ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരും. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡ് കൊമീഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് പരിശോധനയ്ക്ക് പിഐബിക്കു ചുമതല നൽകി കേന്ദ്രം വിജ്ഞാപനമിറക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുണ്ട്. അശ്ലീലം, ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകളും 2021 ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

72 മണിക്കൂറിനകം ഉള്ളടക്കം നീക്കാതിരിക്കാനും ഇന്റർനെറ്റ് പ്ലാറ്റ്ഫോമിന് അവകാശമുണ്ട്. എന്നാൽ, പരാതിക്കാർ കോടതിയെ സമീപിച്ചാൽ പ്ലാറ്റ്ഫോമുക‌ൾക്കു ‘സേഫ് ഹാർബർ’ പരിരക്ഷ ലഭിക്കില്ല. ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോമും പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്നതാണ് സേഫ് ഹാർബർ പരിരക്ഷ. പ്ലാറ്റ്ഫോം കേസ് നടത്തേണ്ടി വരും. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

ആശങ്കകൾ പലത്

∙ വിവിധ സ്രോതസ്സുകളിൽനിന്നു മാധ്യമസ്ഥാപനത്തിനു ലഭിക്കുന്ന ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താം.

∙ മാധ്യമസ്ഥാപനത്തിന്റെ വാർത്ത സ്വന്തം പോർട്ടലിൽനിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാർത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമായി മാറും.

∙ സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളിൽ സർക്കാരിന്റെ തന്നെ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യവുമുണ്ട്.

∙ സ്വന്തം നിലയിൽ നിയമപോരാട്ടം നടത്തേണ്ടിവരുമെന്നതിനാൽ ‘വ്യാജ ഉള്ളടക്കം’ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു വരുന്ന പരാതികൾ ഭൂരിഭാഗവും സമൂഹമാധ്യമകമ്പനികൾ അപ്പാടേ അംഗീകരിച്ചേക്കും. 

English Summary:

Press Information Bureau to verify news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com