ഒഡീഷ: നവീൻ മതി, നവീനത വേണ്ട; തുടർച്ചയായ ആറാം ജയത്തിന് നവീൻ പട്നായിക്

Mail This Article
ഭരണവിരുദ്ധത എന്നൊരു വാക്ക് ഒഡീഷക്കാർക്ക് അറിയില്ലേ ? തുടർച്ചയായി ആറാം ജയത്തിനു മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ബിജു ജനതാദൾ (ബിജെഡി) കച്ചമുറുക്കുമ്പോൾ സംശയം തോന്നാം. നവീന്റെ എതിരാളിയെക്കുറിച്ചല്ല, ഭാവി പിൻഗാമിയെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്ന് ഒഡീഷ ഐഎഎസ് കേഡറിലെത്തി അധികാരശ്രേണിയിൽ രണ്ടാമനായ വി.കെ.പാണ്ഡ്യൻ. ബിജെപിയുമായി 2009ൽ ഉപേക്ഷിച്ച സഖ്യം ബിജെഡി ഇക്കുറി പുനഃസ്ഥാപിക്കുമെന്നാണു സൂചന. എങ്കിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട കോൺഗ്രസാകും പ്രധാന എതിരാളി.
മികച്ച പാർട്ടി അടിത്തറ, ക്ഷേമ പരിപാടികൾ, സ്ത്രീകളുടെ പിന്തുണ– ഇവ മൂന്നുമാണ് ബിജെഡിയുടെ കരുത്ത്. ബിജെപി സഖ്യം ഇതുവരെ പ്രഖ്യാപിക്കാത്തത് ബിജെഡി പാളയത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സഖ്യം തിരിച്ചടിയാകുമോയെന്ന ആശങ്ക ബിജെപിയിലുമുണ്ട്. പുതിയൊരു പാർട്ടിയെ പിന്തുണയ്ക്കാൻ ജനം തീരുമാനിച്ചാൽ ആ ഇടം കോൺഗ്രസ് നേടുമെന്നതാണ് ആശങ്ക. മികച്ച സംസ്ഥാന നേതാവില്ലാത്തതു ബിജെപിയുടെ ബലഹീനതയാണ്. കോൺഗ്രസിലെ കാഴ്ച രസകരം. 2000 മുതൽ ഭരണത്തിനു പുറത്താണെങ്കിലും സീറ്റിനുള്ള ഇടിക്ക് ഒരു കുറവുമില്ല. 146 സീറ്റിലേക്ക് 3000 അപേക്ഷകർ. 2019ൽ 9 സീറ്റിലേക്കു ചുരുങ്ങിയതിനാൽ ഹൈക്കമാൻഡ് ഒഡീഷയെ അവഗണിച്ചുകളഞ്ഞെന്നു വിലയിരുത്തലുണ്ട്. വൈകിയെങ്കിലും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോൾ ശ്രമം.