ്യപ്പെടുത്തിക്കൊടുത്തു (അതിനു സാക്ഷ്യം വഹിച്ച ചുരുക്കം ചില മാധ്യമപ്രവർത്തകരിൽ ഈ ലേഖകനും ഉൾപ്പെട്ടിരുന്നു).

തുടർന്ന് രാംദാസിന്റെ ഉപദേശമനുസരിച്ച് കിഴക്കൻ കടലിൽ ശക്തമായ പ്രതിരോധ–പ്രഹര സംവിധാനങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയതാണ് ഇപ്പോൾ ആൻഡമാനിലെ സംയുക്ത സൈനികത്താവളമായി ഉയർന്നത്. 1970 കളിൽ കൊച്ചിയിൽ നാവിക അക്കാദമി സ്ഥാപിച്ച് അതിന്റെ ആദ്യ കമൻഡാന്റ് ആയെന്നു മാത്രമല്ല, പിന്നീട് ഗോവയിലേക്കു പോയ അക്കാദമിയെ സേനാമേധാവിയെന്ന നിലയിൽ ഏഴിമലയിൽ കൊണ്ടുവരാൻ മുൻകൈയെടുത്തതും രാംദാസ് ആണ്. 

ഏഴിമലയെക്കുറിച്ച് ഒരു കോഫി ടേബിൾ പുസ്തകം രചിച്ച മൂർക്കോത്ത് രാമുണ്ണി അതു പ്രകാശനം ചെയ്യാൻ രാംദാസിനെ സമീപിച്ചു. പണ്ട് അക്കാദമിയിൽ തന്റെ ഇൻസ്ട്രക്ടർ ആയിരുന്ന രാമുണ്ണിയുടെ അഭ്യർഥന അദ്ദേഹം സ്വീകരിച്ചു എന്നു മാത്രമല്ല കോഴ്സ്മേറ്റ്സ് ആയിരുന്ന കരസേനാ മേധാവി ജനറൽ റോഡ്രിഗ്സിനെയും വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എൻ.സി.സൂരിയെയും അദ്ദേഹം ക്ഷണിച്ചു. അങ്ങനെ സേനാമേധാവിമാരായ തന്റെ 3 ശിഷ്യന്മാരെ ഒരുമിച്ചുകൊണ്ടുവന്ന് പുസ്തകപ്രകാശനം നടത്താൻ രാമുണ്ണിക്ക് സാധിച്ചു. 

വിരമിച്ചശേഷം രാംദാസും മുൻ നാവികസേനാ മേധാവി അഡ്മിറൽ കട്ടാരിയുടെ പുത്രിയുമായ പത്നി ലളിതയും ഇന്ത്യ–പാക്കിസ്ഥാൻ സമാധാനപ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. ട്രാക്ക് ത്രീ നയതന്ത്രത്തിലുടെ പലപ്പോഴും തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ നയങ്ങൾ തെറ്റെന്നു ബോധ്യപ്പെട്ടാൽ വിമർശിക്കാനും അദ്ദേഹം മടി കാട്ടിയില്ല.

English Summary:

Writeup about Former Navy Chief Admiral L. Ramdas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com