ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ രാത്രി 7.05ന് ഇ.ഡി സംഘമെത്തി. രാത്രി 9.11ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോയി. മുഖ്യമന്ത്രിയായി കേജ്‌രിവാൾ തുടരുമെന്നും ജയിലിൽനിന്നു ഭരിക്കുമെന്നും മന്ത്രി അതിഷി പ്രതികരിച്ചു.

അറസ്റ്റിൽനിന്നു സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു അറസ്റ്റ്. ഇ.ഡി സംഘം വീട്ടിലെത്തിയതിനു പിന്നാലെ ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും രാത്രി അടിയന്തര ഹിയറിങ് അനുവദിക്കാതെ ഹർജി ഇന്നത്തേക്കു മാറ്റി. ഇതിനിടെ, മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി ഒത്തുചേർന്ന എഎപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു.

ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞവർഷം ഫെബ്രുവരിയിലും എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഒക്ടോബറിലും ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു. രണ്ടു മാസത്തിനിടെ ഇ.ഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കേജ്‌രിവാൾ. ജനുവരി 31ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റിനു തൊട്ടുമുൻപായി രാജി വയ്ക്കുകയായിരുന്നു.

മദ്യനയക്കേസ് എന്ത്?

വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേജ്‌രിവാൾ സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് കേസ്.  2021 നവംബർ 17ന് ആണു നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. സംഭവം വിവാദമായപ്പോൾ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചു.

English Summary:

Enforcement Directorate arrests Delhi chief minister Arvind Kejriwal in liquor policy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com