ADVERTISEMENT

അമ്മയെപ്പോലെ കോൺഗ്രസിനെ കാത്ത മണ്ഡലമാണ് ഉത്തർ പ്രദേശിലെ അമേഠി. കോൺഗ്രസുകാർക്ക് ‘അമ്മേ’ഠിയെന്നും വിളിക്കാം. 5 വർഷം മുൻപ് ഈ ‘അമ്മവീട്’ വിട്ടിറങ്ങിയ മകൻ തിരികെയെത്തുന്നതു കാത്തിരിക്കുകയാണ് അവർ. 2019 മുതൽ വയനാട്ടിൽനിന്നുള്ള എംപിയാണെങ്കിലും അമേഠിക്കാർക്കു രാഹുൽ ഗാന്ധി സ്വന്തം പയ്യനാണ്. പഴമക്കാർ ഇങ്ങനെ വിളിക്കുന്നു; ‘നമ്മുടെ രാജീവിന്റെ മകൻ’.

ഒരുപക്ഷേ, രാജ്യത്തെവിടെയെങ്കിലും രാജീവ് ഗാന്ധിയുടെ ചിത്രം ഇപ്പോഴും സ്ഥാനാർഥിയുടേതെന്നപോലെ കോൺഗ്രസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഇവിടെയാവണം. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ രാഹുലിനൊപ്പം രാജീവുമുണ്ട്. ഒപ്പം രാജീവിന്റേതായി ഒരു വാചകവും – ‘എന്റെ കുടുംബം നിങ്ങളുടേതുമാണ്’. അമേഠിയിൽ രാജീവ് ഗാന്ധി ഇന്നും കോൺഗ്രസിനായി നിശ്ശബ്ദം വോട്ട് പിടിക്കുന്നു.

പാർട്ടി ഓഫിസ് അഥവാ ആശുപത്രി!

അമേഠിയിലെ കോൺഗ്രസ് ഓഫിസിലേക്കുള്ള വഴി തേടി ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ അങ്ങനെയൊന്ന് കാണിക്കുന്നില്ല! വാഹനം നിർത്തി പ്രദേശവാസികളോട് തിരക്കിയപ്പോൾ ഉടനെത്തി മറുപടി – കവലയിൽനിന്ന് 100 മീറ്റർ മുന്നോട്ടുപോയാൽ വലതുവശത്ത്. ഓഫിസിലെത്തിയപ്പോഴാണു കാര്യം പിടികിട്ടിയത്; കോൺഗ്രസ് ഓഫിസിനെ ആശുപത്രി എന്നാണ് ഗൂഗിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘അതു ബിജെപിക്കാരുടെ പണിയാ’ – സുരക്ഷാജീവനക്കാരൻ ഹോസ്‌ല പ്രസാദിന് ഒരു സംശയവുമില്ല. ഓഫിസ് പൂട്ടിക്കിടക്കുകയാണ്. മാധ്യമപ്രവർത്തകരാണെന്ന് അറിയിച്ചപ്പോൾ 15 മിനിറ്റിൽ ഏതാനും പ്രാദേശികനേതാക്കൾ ഹാജർ.

‘ഓ... വയനാട്!’

മലയാളിയാണെന്നു പറഞ്ഞ് കൈനീട്ടിയപ്പോൾ, യൂത്ത് കോൺഗ്രസ് അമേഠി പ്രസിഡന്റ് ശുഭം സിങ് അടിമുടി നോക്കിയശേഷം തലയൊന്നാട്ടി മുനവച്ചു പറഞ്ഞു; ‘ഓ...വയനാട്!’. ഇത്തവണ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

‘ഇത് ഗാന്ധിക്കുടുംബത്തിന്റെ തറവാടാണ്. സഞ്ജയ് ഗാന്ധിയെയും രാജീവിനെയും സോണിയയെയും രാഹുലിനെയും ജയിപ്പിച്ചവരാണു ഞങ്ങൾ. 2004ൽ അമ്മ സോണിയ രാഹുലിനു കൈമാറിയ മണ്ഡലം. അദ്ദേഹത്തിന് ഈ ‘അമ്മവീട്’ വിട്ടുപോകാനാവില്ല.’ - രാഹുൽ അമേഠിയിൽ മത്സരിച്ചേക്കില്ലെന്നു കോൺഗ്രസ് ദേശീയ നേതൃത്വം സൂചിപ്പിക്കുന്നതൊന്നും ഇവർക്ക് വിഷയമല്ല. അമേഠിയിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിക്കുകകൂടി ചെയ്തതോടെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാൻ പോലും ഇവർ തയാറല്ല.

