ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായ കൂടുമാറ്റങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ഇന്നലെ ഏതാനും പ്രമുഖർ കോൺഗ്രസിൽ ചേർന്നു. ബിഎസ്പി ലോക്സഭാംഗം ഡാനിഷ് അലി, ജൻ അധികാർ പാർട്ടി (ജെഎപി) അധ്യക്ഷൻ പപ്പു യാദവ്, ജാർഖണ്ഡിലെ മുൻ ബിജെപി വിപ്പ് ജയ്പ്രകാശ് ഭായ് പട്ടേൽ എന്നിവരാണ് എഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസിൽ ചേർന്നത്. 

യുപി: ഡാനിഷ് അലി

ന്യൂഡൽഹി ∙ ജനതാദൾ (എസ്) നേതാവും ദേവഗൗഡയുടെ വിശ്വസ്തനും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന ഡാനിഷ് അലി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് ബിഎസ്പിയിലേക്ക് എത്തിയത്. ജെഡിഎസ് നേതൃത്വത്തിന്റെ സമ്മതത്തോടെയായിരുന്നു യുപി സ്വദേശിയായ ഡാനിഷ്, ബിഎസ്പി ടിക്കറ്റിൽ അംറോഹ മണ്ഡലത്തിൽ മത്സരിച്ചത്. ഏറെ നാളായി പാർട്ടിയുമായി അകന്നു നിന്നിരുന്ന ഡാനിഷ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അംറോഹ മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ഡാനിഷ് മത്സരിക്കുമെന്നാണ് സൂചന. 

ബിഹാർ: പപ്പു യാദവ്

പട്ന ∙ പപ്പു യാദവിന്റെ ജന അധികാർ പാർട്ടി (ജെഎപി) കോൺഗ്രസിൽ ലയിച്ചു. സീമാഞ്ചൽ മേഖലയിൽ ഇന്ത്യാസഖ്യത്തിനു കരുത്തേകും. പുർണിയ ലോക്സഭാ മണ്ഡലത്തിൽ പപ്പു യാദവ് കോൺഗ്രസ് സ്ഥാനാർഥിയാവും. ജെഎപി ബിഹാറിലെ മഹാസഖ്യത്തിൽ ചേരാൻ ഏറെക്കാലമായി ശ്രമിച്ചിരുന്നെങ്കിലും ആർജെഡി നേതൃത്വം എതിർത്തിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് ചേരിമാറിയതോടെയാണു പപ്പു യാദവിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്. ജനതാദൾ (യു) മുന്നണി വിട്ട ശേഷം ഇന്ത്യാസഖ്യം വിപുലീകരിക്കാനുള്ള ആർജെഡി നീക്കം ജന അധികാർ പാർട്ടിക്കു സഹായകമായി. ലാലു യാദവിനെ വസതിയിൽ സന്ദർശിച്ച് ആശീർവാദം വാങ്ങിയ ശേഷമാണു പപ്പു യാദവ് കോൺഗ്രസുമായുള്ള ലയനപ്രഖ്യാപന ചടങ്ങിലേക്കു പോയത്. 

ജാർഖണ്ഡ്: ജയ്പ്രകാശ് പട്ടേൽ

റാഞ്ചി ∙ ജാർഖണ്ഡിൽ ബിജെപി വിപ്പും 3 തവണ എംഎൽഎയുമായ ജയ്പ്രകാശ് പട്ടേൽ ആണ് കോൺഗ്രസിൽ ചേർന്നത്. മണ്ഡു മണ്ഡലത്തിലെ മുൻ എംഎൽഎയാണ് പട്ടേൽ. ഹസാരിബാഗ് മണ്ഡലത്തിൽ ജയ്പ്രകാശ് പട്ടേലിനെ മത്സരിപ്പിക്കും. കഴിഞ്ഞ 2 തവണയും മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹയാണ് ബിജെപി സ്ഥാനാർഥിയായി ഹസാരിബാഗിൽ ജയിച്ചത്. ഇത്തവണ മനീഷ് ജയ്​സ്വാൾ ആണ് ബിജെപിക്കു വേണ്ടി മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സീത കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. 

ജമ്മു: ചൗധരി ലാൽ സിങ്

ശ്രീനഗർ ∙ ജമ്മുവിലെ ദോഗ്ര സ്വാഭിമാൻ സംഘടൻ നേതാവ് ചൗധരി ലാൽ സിങ് കോൺഗ്രസിൽ ചേർന്നു. മുൻമന്ത്രി കൂടിയായ ഇദ്ദേഹം ഉധംപുർ സീറ്റിൽ മത്സരിച്ചേക്കും. ബിജെപിയുടെ കേന്ദ്രമന്ത്രി ജിതേന്ദർ സിങ് ആണ് കഴിഞ്ഞ 2 തവണ ഇവിടെ ജയിച്ചത്. കോൺഗ്രസ് നേതാവായിരുന്ന ചൗധരി ലാൽ 2014 ലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് കശ്മീരിലെ പിഡിപി– ബിജെപി സർക്കാരിൽ അംഗമായി. കഠ്​വയിൽ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ 2017 ൽ പുറത്താക്കി. തുടർന്നാണ് സ്വന്തം സംഘടനയുണ്ടാക്കിയത്. നേരത്തെ 2 തവണ ഉധംപുരിൽ നിന്ന് ലോക്സഭയിലേക്കു ജയിച്ചിട്ടുള്ള ചൗധരി ലാലിന്റെ മടങ്ങിവരവ് കോൺഗ്രസിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.

പാർട്ടിയിൽ തിരിച്ചെത്തി കോൺഗ്രസ് എംപി 

ഗുവാഹത്തി∙ അസമിൽ പാർട്ടി വിട്ട കോൺഗ്രസ് എംപി മടങ്ങിയെത്തി. അടുത്തിടെ രാജിവച്ച അബ്ദുൽ ഖാലിഖ് ആണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തിയശേഷം പാർട്ടിയിൽ തുടരാൻ തീരുമാനിച്ചത്. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടത്. അസമിൽ കഴിഞ്ഞതവണ 3 പേരാണ് വിജയിച്ചത്. അതിൽ ഖാലിഖ് ഒഴികെയുള്ള 2 പേരും ഇത്തവണ മത്സരിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യമെന്ന് രാജി പിൻവലിച്ചശേഷം അദ്ദേഹം പറഞ്ഞു.

English Summary:

Danish Ali, Pappu Yadav to Indian national Cogress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com