ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കോൺഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രചാരണം നടത്താൻ പോലും പണമില്ലെന്നു കാട്ടി പാർട്ടി നേതൃത്വം ഒന്നടങ്കം രംഗത്തുവന്നു. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വരുംദിവസങ്ങളിൽ തെരുവിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. 

നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയതിന് തങ്ങളുടെ 210 കോടി രൂപ ആദായനികുതി വകുപ്പു പിടിച്ചെടുത്തതിനു പിന്നാലെ, 30 വർഷം മുൻപുള്ള റിട്ടേണുമായി ബന്ധപ്പെട്ടുള്ള നോട്ടിസും ലഭിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. 1990കളിൽ സീതാറാം കേസരി പാർട്ടി ട്രഷററായിരുന്ന കാലഘട്ടവുമായി ബന്ധപ്പെട്ടാണു നോട്ടിസ്.  

നടപടിക്കെതിരെ ഇന്നലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധിയും പങ്കെടുത്തു. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുന്ന സോണിയ, കേന്ദ്രത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ താനുണ്ടാവുമെന്നു വ്യക്തമാക്കിയാണ് രാഹുൽ ഗാന്ധിക്കും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്കുമൊപ്പം എത്തിയത്. അതേസമയം തോൽവി ഭയന്നിട്ടാണ് കോ‍ൺഗ്രസ് ആരോപണമുന്നയിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. 

അക്കൗണ്ടുകളിൽ നിന്ന് പണം പിടിച്ചെടുക്കുന്നു: സോണിയ ഗാന്ധി

കോൺഗ്രസിനെ സാമ്പത്തികമായി ഞെരുക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കരുതിക്കൂട്ടിയുള്ള നീക്കം നടക്കുന്നു. കോൺഗ്രസിനെ മാത്രമല്ല, രാജ്യത്തെ ജനാധിപത്യത്തെയാകെ തകർക്കാനാണു ശ്രമം. ജനങ്ങളിൽ നിന്നു പിരിച്ചെടുത്ത പണം പാർട്ടിയുടെ അക്കൗണ്ടുകളിൽ നിന്നു ബലമായി പിടിച്ചെടുക്കുകയാണ്. സുപ്രീം കോടതി തന്നെ ഇടപെട്ട ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് ബിജെപിക്കാണ് പ്രധാനമായും ഗുണം കിട്ടിയത്. മറുവശത്ത് പ്രതിപക്ഷത്തെ സാമ്പത്തികമായ തകർക്കുന്നു. മുൻപൊരിക്കലും ഇല്ലാത്ത നടപടിയാണിത്. 

ബിജെപി നികുതി അടച്ചിട്ടില്ല: ഖർഗെ

രാഷ്ട്രീയ പാർട്ടികൾ നികുതി അടയ്ക്കേണ്ടതില്ല. ബിജെപി ഒരിക്കൽപോലും അടച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരായ കോൺഗ്രസിന്റെ പരാതിയിൽ കോടതി നിയമാനുസൃതം ഉചിത തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ 70 വർഷത്തിനിടെ ബിജെപിയെ പോലെ മറ്റൊരു പാർട്ടിയും ഇത്രയുമധികം പണമുണ്ടാക്കിയിട്ടില്ല. ഇലക്ടറൽ ബോണ്ട് വഴി അവർ കോടികൾ നേടി. നിഷ്പക്ഷമായി തിരഞ്ഞെടുപ്പു നടത്താനുള്ള സാഹചര്യം രാജ്യത്തുണ്ടാവണം.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തുല്യ അവസരം രാഷ്ട്രീയപാർട്ടികൾക്കു വേണം. അതു നിഷേധിക്കാനാണ് ശ്രമിക്കുന്നത്. സ്വതന്ത്ര തിരഞ്ഞെടുപ്പിന് ഇതു ഭീഷണിയാണ്. ആറായിരം കോടിയിലേറെ ആണ് ബിജെപിയുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തും? രാഹുൽ

രാജ്യത്തെ 20 % ജനങ്ങൾ വോട്ട് ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ, നേതാക്കൾക്കു സഞ്ചരിക്കാൻ വിമാനടിക്കറ്റ് പോയിട്ട് ഒരു റെയിൽവേ ടിക്കറ്റെടുക്കാനുള്ള പണം പോലുമില്ല. വിദ്വേഷം നിറഞ്ഞ അസുരശക്തിക്കെതിരെയാണു ഞങ്ങളുടെ പോരാട്ടം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടാണു കോൺഗ്രസിനെതിരെ നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും നൽകാൻ ഞങ്ങളുടെ കയ്യിൽ പണമില്ല. പത്രങ്ങളിൽ പരസ്യം നൽകാൻ പണമില്ല. ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തും? ഇന്ത്യ ഇപ്പോഴുമൊരു ജനാധിപത്യ രാജ്യമാണെന്നു പറയുന്നത് കള്ളമാണ്. കോൺഗ്രസിന്റെ അക്കൗണ്ടുകളല്ല, രാജ്യത്തെ ജനാധിപത്യത്തെയാണു യഥാർഥത്തിൽ മരവിപ്പിച്ചത്. അക്കൗണ്ടുകൾ മരവിപ്പിച്ച് ഒരു മാസം പിന്നിട്ടിട്ടും കോടതിയോ തിരഞ്ഞെടുപ്പ് കമ്മിഷനോ മാധ്യമങ്ങളോ അതിനെതിരെ ശബ്ദിക്കുന്നില്ല. 

English Summary:

Leadership openly criticizes freezing of bank accounts of Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com