രാഹുലിനെ മറന്ന കോൺഗ്രസ്; രാമനെ ഓർമിപ്പിച്ച് ബിജെപി

2004 മുതൽ 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച രാഹുൽ അമേഠിക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ ആരോപണം ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞ തവണ കോൺഗ്രസിനായില്ല. രാഹുലിന്റെ കാലത്ത് സ്ഥാപിച്ച ദേശീയ വ്യോമയാന സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, ആയുധനിർമാണശാല, സ്റ്റീൽ അതോറിറ്റി ശാഖ എന്നിവ മണ്ഡലത്തിൽ ഒട്ടേറെപ്പേർക്ക് വിദഗ്ധ വിദ്യാഭ്യാസവും തൊഴിലും നൽകിയതു കോൺഗ്രസുകാർ പോലും മറന്നത് ബിജെപിക്കു ഗുണമായി.

ബിജെപി പോസ്റ്ററുകളിൽ 3 മുഖങ്ങളാണു നിറഞ്ഞുനിൽക്കുന്നത് – ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിറ്റിങ് എംപി സ്മൃതി ഇറാനിയും. ഹിന്ദുത്വ രാഷ്ട്രീയമാണ് ശ്രീരാമനിലൂടെ പാർട്ടി പറയുന്നത്. മോദിയുടെ ചിരിക്കുന്ന മുഖം വികസനം, ക്ഷേമം എന്നിവയുടെ പ്രതീകം. വിജയം ആവർത്തിക്കാൻ സ്മൃതി ഇറാനി പരീക്ഷിക്കുന്ന ഫോർമുല ഇതാണ്. യുപിയിലുടനീളം ബിജെപി പയറ്റുന്ന രാഷ്ട്രീയവും ഇതുതന്നെ.

ഗാന്ധി കുടുംബത്തോട് ഇവിടത്തെ ജനങ്ങൾക്കുള്ള അടുപ്പമാണ് കോൺഗ്രസിന്റെ ബലം. ഗാന്ധിപേരുകാർക്ക് സ്ഥിരനിക്ഷേപം പോലെ ഇവിടെ വോട്ടുണ്ട്. കഴിഞ്ഞ തവണത്തെ പരാജയത്തിനു വയനാട്ടിലെ സ്ഥാനാർഥിത്വവും കാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. ‘2 മണ്ഡലങ്ങളിൽ നിന്നപ്പോൾ രാഹുൽ അമേഠിയെ കൈവിടുകയാണെന്ന തോന്നലുണ്ടായി. പതിവായി ലഭിക്കുന്ന അധികവോട്ടുകൾ അതുവഴി നഷ്ടപ്പെട്ടു’ – പ്രദേശവാസിയായ അരവിന്ദ് ചതുർവേദി ചൂണ്ടിക്കാട്ടി.

പക്ഷേ, 2019ൽ രാഹുലിനെ വീഴ്ത്തിയ സ്മൃതി ഇറാനി വാക്കുൾ പാലിക്കാത്തതും വിലക്കയറ്റമടക്കം പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഇത്തവണ ബിജെപിയെ പ്രതിരോധിക്കുന്നു. പക്ഷേ, ഹിന്ദുത്വ അജൻഡ നേരിടാൻ കോൺഗ്രസിന് ആയുധമില്ല.

ചോര തരാം, നീരു തരാം

ബിജെപിയുടെ സ്വാധീനവലയത്തിലുള്ള ഹിന്ദി ഹൃദയഭൂമിയിൽ സംഘടനാതലത്തിൽ കോൺഗ്രസിന് ഇപ്പോഴും കരുത്തുള്ള തുരുത്തുകളിലൊന്നാണ് അമേഠി. സോണിയ ഗാന്ധി റായ്ബറേലി ഒഴിഞ്ഞ സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിലൊരാൾ നിർബന്ധമായും യുപിയിൽ മത്സരിക്കണമെന്നും സംസ്ഥാനത്തുടനീളം അതു കോൺഗ്രസിനെ സഹായിക്കുമെന്നും ഇവർ പറയുന്നു.

അര ലക്ഷം വോട്ടിനു കഴിഞ്ഞ തവണ രാഹുൽ തോറ്റത് വോട്ടിങ് യന്ത്രത്തിലെ തിരിമറി കൊണ്ടാണെന്നു വിശ്വസിക്കുന്ന പ്രവർത്തകർ ഏറെയുണ്ടിവിടെ. അക്കൂട്ടത്തിൽ ചിലർ അമേഠി കവലയുടെ ഒത്ത നടുക്ക് സ്ഥാപിച്ച ബാനറിൽ കുറിച്ചിരിക്കുന്ന വരികൾ ഇങ്ങനെയാണ് – ‘രാഹുൽ ഭയ്യ ഉടൻ അമേഠിയിലെത്തും, കഴിഞ്ഞ തവണത്തെ തോൽവിക്കു പകരം ചോദിക്കും, അതിനായി ചോര നൽകാൻ ഞങ്ങൾ തയാർ’. രാഹുലിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ളവരാണിവർ; അമേഠി ബോയ്സ്!

English Summary:

Amethi waiting for Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com