ADVERTISEMENT

ജബ് തക് സൂരജ് ചാന്ദ് രഹേഗാ, ഇന്ദിരാ തേരാ നാം രഹേഗാ...

‘ഇതുപോലുള്ള ഉശിരൻ മുദ്രാവാക്യങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ഇടിച്ചുകയറിയിരുന്ന കാലമുണ്ടായിരുന്നു കോൺഗ്രസിന്’– ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസിന്റെ ഓഫിസിലിരുന്ന് ദിനേഷ് ത്രിവേദി പഴയകാലം ഓർത്തെടുത്തു. അതൊക്കെ ഒരു കാലം എന്ന ഭാവം മുഖത്തു കാണാം. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഇന്ദിരേ, നിങ്ങളുടെ പേര് നിലനിൽക്കും എന്ന മുദ്രാവാക്യം ഏറ്റവുമധികം കേട്ട മണ്ഡലങ്ങളിലൊന്നിലെ കോൺഗ്രസുകാരനാണ്. 1984 ൽ വെടിയേറ്റു വീണപ്പോൾ ഇന്ദിരയ്ക്കു വേണ്ടി മുഴങ്ങിയ മുദ്രാവാക്യം തൊണ്ടകീറി വിളിച്ചവരിലൊരാൾ.  

ഇന്ദിര 3 തവണയും അവരുടെ ഭർത്താവ് ഫിറോസ് ഗാന്ധി 2 തവണയും വിജയക്കൊടി നാട്ടിയ മണ്ഡലമാണിത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരയെ തോൽപിക്കുകയും പിന്നീടുള്ള പോരാട്ടത്തിൽ ജയിപ്പിക്കുകയും ചെയ്ത റായ്ബറേലി. അവിടേക്ക് ഇന്ദിരയുടെ മരുമകൾ 2004 ൽ സ്ഥാനാർഥിയായി എത്തിയപ്പോൾ ഇവിടത്തുകാർ വിളിച്ചു; ‘സോണിയ ഗാന്ധി നഹീ, യേ സോണിയ ആന്ധി ഹേ; ദൂസ്‌രി ഇന്ദിരാ ഗാന്ധി ഹേ’ (ഇത് സോണിയ ഗാന്ധിയല്ല, സോണിയ കൊടുങ്കാറ്റാണ്; ഇത് രണ്ടാം ഇന്ദിരയാണ്). 

പ്രിയങ്കയെ കാത്ത്

തുടർച്ചയായ വിജയങ്ങളിലൂടെ 20 വർഷം ഒപ്പംനിന്ന സോണിയ, അനാരോഗ്യം മൂലം ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ നിന്നു മാറുമ്പോൾ പ്രദേശവാസികളായ കോൺഗ്രസുകാർ പറയുന്നു; ‘ഈ മണ്ണിൽ ഇന്ദിരയുടെ പാരമ്പര്യം തുടരണം. ഇവിടെ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവണം’. സോണിയ തിരഞ്ഞെടുപ്പിനില്ലെന്ന് അറിയിച്ചതിനു പിന്നാലെ പ്രിയങ്കയെ സ്വാഗതം ചെയ്ത് മണ്ഡലത്തിൽ പോസ്റ്ററുകൾ ഉയർന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോസ്റ്ററുകളെല്ലാം നീക്കിയ അധികൃതർ പ്രിയങ്കയുടേതും മാറ്റിയതിൽ കോൺഗ്രസുകാർ നീരസത്തിലാണ്. ഗാന്ധി കുടുംബത്തെ ഞങ്ങളിൽ നിന്ന് പറിച്ചുമാറ്റാനാണു ശ്രമമെങ്കിൽ നടക്കില്ല; ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു. 

ജനങ്ങളുടെ സോണിയ

യുപിയിലുടനീളം ബിജെപി തരംഗം ആഞ്ഞുവീശിയ 2019ൽ സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ച ഏക മണ്ഡലമാണിത്. രാഹുൽ ഗാന്ധി അടക്കം തോറ്റപ്പോൾ, എങ്ങനെയാണ് റായ്ബറേലിയിൽ ജയിച്ചത്? ‘ഇവിടെ ഒരു തരംഗം മാത്രമേ ഏശൂ; ആ തരംഗത്തിന്റെ പേരാണു സോണിയ ഗാന്ധി’; കോൺഗ്രസ് റായ്ബറേലി ഡിസിസി പ്രസിഡന്റ് പങ്കജ് തിവാരിയുടെ വാക്കുകളിൽ ആവേശം നിറഞ്ഞു. ‘സോണിയ മത്സരിക്കുമ്പോൾ, ഞാനടക്കമുള്ള കോൺഗ്രസുകാർക്ക് കാര്യമായ ജോലിയില്ല. സോണിയയെ കോൺഗ്രസിൽ നിന്നു ജനങ്ങൾ ഏറ്റെടുക്കും. സ്വന്തം കുടുംബത്തിൽ നിന്നൊരാൾ മത്സരിക്കുന്നതു പോലെയാണത്. എല്ലാം വോട്ടർമാർ തന്നെ ചെയ്തോളും. അതിനൊപ്പം നിൽക്കേണ്ട ചുമതലയേ ഞങ്ങൾക്കുള്ളൂ. ഇന്ദിരയുടെ കാലത്തും അങ്ങനെ തന്നെയായിരുന്നു. ഉത്സവം പോലെയാണ്. ജനം ഏറ്റെടുത്ത് നടത്തും’. 

ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും മണ്ഡലം പരിപാലിച്ചതിന് എല്ലാ തിരഞ്ഞെടുപ്പുകളിലും 50 ശതമാനത്തിലധികം വോട്ട് നൽകിയുള്ള ആധികാരിക വിജയമാണ് റായ്ബറേലിക്കാർ സോണിയയ്ക്കു സമ്മാനിച്ചത്. ‘കോവിഡ് കാലത്ത് റായ്ബറേലിയിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും ജനങ്ങൾക്കു ചികിത്സയും മരുന്നും ഭക്ഷണവുമെത്തിക്കാൻ പ്രത്യേക ടീമിനെ സോണിയ സജ്ജമാക്കി’; ഇതു പറഞ്ഞ ശേഷം സോണിയയുടെ മറ്റൊരു വിജയരഹസ്യം കൂടി തിവാരി കൂട്ടിച്ചേർത്തു – ‘ഇവിടത്തെ ബിജെപിക്കാർക്കും സോണിയയെ ഇഷ്ടമാണ്. തദ്ദേശസ്ഥാപനങ്ങളിലെ രാഷ്ട്രീയത്തിലൊന്നും സോണിയ ഇടപെടില്ല. പ്രാദേശിക ബിജെപി നേതാക്കൾക്ക് അർഹമായ പരിഗണന നൽകും. ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങളിൽ സഹകരിക്കും. യുപിയിൽ പലയിടത്തും അതല്ല സ്ഥിതി. എംപിമാർ അടക്കിഭരിക്കുകയാണ് പതിവ്. അതുകൊണ്ടെന്താ, ഇവിടെ സോണിയ ജയിക്കണമെന്നാണു ബിജെപിക്കാരുടെയും ആഗ്രഹം’. 

റായ്ബറേലിയുടെ രാഷ്ട്രീയം

അയലത്തുള്ള അമേഠിയടക്കം റായ്ബറേലിയുടെ ചുറ്റുമുള്ള മണ്ഡലങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലാണ്. യുപിയിൽ കോൺഗ്രസിന്റെ അവസാന തുരുത്താണിത്. പ്രിയങ്കയോ രാഹുൽ ഗാന്ധിയോ മത്സരിച്ചില്ലെങ്കിൽ മണ്ഡലം നഷ്ടമാകുമെന്ന് പ്രാദേശിക നേതൃത്വം ആശങ്കയോടെ പറയുന്നു. ‘ഗാന്ധി കുടുംബത്തോട് ജനങ്ങൾക്കുള്ള സ്നേഹം മാത്രമാണ് കോൺഗ്രസിന്റെ ഇവിടത്തെ വോട്ട്ബാങ്ക്. അത് നിലനിർത്താൻ കുടുംബത്തിലുള്ളയാൾ തന്നെ സ്ഥാനാർഥിയാവണം’.

പ്രിയങ്കയോ രാഹുലോ മത്സരിച്ചു തോറ്റാലും സാരമില്ലെന്നാണു പാർട്ടി പ്രവർത്തകരുടെ നിലപാട്. ബിജെപിയെന്ന വൻശക്തിക്കെതിരെ പോരിനിറങ്ങാൻ ഇപ്പോൾ അവർക്കാവശ്യം മുന്നിൽ നിന്നു നയിക്കാനൊരു നേതാവിനെയാണ്. മറ്റേതെങ്കിലും സ്ഥാനാർഥിയെ കോൺഗ്രസ് രംഗത്തിറക്കിയാൽ പ്രവർത്തകരുടെ വീര്യം കെടും. ഗാന്ധി കുടുംബം യുപിയിൽ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ശക്തമാക്കും. റായ്ബറേലി എന്നെന്നേയ്ക്കുമായി പാർട്ടിക്കു നഷ്ടമാകാനും അതു വഴിയൊരുക്കാം. ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം യുപിയിലെ തകർച്ചയ്ക്കും കാരണമാകാം. 

കോൺഗ്രസിന്റെ അവസാന കോട്ടയും പിടിക്കാൻ സർവസന്നാഹങ്ങളുമൊരുക്കുകയാണു ബിജെപി. 60 കിലോമീറ്റർ അകലെയുള്ള അമേഠി വരെ അവർ എത്തിക്കഴിഞ്ഞു. അമേഠിയിൽ നിന്നു റായ്ബറേലിയിലേക്കുള്ള രാഷ്ട്രീയദൂരം എത്രയെന്ന് ഈ തിരഞ്ഞെടുപ്പ് അളന്നു തിട്ടപ്പെടുത്തും.

English Summary:

Raebareli Gandhi love analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com