ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നമസ്കാരം നടത്തിയ വിദേശവിദ്യാർഥികളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 5 പേർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് ഹോസ്റ്റലിന്റെ സുരക്ഷ ശക്തമാക്കി. വിദേശവിദ്യാർഥികളെ പുതിയ ബ്ലോക്കിലേക്കു മാറ്റുകയും സുരക്ഷയ്ക്ക് വിമുക്തഭടന്മാരെ ഏർപ്പെടുത്തുകയും ചെയ്തു. വിദ്യാർഥി ഉപദേശക സമിതിക്കും രൂപം നൽകിയിട്ടുണ്ട്. ഈ വിദ്യാർഥികളുടെ പ്രോഗ്രാം കോ ഓർഡിനേറ്ററെയും എൻആർഐ ഹോസ്റ്റലിന്റെ വാർഡനെയും നീക്കുമെന്ന് വൈസ് ചാൻസലർ നീരജ ഗുപ്ത പറഞ്ഞു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 10.50 ന് ആണു പുറത്തുനിന്നെത്തിയ സംഘം വിദ്യാർഥികളെ മർദിച്ചത്. ശ്രീലങ്കയിൽനിന്നും തജിക്കിസ്ഥാനിൽനിന്നുമുള്ള 2 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. 

ഹിതേഷ് മേവാഡ, ഭരത് പട്ടേൽ, ക്ഷിതിജ് പാണ്ഡേ, ജിതേന്ദ്ര പാട്ടീൽ, സഹിൽ ദുധാതിയ എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു. അന്വേഷണത്തിന് പൊലീസ് 9 സംഘങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ഇതിനിടെ, സർവകലാശാലയിലെ സംഘർഷത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി പൊതുതാൽപര്യഹർജി തള്ളി. ‘ഞങ്ങളെ പൊലീസ് ഇൻസ്‌പെക്ടർ ആക്കരുത്. ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരല്ല’–ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ പറഞ്ഞു.

English Summary:

Five persons arrested on Gujarat University Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com